ഒ.സി.സി.ഐ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച

അബ്ദുൽ ലത്തീഫ് ആഹ്ലാദം പങ്കിടുന്നു

പുതു ചരിതം രചിച്ച് അബ്ദുൽ ലത്തീഫ്

മസ്കത്ത്​: ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ) ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ പുതു ചരിതം രചിച്ച്​ ബദർസമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്‍റെ മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ്​. ഒ.സി.സി.ഐ ബോർഡിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്ന പ്രഥമ പ്രവാസി നിക്ഷേപകനാണ്​ ഇദ്ദേഹം.

കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ 107 വോട്ട്​ നേടി വൻ ഭൂരിപക്ഷത്തോടെയാണ്​ വിദേശ പ്രതിനിധിയായി തെരഞ്ഞെടുത്തിട്ടുള്ളത്​. ഒമ്പത് വിദേശികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ അബ്ദുല്‍ ലത്തീഫ് ഉള്‍പ്പെടെ മൂന്ന് പേര്‍ മലയാളികളായിരുന്നു. അഹമ്മദ് സുബ്ഹാനി 58, മുഹമ്മദ് അഹമ്മദ് ശർഖവി 19, വി.എം. എ ഹക്കിം 16, രാജു ഏബ്രഹാം 12, അഹമ്മദ് മുഹമ്മദ് റിദ മുഹമ്മദ് അലി 11, യുജിന സിങ്​ കത്യാർ 2, അമീർ തൗഖീർ മദാർ -01, അഹമ്മദ് ഇബ്രാഹിം ഖലൂസി -പൗജ്യം എന്നിങ്ങനെയാണ്​ മറ്റ്​ സ്ഥാനാർഥികൾക്ക്​ ലഭിച്ച​ വോട്ടുകൾ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഒമാ​ന്‍റെ എല്ല മേഖലകളിലും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്​ അബ്​ദുൽ ലത്തീഫ്​. 20 വർഷമായി ഒമാനിൽ പ്രവർത്തിക്കുകയും രാജ്യത്തെ എറ്റവും വലിയ ആരോഗ്യ ശൃംഖലയായി മാറുകയും ചെയ്ത ബദർസമ ആശുപത്രിയെ നയിക്കുന്നതിന് പിന്നിലെ നിർണായക ശക്തി കൂടിയാണ് ഇദ്ദേഹം. ഒമാന് പുറമെ ഇന്ത്യ, ബഹ്റൈൻ, കുവൈത്ത്, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലും അബ്ദുല്ലത്തീഫിന് ആരോഗ്യ സംരക്ഷണ സഥാപനങ്ങളുണ്ട്. ഒമാനിൽ ആരോഗ്യ മേഖലക്ക് പുറമെ, ട്രാവൽ, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, കെട്ടിട നിർമാണം, ഹോസ്പിറ്റാലിറ്റി എന്നിവയിലും സ്വന്തമായി സംരംഭങ്ങളുണ്ട്. ഒമാനിലും നാട്ടിലും നിരവധി ജീവകാരുണ്യ മേഖലയിലും വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട്.

ഒ.സി.സി.ഐ ബോര്‍ഡിലേക്ക് തെര​ഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞത്​ അഭിമാനവും സ​ന്തോഷം നൽകുന്ന കാര്യമാണെന്ന്​ അബ്​ദുൽ ലത്തീഫ്​ പറഞ്ഞു. ഒമാന്‍റെ വികസനത്തിന്​ കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കും. പ്രിയ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിയാകുന്നതിന് പുറമെ, പ്രവാസി വ്യവസായ സമൂഹത്തെ ക്രിയാത്മക രീതിയില്‍ പിന്തുണക്കുകയെന്ന ഉത്തരവാദിത്വവും അവസരവുമാണ് വിജയത്തിലൂടെ കൈവന്നിരിക്കുന്നത്. ഈ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുമെന്നും വിഷന്‍ 2040ന്റെ ഭാഗമായി പ്രവാസി വ്യവസായ സമൂഹത്തെ മാറ്റാനുള്ള പ്രവര്‍ത്തനം നടത്തുമെന്നും അബ്ദുല്‍ ലത്തീഫ് പറഞ്ഞു.

Tags:    
News Summary - OOCI Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.