അഭിജിത് സന്തോഷ്
മുണ്ടക്കയം: രാജസ്ഥാനിൽ നടന്ന സ്പെഷൽ ഒളിമ്പിക്സ് യൂനിഫൈഡ് ദേശീയ ഹാൻഡ്ബാൾ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും വെള്ളി മെഡലും കരസ്ഥമാക്കി കേരള ടീമിലെ മുണ്ടക്കയം ഏന്തയാർ സ്വദേശിയായ അഭിജിത്ത് സന്തോഷ് നാടിന് അഭിമാനമായി.
ഭിന്നശേഷിക്കാരായ കായികതാരങ്ങൾ കളിക്കുന്ന സ്പെഷൽ ഒളിമ്പിക്സ് മത്സരത്തിൽ ഭിന്നശേഷിയില്ലാത്ത കായിക താരങ്ങളുടെ പിന്തുണ ഉണ്ടാകും. ഇത്തരത്തിൽ കേരള ടീമിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ആളാണ് അഭിജിത്ത്. ഭിന്നശേഷിയുള്ള കായിക താരങ്ങളെ പിന്തുണച്ച് ഒളിമ്പിക്സ് മത്സരത്തിൽ കളിച്ചതിന്റെ വിശേഷങ്ങൾ പറയുമ്പോൾ അഭിജിത്തിന് ഏറെ സന്തോഷമാണ്.
ഏന്തയാർ ലക്ഷ്മി നിവാസിൽ സന്തോഷ്-ഇന്ദു ദമ്പതികളുടെ മകനാണ് 18കാരനായ അഭിജിത്ത്. മണർകാട് സെന്റ് മേരീസ് കോളജിലെ ബി.കോം ഒന്നാം വർഷ വിദ്യാർഥിയാണ്. ജെ.ജെ. മർഫി മെമ്മോറിയൽ സ്കൂളിലെ പഠനത്തോടൊപ്പം തുടങ്ങിയതാണ് ഹാൻഡ്ബാൾ കളിയിലെ കമ്പം. സ്കൂൾതലത്തിൽ സംസ്ഥാന ദേശീയ മത്സരങ്ങളിലും പങ്കെടുത്തു വിജയം നേടിയിട്ടുണ്ട്. കുറഞ്ഞ കാലംകൊണ്ട് ഇത്രയധികം നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചത് സന്തോഷം നൽകുന്നുവെന്ന് അഭിജിത്തിന്റെ പിതാവ് സന്തോഷ് പറഞ്ഞു.
ഫുട്ബാൾ കളിയിൽ ആയിരുന്നു കമ്പമെങ്കിലും പിന്നീട് ഹാൻഡ് ബാൾ ഇനത്തിലേക്ക് തിരിയുകയായിരുന്നു. ദേശീയ മത്സരത്തിൽ കളിക്കുക എന്നതാണ് അഭിജിത്തിന്റെ ലക്ഷ്യം. കേരളത്തിനായി വെന്നിക്കൊടി പാറിച്ച അഭിജിത്തിന് അഭിനന്ദന പ്രവാഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.