ഡോ. മുഹമ്മദ്
റഈസ്
ഫറോക്ക്: മ്യൂസിക് തെറപ്പിയെന്ന പാട്ടുചികിത്സ ഇന്ന് ലോകമെമ്പാടും പ്രയോഗത്തിലുള്ള രീതിയാണ്. എന്നാൽ, ഇവിടെ ഓപറേഷൻ തിയറ്ററിലെ പിരിമുറുക്കം പാട്ടുപാടി പമ്പ കടത്തുകയാണ് ഡോക്ടർ. ഫറോക്ക് താലൂക്കാശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ ഡോ. മുഹമ്മദ് റഈസ് പാലക്കലാണ് ശസ്ത്രക്രിയക്കിടെ പാട്ടുപാടി താരമായത്.
ശസ്ത്രക്രിയ എത്ര ചെറുതാണെങ്കിലും വിജയകരമായി പൂർത്തിയാകുംവരെ രോഗിയെപ്പോലെത്തന്നെ ഡോക്ടർമാരും മാനസിക പിരിമുറുക്കം അനുഭവിക്കാറുണ്ട്. മയക്കം നിയന്ത്രിക്കുന്ന അനസ്തറ്റിസ്റ്റിന്റെ കൈയിലാണ് ഒരുപരിധിവരെ ശസ്ത്രക്രിയ നേരത്ത് രോഗിയുണ്ടാവുക. ഫറോക്ക് ആശുപത്രിയിൽ അനസ്തറ്റിസ്റ്റ് തസ്തികയില്ല. ചെറുശസ്ത്രക്രിയകൾ ആയതിനാൽ ചെയ്യുന്ന ഡോക്ടർ തന്നെ ബന്ധപ്പെട്ട അവയവ ഭാഗത്ത് മാത്രം തരിപ്പിക്കുകയാണ് ചെയ്യുക.
കാൽമുട്ടിനുസമീപം ചെറിയ ശസ്ത്രക്രിയക്കിടെ 14കാരി അമിതമായി ഉത്കണ്ഠ പ്രകടിപ്പിച്ചപ്പോഴാണ് സ്നേഹത്തോടെ 'നീയൊരു പാട്ടുപാടിയേ' എന്ന് ഡോക്ടർ ആവശ്യപ്പെട്ടത്. അപ്പോഴവൾ എസ്.പി. ബാലസുബ്രഹ്മണ്യവും ജാനകിയും കർണ എന്ന സിനിമക്കായി പാടിയ മലരേ, മൗനമാ... എന്ന ഗാനം തുടങ്ങിയത്. അതോടെ അനുപല്ലവിയുമായി ഡോക്ടറും തുടർന്നപ്പോൾ പെൺകുട്ടിയുടെ പേടി തിയറ്ററിലെ കൗതുകമായി.
ഇതോടൊപ്പം ശസ്ത്രക്രിയ സുഗമമായി നടക്കുന്ന രംഗം ജീവനക്കാരാരോ വിഡിയോയെടുത്ത് സോഷ്യൽ മീഡിയയിലെത്തിച്ചതോടെ വൈറലായി. രണ്ടാഴ്ചയിലധികമായി മുഹമ്മദ് റഈസ് ഫറോക്ക് താലൂക്ക് ആശുപത്രിയിൽ എത്തിയിട്ട്. ദന്തഡോക്ടറായ മുബീനയാണ് ഭാര്യ. മക്കൾ: ഹൈസം, ഫരീൻ, ഹസ്വവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.