നിമൽ രാഘവൻ (ഫോ​ട്ടോ: സനു കുമ്മിൾ)

ഗജ ചുഴലിക്കാറ്റിനെ നേരിട്ട നിമൽ രാഘവന്‍റെ കഥ

സൂനാമിക്കു ശേഷം തമിഴ്നാടിന്‍റെ തീരമേഖല കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു 2018ലെ ഗജ ചുഴലിക്കാറ്റ്​. ആ കാറ്റിൽ പാടെ തകർന്നു പോയ മേഖലയുടെ കാർഷിക വ്യവസ്​ഥ​യെ തിരിച്ചു പിടിക്കാൻ നിമൽ രാഘവൻ എന്ന ചെറുപ്പക്കാരൻ നടത്തിയ സാഹസിക ഉദ്യമങ്ങളുടെ കഥയാണിത്​...

സദാ പ്രക്ഷുബ്​ധമായ ബംഗാൾ ഉൾക്കടലിൽനിന്ന് സംഹാരരൂപമാർജിച്ച ഒരു കൊടുങ്കാറ്റാണ് നിമൽ രാഘവ​െൻറ ജീവിതം മാറ്റിമറിച്ചത്. ദുബൈയിലെ പഞ്ചനക്ഷത്ര ജീവിതത്തിൽനിന്ന് തമിഴ്നാട്ടിലെ കാവേരി തടത്തിലെ പേരാവുരണി എന്ന കുഗ്രാമത്തിലേക്ക് അയാളെ പറിച്ചുനട്ടതും അതേ കാറ്റുതന്നെ. ആ കാറ്റിൽ വേരറ്റുപോയ പതിനായിരക്കണക്കിന് മനുഷ്യരെക്കുറിച്ചുള്ള ആകുലതയായിരുന്നു അയാളെ നയിച്ചത്. മണ്ണിലിറങ്ങി പണിയെടുക്കുന്ന അവരുടെ വരുമാന മാർഗംതിരിച്ചുപിടിക്കണം. കൃഷിചെയ്യാൻ െവള്ളം വേണം. അതെങ്ങ​െന സാധ്യമാക്കും. അതാണ് കഥ. നിമൽ രാഘവ​െൻറയും അയാൾ സൃഷ്​ടിച്ച പരിസ്ഥിതി സംവിധാനത്തിെൻറയും കഥ.

മലയിലെ മഴ, വയലിലെ വെള്ളം

തമിഴകത്തിെൻറ ഹൃദയഭൂമിയായ തഞ്ചാവൂരിെൻറ തീരമേഖലയിലാണ് പേരാവുരണി. പെരിയ ഉൗരണി അഥവാ വലിയ കുളം എന്ന പേര് ലോപിച്ചാണ് പേരാവുരണി ഉണ്ടായത്. കുറഞ്ഞത് ആയിരം വർഷം പഴക്കമുള്ള ചോളകാലത്തെ കുളവും അതിെൻറ കൈവഴികളുമാണ്ഇവിട​െത്ത കാർഷികമേഖലയുടെ ഹൃദയധമനികൾ. അങ്ങകലെ പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരിക്കുന്നിലെ തലക്കാവേരിയിൽനിന്ന് ഉരുവംകൊണ്ട് തമിഴകത്തിെൻറയും കർണാടകയുടെയും പലനാടുകളിലൂടെ ഒഴുകിവരുന്ന കാവേരിയാണ് പേരാവുരണികുളത്തെയും നിറയ്ക്കുന്നത്. മഴയധികം പെയ്യാത്ത വരണ്ട കാലാവസ്ഥയുള്ള ഇൗപ്രദേശത്തെ കാർഷിക സമൃദ്ധമാക്കുന്നതുതന്നെ കാവേരിയാണ്. പശ്ചിമഘട്ട മേഖലയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കൊടുമ്പിരികൊള്ളുന്ന ജൂൺ-ജൂലൈ മാസങ്ങളിൽ തഞ്ചാവൂരിലും തിരുച്ചിറപ്പള്ളിയിലും കരൂരിലും അരിയല്ലൂരിലും വെയിൽ തിളക്കുകയായിരിക്കും.

നാമിവിടെ കേരളത്തിൽ തുള്ളിക്കൊരു കുടം മഴയും കണ്ട് വീട്ടിൽ കട്ടൻ ചായയും കുടിച്ചിരിക്കുേമ്പാൾ തഞ്ചാവൂരിലെ കർഷകൻ ഒരു തുള്ളിക്കുവേണ്ടി വലയും. അടുത്ത വർഷം നാം കഴിക്കേണ്ട നെല്ലും കറിക്കരക്കേണ്ട നാളികേരവും വെള്ളത്തിനായി കേഴും. അധികം വൈകിയാൽ എല്ലാം കരിഞ്ഞുണങ്ങും. പക്ഷേ, അവിടെ പ്രകൃതി അതിെൻറ മായാജാലം കാട്ടും. മൺസൂണിൽ നിറഞ്ഞുതുളുമ്പുന്ന പശ്ചിമഘട്ടത്തിലെ കാവേരി 800 കിലോമീറ്ററുകൾക്കപ്പുറം തഞ്ചാവൂരിെൻറ ചെമ്മൺനിലങ്ങളിൽ അത്ഭുതം സൃഷ്​ടിക്കും. ജൂൺ-ജൂലൈ മാസങ്ങളിൽ കാവേരിയിലെ വലിയ അണയായ സേലത്തെ മേട്ടൂർ ഡാം തുറന്നുവിടുന്നതോടെ കാവേരി തടം പുളകംകൊള്ളും. കുളങ്ങൾ നിറയും. വയലുകൾ ഹരിതാഭമാകും. പിന്നെയുള്ള ആറുമാസം ജലസമൃദ്ധമായിരിക്കും. ഒക്ടോബർ-ഡിസംബർ കാലത്തെ വടക്കു കിഴക്കൻ മൺസൂൺ പിണങ്ങിയാലും കാവേരി തടം അടുത്ത ആറുമാസംകൂടി പിടിച്ചുനിൽക്കും. അതായിരുന്നു പഴയ കഥ.

നികന്ന കുളം, താഴ്ന്ന ജലവിതാനം

കാവേരിയിൽ ഒഴുകിവരുന്ന വെള്ളം അതിവേഗം ബംഗാൾ ഉൾക്കടലിലേക്ക്​ ഒഴുകിപ്പോയി പാഴാകാതിരിക്കാനാണ് ചോള സാമ്രാജ്യ കാലത്ത് മേഖലയിലെങ്ങും വമ്പൻ കുളങ്ങൾ കുഴിച്ചത്. പക്ഷേ, കാലാന്തരത്തിൽ ഇൗ കുളങ്ങൾ നാമാവശേഷമായി. മണ്ണും മാലിന്യവും പ്ലാസ്​റ്റിക്കും നിറഞ്ഞ് ഉപയോഗശൂന്യമായി. തഞ്ചാവൂരിലെയും പരിസരത്തെയും ഭൂഗർഭ ജലവിതാനം അപകടകരമാംവിധം താഴ്ന്നു. പലയിടത്തും കൃഷി ദുഷ്​ക്കരമാകാൻ തുടങ്ങി. പേരാവുരണിയിലെ വലിയ കുളവും നികന്നുപോയി. ഇൗ പേരാവുരണിയിലെ ഒരു കാർഷിക കുടുംബത്തിലാണ് നിമൽ ജനിച്ചത്.

പേരാവുരണിയിലെ വീണ്ടെടുത്ത പെരിയ കുളം

നെല്ലും നാളികേരവുമാണ് പേരാവുരണിയിലെ പ്രധാന കൃഷി. കാർഷിക കുടുംബമെങ്കിലും ആധുനിക സാേങ്കതിക വിദ്യയാണ് നിമൽ പഠിച്ചത്. ആ മേഖലയിൽ ജോലി സമ്പാദിച്ച് ആദ്യം ബംഗളൂരുവിലേക്കും പിന്നീട് ദുബൈയിലേക്കും പോയി. ദുബൈയിൽ വൻകിട സ്ഥാപനത്തിൽ ജോലി ചെയ്യവെയാണ് 2018 അവസാനം അവധിക്കായി നാട്ടിലെത്തിയത്. ഒരുമാസത്തെ അവധി കഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങാനിരിക്കവെ സർവതും കീഴ്മേൽ മറിക്കുന്നൊരു കാലാവസ്ഥ മുന്നറിയിപ്പുണ്ടായി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഒരു ചുഴലിക്കാറ്റ് ദിവസങ്ങൾക്കുള്ളിൽ തമിഴ്നാടിെൻറ കിഴക്കൻതീരത്തേക്ക് ആഞ്ഞടിക്കും.

വരുന്നു, ഗജ

'ഗജ'എന്നു പേരിട്ടുവിളിച്ച ഇൗ ചുഴലിക്കാറ്റ് 2018 നവംബർ അഞ്ചിനാണ്​ തായ്​ലൻഡ് ഉൾക്കടലിൽ ന്യൂനമർദമായി രൂപപ്പെട്ടത്. തെക്കൻ തായ്​ലൻഡും മലായ്ഉപദ്വീപും അതിവേഗം കടന്ന് അന്തമാൻ കടലിലേക്ക് ചുഴലിക്കാറ്റ് പ്രവേശിച്ചു. കാലാവസ്ഥ മുന്നറിയിപ്പും മുൻകരുതൽ നിർദേശവും വന്നെങ്കിലും നിമലിെൻറഗ്രാമവാസികൾ അതത്ര കാര്യമായി എടുത്തില്ല. ഒക്ടോബർ-ഡിസംബർ കാലത്ത് ഇത്തരം ചെറിയ ചുഴലിക്കാറ്റുകൾ മേഖലയിൽ പതിവാണ്. പക്ഷേ, അത്ര നിസ്സാരമായി മുന്നറിയിപ്പ് തള്ളിക്കളയാൻ നിമലിന് തോന്നിയില്ല. എന്തോ ദുരന്തചിന്തകൾ മനസ്സിൽ തികട്ടിവന്നു. ദുബൈയിലേക്ക് മടങ്ങേണ്ട ദിവസങ്ങളായിരുന്നു അത്. യാത്ര മാറ്റിവെച്ചു. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി സമൂഹ മാധ്യമങ്ങൾ വഴി കൂട്ടായ്മ ഉണ്ടാക്കി. തങ്ങളാൽ കഴിയുംവിധം സംവിധാനങ്ങൾ ഒരുക്കി. അധികം കഴിയുംമുമ്പ് നവംബർ 16 ന് പേരാവുരണിക്ക് തൊട്ടുവടക്ക്, നാഗപട്ടണം മേഖലയിലേക്ക് അതിതീവ്ര ചുഴലിക്കാറ്റായി ഗജ കരതൊട്ടു.

180 കിലോമീറ്റർ വേഗത്തിൽ കൊടുങ്കാറ്റ് വീശിയടിച്ചു. അതിഭീകരമായിരുന്നു നാശനഷ്​ടങ്ങൾ. 2004ലെ സുനാമിക്ക​ു ശേഷം തമിഴ്നാടിെൻറ തീരമേഖല കണ്ട ഏറ്റവും വലിയപ്രകൃതിദുരന്തമായി മാറാൻ ഏതാനും മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. പേരാവുരണിക്കുപുറമെ, സമീപപ്രദേശങ്ങളായ പട്ടുകോൈട്ട, അതിരാംപട്ടണം, മല്ലിപട്ടണം, മുത്തുപേട്ട്, വേദാരണ്യം തുടങ്ങിയിടങ്ങളിൽ വൻനാശനഷ്​ടമുണ്ടായി. ഒരുലക്ഷം വൈദ്യുതി പോസ്​റ്റുകളാണ് നിലംപതിച്ചത്. ആയിരം ട്രാൻസ്ഫോമറുകളും നശിച്ചു. മേഖലയിലെ വൈദ്യുതി വിതരണം സാധാരണ നിലയിലാകാൻ മാസങ്ങളെടുത്തു. 18,000 ഹെക്ടർ ഭൂമിയിലെ തെങ്ങുകൾ കടപുഴകി. 56,000 ഹെക്ടറിലെ കൃഷി നശിച്ചു. ആയിരക്കണക്കിന് പശുക്കളും മറ്റു ജന്തുജാലങ്ങളും മണ്ണടിഞ്ഞു. 45 മനുഷ്യർക്കും ജീവഹാനിയുണ്ടായി. ദുരന്തത്തിെൻറ വ്യാപ്തിയിൽ തമിഴ്നാട്​ വിറങ്ങലിച്ചുനിൽക്കവെ, നൂറുകണക്കിന് സന്നദ്ധസംഘങ്ങൾ രംഗത്തിറങ്ങി. നേര​േത്ത തയാറെടുത്തിരുന്ന നിമലിെൻറ സംഘവും അതിനൊപ്പമുണ്ടായിരുന്നു.

ജീവിതം പ്രധാനം; കൃഷിയും

ആദ്യഘട്ട ദുരിതാശ്വാസപ്രവർത്തനം കഴിഞ്ഞപ്പോൾ പ്രദേശവാസികളുടെ ജീവിതം എങ്ങനെ തിരിച്ചുപിടിക്കുമെന്നായി നിമലിെൻറ ചിന്ത. നെല്ലായിരുന്നു പ്രധാന കൃഷിയെങ്കിലും കഴിഞ്ഞ പതിറ്റാണ്ടുകളിൽ താരതമ്യേന അധ്വാനം കുറഞ്ഞ നാളികേരകൃഷിയിലേക്ക് ആളുകൾ തിരിഞ്ഞിരിക്കുകയാണ്. നല്ല വിള നൽകിയിരുന്ന തെങ്ങെല്ലാം ചുഴലിക്കാറ്റിൽ നശിച്ചുപോയിരിക്കുന്നു. പുതുതായി തെങ്ങുവെച്ചാൽ കുറഞ്ഞത് നാലഞ്ചു വർഷം വേണം ആദായം ലഭിക്കാൻ. അപ്പോൾ പെ​െട്ടന്ന് വരുമാനം കിട്ടുന്ന എന്തെങ്കിലും കൃഷി ചെയ്യണം. കരിമ്പും നെല്ലും പോലെ വൈകാതെ വരുമാനം കിട്ടുന്ന വിളകൾ പരീക്ഷിക്കാനൊരുങ്ങുേമ്പാഴാണ് ഭൂഗർഭ ജലത്തിെൻറ ദൗർലഭ്യത ശ്രദ്ധയിൽ വരുന്നത്. മേട്ടൂർ അണക്കെട്ട് തുറക്കുേമ്പാഴുള്ള കാവേരി ജലം മുഴുവൻ കുളങ്ങൾ നികന്നതിനാൽ നേരെ ഒഴുകി കടലിൽ പോകുകയാണ്. കുളങ്ങളിൽ വെള്ളം െകട്ടിനിന്നാൽ മാത്രമേ ഭൂഗർഭ ജലവിതാനം ഉയരുകയുള്ളൂ. കുളങ്ങൾ വീണ്ടെടുക്കുകയെന്ന ഉദ്യമം തുടങ്ങുന്നത് അങ്ങനെയാണ്. പേരാവുരണി പെരിയ കുളംതന്നെ അതിനായി ആദ്യം തെരഞ്ഞെടുത്തു. 567 ഏക്കറിൽ നീണ്ടുനിവർന്നുകിടക്കുകയാണ് പെരിയകുളം. നിമലും കൂട്ടുകാരും കൂടി കുളം വൃത്തിയാക്കാനിറങ്ങി. നൂറുദിവസംകൊണ്ട് കുളം വീണ്ടെടുത്തു.

കുളത്തിൽ നിന്ന് കോരിയ മണൽ കൊണ്ട്കുളത്തിന് നടുവിൽ മൂന്നുവലിയ ദ്വീപുകൾ സൃഷ്​ടിച്ചു. അവിടെ വലിയ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ചു. മണൽമാഫിയക്കു വേണ്ടിയാണ് പ്രവർത്തനമെന്ന ആക്ഷേപത്തെ മറികടക്കാനാണ് കുളത്തിൽനിന്ന് കോരിയ മണൽകൊണ്ട് അതിനുള്ളിൽതന്നെ ദ്വീപുണ്ടാക്കിയത്. കുളം നവീകരണ പ്രവർത്തനങ്ങളിൽ അപൂർവ മാതൃകയായിരുന്നു അത്. ഏതാനും മാസങ്ങൾകൊണ്ട് കുളത്തിന് സമീപത്തെ വയലുകൾ ജലസമൃദ്ധമായി. സമീപഗ്രാമങ്ങളിലേക്ക് വെള്ളം കൊണ്ടുപോകാൻ ചെറുകനാലുകളും വെട്ടി. ജൂൺ-ജൂലൈ മാസങ്ങളിൽ മേട്ടൂരിൽ ഡാം തുറന്നുകഴിഞ്ഞാൽ രണ്ടു മൂന്നുമാസം കൊണ്ട് പെരിയകുളം നിറയും. അടുത്ത വേനൽ കനക്കുന്നതിനു തൊട്ടുമുമ്പുവരെ അത്യാവശ്യം വെള്ളം ബാക്കിയുണ്ടാകുകയും ചെയ്യും. കുളം നിറഞ്ഞുകൊണ്ടിരിക്കുന്ന ഇൗ സെപ്റ്റംബറിൽ കുളത്തിൽ പകുതിയിലേറെ വെള്ളമുണ്ട്. 6,000 ഏക്കർകൃഷിഭൂമിയിലേക്കുള്ള വെള്ളം ഇൗ ഒരൊറ്റ കുളത്തിൽ നിന്നാണ് ഇന്ന് ലഭിക്കുന്നത്. 300-400 അടി താഴ്ച്ചയിലായിരുന്ന ഭൂഗർഭ ജലവിതാനം 40 അടിയിലേക്ക് ഉയർന്നു.

കൈഫയുടെ പിറവി

പിന്നാലെ, സുസ്ഥിര കാർഷിക സംസ്കാരം വളർത്തുന്നതിനായി കടൈമടൈ ഏരിയ ഇൻറഗ്രേറ്റഡ് ഫാർമേഴ്സ് അസോസിയേഷൻ (കൈഫ) എന്ന സന്നദ്ധ സംഘടന സ്ഥാപിച്ചു. കാർഷിക രംഗത്തിെൻറ പുനരുജ്ജീവനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവുംഹരിതവത്കരണവും ദൗത്യമായി ഏറ്റെടുത്തു. ഇതിനകം തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി 6.50 ലക്ഷം വൃക്ഷങ്ങൾ കൈഫ ടീം വെച്ചുപിടിപ്പിച്ചുകഴിഞ്ഞു. നിമലിെൻറ പ്രവർത്തനങ്ങൾ തമിഴ്നാട്ടിൽ വലിയ വാർത്തയായതോടെ വിദൂര മേഖലകളിൽനിന്ന് കുളം വീണ്ടെടുക്കാനുള്ള അഭ്യർഥനകൾ വന്നുകൊണ്ടിരിക്കുകയാണ്.തഞ്ചാവൂരിനു പുറമേ, തിരുവാരൂർ, നാഗപട്ടണം, പുതുക്കോെെട്ട, ശിവഗംഗ ജില്ലകളിൽ കൈഫയുടെ ടീം സജീവ സാന്നിധ്യമാണ്. ഇൗ ജില്ലകളിലായി മൂന്നുവർഷത്തിനകം 90ലേറെ കുളങ്ങൾ ഇൗ നിലയിൽ വീണ്ടെടുത്തു കഴിഞ്ഞു. 93ാമത്തെ കുളത്തിെൻറ പ്രവൃത്തികളാണ് ഇപ്പോൾ ശിവഗംഗയിൽ നടക്കുന്നത്.

ക്രൗഡ് ഫണ്ടിങ്​ വഴിയാണ് ത​െൻറ പ്രവർത്തനങ്ങൾക്കുള്ള മൂലധനം നിമൽ കണ്ടെത്തുന്നത്. ചെറിയ കുട്ടികൾ തങ്ങളുടെ കുടുക്കകൾ പൊട്ടിച്ച് ആ പണവുമായി കാണാൻ വരാറുണ്ട്. നവദമ്പതികൾ വൃക്ഷത്തൈകളുമായി എത്തി നിമലിെൻറദൗത്യത്തിൽ പങ്കാളികളാകുന്നു. ഒാരോയിടത്തെയും പ്രവർത്തനങ്ങൾക്ക്​ തദ്ദേശീയമായിത്തന്നെ സംവിധാനങ്ങൾ ഒരുക്കും. വിവിധ സർക്കാർ ഏജൻസികളുടെ ഉദാരമായ സഹായവും ഇപ്പോൾ ലഭിക്കുന്നു. കൈഫയുടെ പ്രവർത്തനങ്ങൾക്ക് ബലംപകരാനായി പ്രമുഖ പാലുൽപന്ന സ്ഥാപനം 47 ലക്ഷം രൂപ വിലവരുന്ന മണ്ണുമാന്തി യന്ത്രം അടുത്തിടെ വാങ്ങിനൽകി. അതിെൻറ ഡ്രൈവർക്കുള്ള പണവും അവർ നൽകും. ഇത്തരത്തിൽ പൊതുസമൂഹത്തിൽ നിന്നുള്ള അകമഴിഞ്ഞ സഹകരണവുമായി ത​െൻറ നൂറാംപദ്ധതിയിലേക്ക് ചുവടുവെക്കുകയാണ് നിമൽ രാഘവൻ.

Tags:    
News Summary - Nimal Raghavan to reclaim the agricultural system of the destroyed by Gaja Cyclone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.