കൊച്ചി: കോൺഗ്രസ് യുവനേതാവും മുൻ എം.എൽ.എയുമായ കെ.എസ്. ശബരീനാഥൻ അഭിഭാഷകനായി എൻറോൾ ചെയ്തു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി എം.ഡിയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ ഭാര്യ ദിവ്യ എസ്. അയ്യരും മറ്റു കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ബാർ കൗൺസിൽ ചെയർമാൻ ടി.എസ്. അജിത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു.
രാഷ്ട്രീയ പ്രവർത്തനത്തിൽ നിയമ പരിജ്ഞാനം ആവശ്യമാണെന്ന് തോന്നിയതിനാലാണ് എൽ.എൽ.ബിക്ക് ചേർന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൻജിനീയറിങിനും എം.ബി.എക്കും പഠിക്കുമ്പോൾ നിയമ പുസ്തകങ്ങൾ വായിച്ചിരുന്നു. തിരക്കുകൾ മൂലം പിതാവ് ജി. കാർത്തികേയന് നിയമപഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
ഈ വിജയം അദ്ദേഹത്തിനുള്ളതു കൂടിയാണ്. തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകരും സുഹൃത്തുക്കളും നിയമ പഠനത്തിന് ഏറെ പ്രോത്സാഹനം നൽകി. രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരടക്കമുള്ള നേതാക്കൾ അഭിനന്ദനം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
കേരള ഹൈകോടതി ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങിൽ 1758 പേരാണ് അഭിഭാഷകരായി എൻറോൾ ചെയ്തത്. ജസ്റ്റിസുമാരായ എൻ. നഗരേഷ്, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് വി.ജി. അരുൺ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ, ജസ്റ്റിസ് ടി.ആർ. രവി, ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി. പ്രതീപ് കുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് ഷാ, അഡ്വ. പി. സന്തോഷ് കുമാർ, അഡ്വ. കെ.ആർ. രാജ്കുമാർ എന്നിവർ പ്രസംഗിച്ചു.
ജീവിതത്തിലെ ഒരു സുപ്രധാന ദിനമായിരുന്നു ഇന്ന്. കേരള ഹൈകോടതിയിൽ സംഘടിപ്പിച്ച പ്രൗഡ്ഢമായ ചടങ്ങിൽ അഡ്വക്കേറ്റായി എൻറോൾ ചെയ്യപ്പെട്ടു.
ഒരു പൊതുപ്രവർത്തകന് നിയമപരിജ്ഞാനമുണ്ടെങ്കിൽ കൂടുതൽ മികവോടെ പ്രവർത്തിക്കാൻ കഴിയും എന്ന ബോധ്യത്തിലാണ് 2022ൽ കേരള ലോ അക്കാഡമിയിൽ മൂന്നു വർഷ എൽ എൽ ബി കോഴ്സ് പഠനത്തിന് ചേർന്നത്.ആദ്യമൊക്കെ തിരക്കിനടയിൽ പഠനം പൂർത്തിയാക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു,അതിനാൽ അടുത്ത സുഹൃത്തുക്കളോട് മാത്രമാണ് ഈ കാര്യം പങ്കുവെച്ചത്. പഠിച്ചു വന്നപ്പോൾ തുടർന്ന് അത് ഒരു വാശിയായി. അങ്ങനെ എല്ലാവരുടെയും പിന്തുണയോടെ പരീക്ഷകളിൽ വിജയം നേടി.
വർഷങ്ങൾക്കു മുൻപ് എൻട്രൻസ് പരീക്ഷ എഴുതി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ചേരുമ്പോഴും പിന്നീട് CAT എഴുതി ഡൽഹിയിൽ MBA പഠിക്കുമ്പോഴും പിന്നീട് ജോലി ചെയ്യുമ്പോഴുമൊക്കെ നിയമം പഠിക്കാൻ സാധിക്കാത്തിൽ എനിക്കുള്ളിൽ ഒരു ചെറിയ നീറ്റൽ ഉണ്ടായിരുന്നു . അച്ഛനും രാഷ്ട്രീയ തിരക്കുകൾ കാരണം 1978-80 കാലഘട്ടത്തിൽ അവസാന വർഷത്തിലെ ചില പരീക്ഷകൾ എഴുതാൻ കഴിയാത്തതുകൊണ്ട് LLB പൂർത്തിയാക്കത്തിൽ വിഷമമുണ്ടായിരുന്നു എന്ന് ശ്രീ രമേശ് ചെന്നിത്തലയും ശ്രീ MM ഹസ്സനും എന്നോട് പറഞ്ഞട്ടുണ്ട്. ഇന്ന് എൻറോൾ ചെയ്തതോടെ വ്യക്‌തിപരമായി സന്തോഷിക്കാൻ ഈ കാരണങ്ങളുണ്ട്.
ഈ ഉദ്യമത്തിൽ സഹായിച്ച വീട്ടുകാർക്കും സഹപാഠികൾക്കും കോളേജ് അധികൃതർക്കും കൂടെ നിന്ന സഹപ്രവർത്തകർക്കും നന്ദി. ഇനി മുന്നോട്ടുള്ള ജീവിതത്തിൽ നിയമപഠനത്തിന്റെ കരുത്തുമായി കൂടുതൽ പ്രവർത്തനങ്ങൾ ജനങ്ങൾക്കായി ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.