മു​ഹ​മ്മ​ദ് കു​ട്ടി ഖ​ബ​റി​ട​മൊ​രു​ക്കു​ന്ന​തി​നി​ട​യി​ൽ

ഈ മീസാൻ കല്ലുകൾക്കിടയിൽ മുഹമ്മദ് കുട്ടിയുടെ ജീവിതമുണ്ട്

പന്തീരാങ്കാവ് (കോഴിക്കോട്): പകലിന്റെ പൊള്ളുന്ന വെയിലിനുകീഴെ ചുമടെടുത്ത് ക്ഷീണിച്ച്, രാത്രി ഉറക്കം തുടങ്ങിയിട്ടേ ഉണ്ടാവൂ, അപ്പോഴാവും മുഹമ്മദ് കുട്ടിയെ തേടി ആളെത്തുന്നത്. പിന്നെ കൈക്കോട്ടും പിക്കാസുമെടുത്ത് ടോർച്ച് തെളിച്ച് പള്ളിക്കാട്ടിലേക്ക് നടക്കും. കോരിച്ചൊരിയുന്ന മഴയോ തണുപ്പോ ഭീതിപ്പെടുത്തുന്ന ഇരുട്ടോ ഒന്നും പ്രശ്നമല്ല.

ആറരപ്പതിറ്റാണ്ടായി, പെരുമണ്ണ പുത്തലത്ത് മുഹമ്മദ് കുട്ടി ഹാജി (78) മീസാൻ കല്ലുകൾക്കിടയിലെ ഈ ജീവിതം തുടങ്ങിയിട്ട്. മൂന്ന് കഷ്ണം തുണിയിൽ പൊതിഞ്ഞെത്തുന്ന നൂറുകണക്കിന് മനുഷ്യർക്കാണ് ഇദ്ദേഹം ഖബറിടമൊരുക്കിയത്.

14ാം വയസ്സിൽ പിതാവ് തിരുത്തിയാട് കൊടക്കാട്ട് പോക്കുട്ടിയുടെ സഹായിയായി തുടങ്ങിയതാണ്. പിന്നീട് കോഴിക്കോട് ഗുഡ്ഷെഡ് തൊഴിലാളിയായതോടെ പെരുമണ്ണയിലേക്ക് താമസം മാറ്റി. തിരുത്തിയാട് പള്ളിയിൽ പിതാവിനൊപ്പം ചെയ്ത ഖബറെടുക്കൽ പെരുമണ്ണ പനച്ചിങ്ങൽ ഖബർസ്ഥാനിലും തുടർന്നു. സമീപത്തെ പുതിയ പറമ്പത്ത് പള്ളിയിലും ഖബറൊരുക്കാൻ മുഹമ്മദ് കുട്ടിയെ വിളിക്കാറുണ്ട്.

ചുമട്ടുതൊഴിലാണ് ഉപജീവനമാർഗം. തലച്ചുമടുമെടുത്ത് കിലോമീറ്ററുകൾ താണ്ടി ലക്ഷ്യത്തിലെത്തിക്കുന്ന മുഹമ്മദ് കുട്ടി 78ാം വയസ്സിലും ആ ജോലി സന്തോഷപൂർവം ചെയ്യുന്നു. ചാലിയാറിലൂടെ ചരക്കുകടത്ത് സജീവമായിരുന്ന കാലത്ത് പെരുമണ്ണക്കും കക്കോവ്, വാഴയൂർ പ്രദേശങ്ങളിലേക്കുമെല്ലാം ചുമടുമായി പോയിരുന്നു. മൂന്നുരൂപ മാത്രം കൂലിയുള്ള കാലത്ത് മുഹമ്മദ് കുട്ടി ചുമട്ടുതൊഴിലാളിയാണ്.

ചുമട്ട് ജോലിക്കിടയിലാവും പലപ്പോഴും ഖബറൊരുക്കാൻ ആളുകൾ തേടിയെത്തുന്നത്. നേരത്തെ കുഴിയെടുത്ത് തയാറാക്കിവെച്ചാലും മരിച്ച ആളുടെ വലുപ്പത്തിനനുസരിച്ച് ചെറിയ മാറ്റം വേണ്ടിവന്നേക്കും. പ്രസവത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ മയ്യിത്തുകൾ രാത്രിയാണെങ്കിലും ഖബറെടുത്ത് മറമാടും.

മഹാമാരികാലത്തെക്കുറിച്ച് പിതാവ് പങ്കുവെച്ച അനുഭവങ്ങളുണ്ട് മുഹമ്മദ് കുട്ടിയുടെ ഓർമയിൽ. ഒരേ ദിവസം തന്നെ ഒരുപാട് ഖബറിടങ്ങളൊരുക്കേണ്ടി വന്നതിന്റെ നോവുകൾ. പക്ഷേ, അത്രയേറെ പേർ മരിച്ചില്ലെങ്കിലും കോവിഡ് കാലത്തെ ഖബറടക്കങ്ങൾ ആ കാലം ഓർമപ്പെടുത്തുന്നതായിരുന്നു.

ഉറ്റവർക്ക് പോലും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനാവാത്ത സമയത്ത് ആരോഗ്യ പ്രവർത്തകർക്കും ചുരുക്കം സന്നദ്ധ പ്രവർത്തകർക്കുമൊപ്പം മരിച്ചവരുടെ ഉറ്റവർക്കുവേണ്ടി അവസാനത്തെ മൂന്നുപിടി മണ്ണിടലും പൂർത്തിയാക്കി മടങ്ങേണ്ടിവന്ന അനുഭവങ്ങൾ ധാരാളമുണ്ട്.

ഖബറിടം ഒരുക്കുക മാത്രമല്ല, മയ്യിത്ത് കുളിപ്പിക്കുന്നത് ഉൾപ്പെടെ ചടങ്ങുകളിലും മുഹമ്മദ് കുട്ടിയുടെ സാന്നിധ്യമുണ്ടാവാറുണ്ട്. തന്റെ സംസ്കാര ചടങ്ങുകൾ ചെയ്യണമെന്ന് പലരും നേരത്തേതന്നെ ആവശ്യപ്പെടാറുമുണ്ട്. ഇതര മതസ്ഥർക്കും മുഹമ്മദ് കുട്ടി കുഴിയൊരുക്കിയിട്ടുണ്ട്.

മാസങ്ങൾക്കുമുമ്പ് കുടുംബനാഥന്റെ ഹൃദയാഘാതം മൂലമുള്ള മരണത്തോടെ അനാഥരായ കുടുംബത്തിനായി വീടൊരുക്കുന്നതിന് മുഹമ്മദ് കുട്ടി നിമിത്തമായി. പെരുമണ്ണയിലെ ഇ.എം കൂട്ടായ്മയുടെ നേതൃത്വത്തിൽ വീടിന്റെ പ്രവൃത്തി പൂർത്തിയാക്കാനായത് മുഹമ്മദ് കുട്ടിയുടെ കരുതലിന്റെ ഫലമായാണ്.

ഹജ്ജ് വലിയൊരു ആഗ്രഹമായിരുന്നു. ഭാര്യയോടൊപ്പം അത് നിർവഹിക്കാൻ കഴിഞ്ഞു. പലതവണ ഉംറയും നിർവഹിച്ചിട്ടുണ്ട്. ഗുഡ്ഷെഡിലെ ജോലി കഴിഞ്ഞെത്തിയാലും വിശ്രമമില്ലാതെ ചുമടെടുക്കും. രണ്ടാണും നാല് പെൺകുട്ടികളുമടങ്ങിയ ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സംതൃപ്ത ജീവിതം ഈ അധ്വാനത്തിന്റെ വിജയചരിത്രം കൂടിയാണ്.

Tags:    
News Summary - story of muhammed kutti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.