ബാബു സെബാസ്റ്റ്യൻ ശിഷ്യർക്കൊപ്പം
കോട്ടയം: ആറാംവയസ്സിൽ തബലയിൽ കൈപതിപ്പിച്ച്, 18ാം വയസ്സിൽ തബലവാദ്യത്തിൽ ഗുരുവായി, 63 വയസ്സ് പിന്നിടുമ്പോഴും ഒരുപിടി നേട്ടത്തിൽ കലാരംഗത്ത് സജീവമാണ് ബാബു സെബാസ്റ്റ്യൻ. കാണക്കാരിക്കാർക്ക് കാഞ്ഞിരത്തടത്തിൽ ബാബു സെബാസ്റ്റ്യൻ ‘ടെക് ബാബു’ആണ്. കാണക്കാരി സ്കൂളിന് സമീപം ബ്രില്യന്റ് തയ്യൽകട നടത്തുകയാണ് ബാബു. 52 വർഷമായി ടെക് ബാബു തബലവാദ്യത്തിൽ സ്ഥിരം മുഖമാണ്. ഉപജീവനത്തെക്കാൾ പ്രധാന്യം വർഷങ്ങളായി തുടർന്നുവരുന്ന തബലവായനക്കാണ്. തന്റെ സുഹൃത്തിന്റെ നിർദേശപ്രകാരമാണ് തബലയെ കൂടാതെ തയ്യൽമെഷീനെ ഉപജീവനമാർഗമാക്കി ബാബു ഒപ്പം കൂട്ടിയത്.
പിതാവ് കെ.പി. ദേവസ്യയാണ് ആദ്യ ഗുരുനാഥൻ. ഉപജീവനമാർഗമായ മേസ്തിരിപ്പണിക്കിടയിലും കലാമേഖലയിൽ സമയം കണ്ടെത്തിയ പിതാവിനെ മാതൃകയാക്കിയാണ് ഒന്നാംക്ലാസ് മുതൽ ബാബു തബലയിൽ താളംപിടിച്ചു തുടങ്ങിയത്. തുടർന്ന് വിവാഹ സൽകാര വേദികളിലും പള്ളി ക്വയർ സംഘത്തിലും നാടകം, ഗാനമേള, സിനിമ പിന്നണി ഗാനത്തിന് അകമ്പടിയായും ബാബുവിന്റെ തബല തുടിച്ചു. കാഥികൻ വി.ഡി. രാജപ്പന്റെ തബലിസ്റ്റ് ആയിരുന്ന കോട്ടയം നടേശൻ, സോളമൻ കോട്ടയം, ഈനേടം തമ്പി, സന്തോഷ് പാലാ എന്നിവരുടെ കീഴിൽ തബലവാദ്യത്തിൽ ശിക്ഷണം നേടി.
1965-71 കാലഘട്ടത്തിൽ പട്ടിത്താനം യു.പി സ്കൂളിലെ വിദ്യാർഥിയായിരുന്ന ബാബു പൂർവവിദ്യാർഥി സംഗമവേളയിൽ സ്കൂളിനും അധ്യാപകർക്കും സഹപാഠികൾക്കുമായി സമർപ്പിച്ച ‘ഓർമയിലെ ഉപ്പുമാവ്’എന്ന മിനി ആൽബം തന്റെ സർഗാത്മകതയുടെ ഉദാഹരണമാണ്. കൂടാതെ കഴിഞ്ഞ ഓണത്തിനും ക്രിസ്മസിനും യൂട്യൂബിൽ അപ്ലോഡ് ചെയ്ത വിഡിയോ ആൽബം നിരവധി പേരാണ് കണ്ടത്. ആൽബങ്ങളുടെ എല്ലാ മേഖലയിലും ടെക് ബാബുവിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
തന്റെ പത്താമത്തെ വയസ്സിലാണ് സ്വന്തമായൊരു തബല വേണമെന്ന ആഗ്രഹം പൂവിടുന്നത്. ’67 കാലഘട്ടത്തിൽ ഒരു സെറ്റ് തബലക്ക് 500 രൂപയായിരുന്നു. ഇതിനായി ബാബു പരിപാടികളിൽനിന്ന് കിട്ടുന്ന സമ്പാദ്യം സ്വരൂപിച്ചു വന്നിരുന്നു. ദുർഭാഗ്യവശാൽ, താൻ സ്വരുക്കൂട്ടിയ സമ്പാദ്യം ഒരു പരിപാടിക്കിടെ അത് മോഷണം പോവുകയും ചെയ്തു. മനസ്സ് തകർന്ന ബാബുവിന് ദൈവനിയോഗം പോലെ പുതിയൊരു തബല സെറ്റ് വാങ്ങുന്നതിനുള്ള പണം ഒരു മാലാഖയിൽനിന്നും ലഭിച്ചത് ബാബു ഇന്നും ഓർക്കുന്നു.
ഇപ്പോൾ ബാബുവിന് പക്കൽ മൂന്ന് സെറ്റ് തബലയും നാല് ശ്രുതി തബലയും സ്വന്തമായിട്ടുണ്ട്. 7000 മുതൽ 15000 രൂപ വരെയുള്ള തടിയിലും ചെമ്പിലും പിത്തളയിലും തീർത്ത തബലകൾ ബാബുവിന് ഇന്ന് സ്വന്തമാണ്. എട്ട് മാസങ്ങൾക്ക് മുമ്പുണ്ടായ സ്ട്രോക്കാണ് തന്റെ കലാജീവിതത്തിന് വില്ലനായത്. അതോടെ വേദികളിൽനിന്നും വിരമിച്ച് ബാബു തയ്യൽജോലി ഉപജീവനമാക്കി. പട്ടിത്താനം പള്ളിവികാരിയായിരുന്ന ജോബ് കുഴിവേലിയാണ് ബാബുവിന് ‘ടെക് ബാബു’എന്ന ചെല്ലപ്പേര് ചാർത്തിക്കൊടുത്തത്. അത് പിന്നീട് നാട്ടുകാരും ചൊല്ലിവിളിച്ചതോടെ ബാബു സെബാസ്റ്റ്യൻ കാണക്കാരിക്കാർക്ക് ‘ടെക് ബാബു’ആയി.
താൻ ഈവർഷം ചെയ്യുന്ന ആൽബങ്ങളിൽ ഏതെങ്കിലും ഒരെണ്ണം പ്രശസ്ത പിന്നണിഗായികയായ സിത്താര കൃഷ്ണകുമാറിനെക്കൊണ്ട് ആലപിപ്പിക്കണമെന്നാണ് ബാബുവിന്റെ ആഗ്രഹം. തബലയിലെ മൂന്നിടങ്ങളിലെ 11 സ്വരസ്ഥാനങ്ങൾ ബാബുവിന്റെ 52 വർഷത്തെ കലാജീവിതത്തിനൊപ്പമുണ്ട്. ഒപ്പം ഒരുപിടി ശിഷ്യഗണങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.