പി. അബ്ദുൽ നാസർ
ദോഹ: കായികാഭ്യാസങ്ങളുടെ വേറിട്ട തലങ്ങളിൽ പയറ്റിത്തെളിഞ്ഞവർ പി. അബ്ദുൽ നാസറിനെപ്പോലെ അധികം പേരുണ്ടാവില്ല. ഇന്ന് ഖത്തർ ദേശീയ കായികദിനം ആഘോഷിക്കുമ്പോൾ പതിറ്റാണ്ടായി അതിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നാസറും മികവിന്റെ പല വഴികളിലൂടെ കുതിക്കുകയാണ്. പ്രശസ്തമായ രാജ്യാന്തര മാരത്തണുകളിലെ പങ്കാളിത്തവും എവറസ്റ്റ് കൊടുമുടി കീഴടക്കിയത് ഉൾപ്പെടെയുള്ള നേട്ടങ്ങളും അബ്ദുൽനാസറിന്റെ അർപ്പണ ബോധത്തിന്റെ തെളിവാണ്. ഒപ്പം ട്രയാത്ലണില് മികച്ച പ്രകടനം കാഴ്ചവെച്ച് അയണ്‍മാനായുമൊക്കെ ഈ പട്ടാമ്പിക്കാരൻ പേരെടുത്തു.
ഏപ്രിലിൽ ലണ്ടൻ മാരത്തണിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ‘അയൺമാൻ’എന്ന് പേരെടുത്ത അബ്ദുൽനാസർ. അതിനുള്ള പരിശീലനത്തിന്റെ ഭാഗം കൂടിയായതിനാൽ ഉരീദു മാരത്തണിൽ ഇക്കുറി പങ്കെടുത്തിരുന്നു. ഖത്തറിന് പുറത്ത് രാജ്യാന്തരതലത്തിൽ പ്രശസ്തമായ ഇരുപത്തഞ്ചോളം മാരത്തണുകളിൽ ചുരുങ്ങിയ കാലംകൊണ്ടുതന്നെ പങ്കെടുത്തിട്ടുണ്ട്.
ബെർലിൻ, ബോസ്റ്റൺ മാരത്തണുകളിലൊക്കെ ഈയിടെ പങ്കെടുത്തിരുന്നു. ടോക്യോ, ബോസ്റ്റൺ, ലണ്ടൻ, ബെർലിൻ, ഷികാഗോ, ന്യൂയോർക്ക് സിറ്റി എന്നിങ്ങനെ ലോകത്തെ ആറ് പ്രധാന മാരത്തണുകൾ ഉൾപ്പെടുത്തിയുള്ള വേൾഡ് സിക്സ് മാരത്തൺ മേജേഴ്സിൽ രണ്ടെണ്ണം ചെയ്തുകഴിഞ്ഞു. അതിന്റെ ഭാഗമായാണ് ലണ്ടൻ മാരത്തണിൽ പങ്കെടുക്കുന്നതെന്നും അബ്ദുൽ നാസർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഈ വർഷം ന്യൂയോർക്, ഷികാഗോ മാരത്തണുകളിലും പങ്കെടുക്കണം. അടുത്ത വർഷം ടോക്യോ മാരത്തണിലും പങ്കെടുത്ത് ദൗത്യം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. യോഗ്യത മറികടന്ന് ഇവിടങ്ങളിൽ മത്സരിക്കാനുള്ള അവസരമൊരുങ്ങുന്നത്. മാരത്തണിനെ മുൻനിർത്തിയുള്ള പരിശീലനങ്ങളാണിപ്പോൾ. ‘വീക്ക്ലി മൈലേജ്’അടിസ്ഥാനത്തിൽ ട്രെയിനിങ്ങിന്റെ ഭാഗമായി ആഴ്ചയിൽ ആറുദിവസങ്ങളിലായി 90-100 കിലോമീറ്ററുകൾ ഓടുമെന്ന് അബ്ദുൽ നാസർ പറഞ്ഞു.
ഈ മാസം 24ന് അരങ്ങേറുന്ന അൽസമാൻ എക്സ്ചേഞ്ച് റിയാമണി ഖത്തർ റണ്ണിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് അബ്ദുൽ നാസർ. ‘‘കഴിഞ്ഞ തവണ ഞാൻ ഖത്തർ റണ്ണിന്റെ ഭാഗമായിരുന്നു. വളരെ നല്ല ഇവന്റാണ്. ആളുകൾക്കെല്ലാം അവസരം തുറന്നുനൽകുന്ന ഖത്തർ റൺ ആവേശകരമാണ്. പ്രത്യേകിച്ച് കുടുംബത്തിന് ഒന്നായി മത്സരിക്കാനുള്ള അവസരംകൂടി അത് പ്രദാനം ചെയ്യുന്നുണ്ട്. ചെറിയ ദൂരമായതുകൊണ്ട് അത് ഒരു ലക്ഷ്യമായെടുത്ത് ട്രെയിനിങ് ചെയ്ത് പങ്കെടുക്കാനാവും. അതുകൊണ്ടുതന്നെ ഇക്കുറി ഞാൻ നേരത്തേതന്നെ ഖത്തർ റണ്ണിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്’’-അദ്ദേഹം പറയുന്നു.
ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകണമെന്നാണ് അനുഭവങ്ങൾ മുൻനിർത്തി അബ്ദുൽ നാസർ ചൂണ്ടിക്കാട്ടുന്നത്. പാശ്ചാത്യരുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഷ്യക്കാരുടെ ദിനചര്യയുടെ ഭാഗമായി വ്യായാമവും കായിക പരിശീലനവും ഇതുവരെ മാറിയിട്ടില്ല. നാഷനൽ സ്പോർട്സ് ഡേക്കും വെള്ളി, ശനി ദിവസങ്ങളിലും പലതും ചെയ്യുന്നു എന്നതിനപ്പുറത്തേക്ക് പ്രതിദിനചര്യയായി ആ ശീലം വളർന്നിട്ടില്ല. കുട്ടികളും രക്ഷിതാക്കളും ഒക്കെ ഉൾപ്പെട്ടിട്ടുള്ള ലൈഫ്സ്റ്റൈൽ ആയി അത് മാറിയാൽ ഒരുപാട് മാറ്റമുണ്ടാകും. ഖത്തര്‍ എനര്‍ജിയിലെ ഫിനാന്‍സ് മേധാവിയായ അബ്ദുല്‍ നാസറിന്റെ സ്വദേശം പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത് നെടുങ്ങോട്ടൂരാണ്. കായികമേഖലയിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പകർത്തിയ പുസ്തകങ്ങളും ‘അയൺമാൻ’രചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.