ദിലീപ് ഹെയിൽബോൺ വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു
ദുബൈ: ‘ദി മലബാറി ഹൂ ലവ്ഡ് ഹിസ് ഫെറാറി’ എന്ന ഓർമക്കുറിപ്പുകളുടെ ഇംഗ്ലീഷ് സമാഹാരം വായന പ്രേമികൾക്കിടയിൽ ശ്രദ്ധനേടുന്നു. പ്രവാസി സംരംഭകൻ മലപ്പുറം എടപ്പാൾ സ്വദേശിയായ ദിലീപ് ഹെയിൽബോണാണ് പുസ്തകത്തിന്റെ രചയിതാവ്. ജുമൈറ മർഗുഡീസ് ബുക്ക്ഷോപ്പിൽ നടന്ന പരിപാടിയിൽ വായനക്കാരുമായി അദ്ദേഹം സംവദിച്ചു.
ഈ പുസ്തകം ആകാശത്തോളം ഉയർന്നുനിൽക്കുന്ന കെട്ടിടങ്ങളെക്കുറിച്ചോ ആഡംബര കാറുകളെക്കുറിച്ചോ ഉള്ള വീമ്പുപറച്ചിലല്ലെന്നും ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളുടെയും ആഴത്തിലുള്ള തിരിച്ചറിവുകളുടെയും ഹൃദയസ്പർശിയായൊരു കഥയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഒരു കർഷകന്റെ മകനായ ദിലീപ് 1991ൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമയുമായി ദുബൈയിലെത്തിയത് ഏറെ നേടണമെന്നുള്ള അടങ്ങാത്ത ആഗ്രഹങ്ങളുമായാണ്. കേരളത്തിലെ ഗ്രാമീണ ജീവിതത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ, തിരക്കേറിയ ഈ മരുഭൂനഗരം അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ ഒരു വലിയ ലോകമായി മാറി.
എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചുകൊണ്ട്, വെറുമൊരു ഡ്രാഫ്റ്റ്സ്മാൻ എന്ന നിലയിൽനിന്ന് അതിവേഗം ഒരു സംരംഭകനായി വളർന്നു. ദുബൈയുടെ വാസ്തുവിദ്യാരംഗത്ത് തനതായ ഒരിടം നേടിയ ഹെയിൽബോൺ എന്ന കമ്പനിക്ക് അദ്ദേഹം രൂപംനൽകി. താൻ നടന്നുകയറിയ വഴികളെ കുറിച്ചെല്ലാം പുസ്തകത്തിൽ അദ്ദേഹം പരമാർശിക്കുന്നുണ്ട്. ബിസിനസ് രംഗത്തെ വളർച്ച, കാറുകളോടുള്ള ഇഷ്ടം തുടങ്ങിയ കാര്യങ്ങളെല്ലാം വളരെ രസകരമായാണ് ദിലീപ് 290 പേജുള്ള പുസ്തകത്തിൽ എഴുതിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.