ഡോ. ​എം. കൃ​ഷ്ണ​ൻ

ഉൾക്കാഴ്ചയുടെ കരുത്തിൽ പിഎച്ച്.ഡി; അറിവിന്‍റെ പടവുകൾ കയറി കൃഷ്ണൻ മാഷ്

കൽപറ്റ: കൃഷ്ണൻ മാഷിന് അറിവിന്‍റെ പടവുകൾ കയറാൻ ഒരിക്കൽപോലും കാഴ്ചപരിമിതി വെല്ലുവിളിയായിരുന്നില്ല. ഉൾക്കാഴ്ചയുടെ കരുത്തിൽ നേടിയെടുത്ത അറിവുമായി അദ്ദേഹം യാത്ര തുടരുകയാണ്. വർഷങ്ങളായി വിദ്യാർഥികൾക്ക് അറിവ് പകരുമ്പോഴും കാഴ്ചപരിമിതി നേടുന്നവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുകൊണ്ടിരുന്നു. മീനങ്ങാടി മൂതിമല വീട്ടിൽ മാധവന്‍റെയും മീനിയുടെയും മകനായ എം. കൃഷ്ണൻ എന്ന വയനാട്ടുകാരുടെ സ്വന്തം കൃഷ്ണൻ മാഷ് ഇനി ഡോ. എം. കൃഷ്ണൻ ആണ്. പിഎച്ച്.ഡി നേട്ടത്തിലൂടെ തന്‍റെ ജീവിതയാത്രയിൽ മറ്റൊരു പടവുകൂടി കയറിയ അദ്ദേഹം സമൂഹത്തിന് പ്രചോദനമായി മാറുകയാണ്.

കൽപറ്റ എൻ.എം.എസ്.എം ഗവ. കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി. പ്രഫസറായ എം. കൃഷ്ണൻ, കേരളത്തിലെ കാഴ്ച പരിമിതരുടെ ശാക്തീകരണത്തിൽ സന്നദ്ധസംഘടനകളുടെ പങ്ക് എന്ന വിഷയത്തിൽ മൈസൂരു സർവകലാശാലയിലെ പൊളിറ്റിക്കൽസ് സയൻസ് ഡിപ്പാർട്ട്മെന്‍റിൽനിന്നാണ് ഡോക്ടറേറ്റ് നേടിയത്. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് എന്ന സംഘടനയിൽ ഊന്നിയായിരുന്നു പഠനം. ഡോ. കൃഷ്ണ ഹൊംബലിന് കീഴിലായിരുന്നു ഗവേഷണം. സ്വന്തം ജീവിതാനുഭവങ്ങളും 1995 മുതൽ കാഴ്ച പരിമിതരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചതിലൂടെ നേടിയ അറിവുകളും കൈമുതലാക്കിയാണ് ആറുവർഷം നീണ്ട പഠനത്തിനൊടുവിൽ അദ്ദേഹം തന്‍റെ ഗവേഷണം പൂർത്തിയാക്കിയത്.

പിഎച്ച്.ഡി നേടാനായതിൽ സന്തോഷമുണ്ടെന്നും കാഴ്ച പരിമിതരുടെ ശാക്തീകരണത്തിന് ഇതൊരു മുതൽക്കൂട്ടായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായശേഷമാണ് കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസറായി നിയമനം ലഭിക്കുന്നത്.

കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്‍റെ ജില്ല പ്രസിഡന്റുകൂടിയാണ്. അദ്ദേഹത്തിന്‍റെ നേട്ടത്തിൽ ഭാര്യ ഉഷയും മക്കളായ അതുൽ, അദ്വൈത് എന്നിവരും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരും വിദ്യാർഥികളും ഒരുപോലെ അഭിമാനിക്കുകയാണ്.

Tags:    
News Summary - Ph.D in Power of Insight; Krishnan Master

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT