ശാന്തയുടെ വീട്ടിൽ രാഹുൽ ഗാന്ധി എത്തിയപ്പോൾ. എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ സമീപം
കല്ലുവാതുക്കൽ: അപ്രതീക്ഷിതമായി വീട്ടിലെത്തിയ അതിഥിയെ കണ്ട് കല്ലുവാതുക്കൽ പാറ പുറമ്പോക്ക് കോളനി നിവാസികളായ ശാന്തയും ലിസിയും ഞെട്ടി. ഇരുവർക്കും ഒരുനിമിഷം തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. പാറ ജങ്ഷനിലെ പുറമ്പോക്കിലെ മഹി വിലാസമെന്ന കൊച്ചുവീടിന്റെ മുന്നിൽ തേങ്ങയും സവാളയും മറ്റ് ചില്ലറ സാധനങ്ങളുമായി വിൽപനക്ക് ഇരിക്കുമ്പോഴാണ് ഭാരത് ജോഡോ യാത്രയുമായി പോകുകയായിരുന്ന രാഹുൽ ഗാന്ധി വീട്ടിലേക്ക് കയറിവന്നത്.
ഒരു നിമിഷം സ്തംഭിച്ചുനിന്നപ്പോൾ 'ജീവിതമൊക്കെ എങ്ങനെയുണ്ട് സുഖമാണോ' എന്ന ഇംഗ്ലീഷിലുള്ള ചോദ്യം വന്നു. എന്താണ് ചോദിച്ചതെന്നറിയാതെ പകച്ചുനിന്നപ്പോൾ ഒപ്പമുണ്ടായിരുന്ന കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ പരിഭാഷപ്പെടുത്തി. കൊച്ചുകടയിൽനിന്ന് എന്തുവരുമാനമുണ്ടെന്നും വീട്ടിൽ ആരൊക്കെയുണ്ടെന്നും ചോദിച്ചറിഞ്ഞു.
50 വർഷമായി പുറമ്പോക്കിൽ താമസിക്കുന്ന തങ്ങൾക്ക് വസ്തുവിന്റെ ഉടമസ്ഥാവകാശം കിട്ടിയിട്ടില്ലെന്ന് 67കാരിയായ ശാന്ത പരാതിപ്പെട്ടു. രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പാവപ്പെട്ടവരുടെ കുടിലിൽ കയറാൻ അദ്ദേഹത്തിന് തോന്നിയല്ലോ എന്നുമാണ് ശാന്തക്ക് പറയാനുണ്ടായിരുന്നത്. ഇതാദ്യമായാണ് ഒരാൾ വിശേഷമന്വേഷിച്ച് കുടിലിലേക്ക് വരുന്നതെന്നും ദൈവം അദ്ദേഹത്തിന് ദീർഘായുസ് നൽകട്ടെയെന്നും അവർ പറഞ്ഞു.
ശാന്തയുടെ വീടിനടുത്തുള്ള ലിസിയുടെ കൊച്ചുവീടിന്റെ അടുക്കളയിലൂടെ രാഹുൽ ഗാന്ധി അകത്തുകയറിയെങ്കിലും ലിസിക്ക് അദ്ദേഹവുമായി സംസാരിക്കാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നവരുടെ തിരക്കായിരുന്നു കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.