ഖാ​ലി​ദ്

കി​ളി​മു​ണ്ട

‘‘സണ്ടെ-മുണ്ടെ കിളിമുണ്ടെ, നിന്നെ പിന്നെ കണ്ടോളാം...’’ ഇരുപത്തിനാലാം വയസ്സിൽ കന്നിയങ്കത്തിനിറങ്ങിയ ഓർമയിൽ ഖാലിദ് കിളിമുണ്ട

കുന്ദമംഗലം: തന്റെ 24ാം വയസ്സിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ ഓർമ പുതുക്കുകയാണ് മുതിർന്ന മുസ്‌ലിം ലീഗ് നേതാവ് ഖാലിദ് കിളിമുണ്ട. 16 വർഷം തുടർച്ചയായി പഞ്ചായത്ത് ഭരണം നടത്തിയ സി.പി.എം സഹയാത്രികൻ പി.കെ. ബാലകൃഷ്ണൻ മാസ്റ്റർ പ്രസിഡന്റായ ഭരണസമിതിയുടെ കാലാവധി അവസാനിച്ച തെരഞ്ഞെടുപ്പിലാണ് അവിചാരിതമായി 24കാരനായ ഖാലിദ് കിളിമുണ്ട സ്ഥാനാർഥിയാകുന്നത്.

ചുമരെഴുത്ത്, പോസ്റ്റർ പതിക്കൽ, പ്രകടനം എല്ലാം ഉണ്ടായിരുന്ന അക്കാലത്ത് സൈക്കിളിൽ കെട്ടിയ കോളാമ്പി മൈക്ക് ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം മായാതെ ഖാലിദിന്റെ മനസ്സിലുണ്ട്. ‘‘സണ്ടെ-മുണ്ടെ കിളിമുണ്ടെ, നിന്നെ പിന്നെ കണ്ടോളാം, പോളിങ് ബൂത്തിൽ കണ്ടോളാം’’ എന്നായിരുന്നു ഖാലിദിനെതിരെ അന്നത്തെ എതിർ പാർട്ടിക്കാരുടെ മുദ്രാവാക്യം. കന്നിയങ്കത്തിൽ തന്നെ 300 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. മൂന്നു വർഷം പിന്നിട്ടപ്പോൾ പ്രസിഡന്റ് പദവിയിലുമെത്തി.

ആദ്യ തെരഞ്ഞെടുപ്പിൽ സ്വന്തം ഗുരുനാഥൻ ഉൾപ്പെടെ നാട്ടിലെ പ്രഗല്ഭരായ ഏഴു പേർക്കെതിരെയായിരുന്നു മത്സരം. എതിർസ്ഥാനാർഥികളിൽ ഒരാളുടെ വീട്ടിൽ ഏഴു പേർക്ക് വോട്ടുണ്ടായിരുന്നെങ്കിലും ആ സ്ഥാനാർഥിക്ക് ലഭിച്ചത് ആകെ ആറ് വോട്ടായിരുന്നുവെന്ന് ഖാലിദ് കിളിമുണ്ട ഓർമിച്ചെടുത്തു. വിവിധ വാർഡുകളിലായി ആറു പ്രാവശ്യം തുടർച്ചയായി മത്സരിച്ചപ്പോഴും 300 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. മൂന്നുതവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തിയ പഞ്ചായത്തെന്ന ബഹുമതിയും ലഭിച്ചു.

പൊതുജന സഹകരണത്തോടെ അഴിമതിരഹിത പഞ്ചായത്തായി പ്രഖ്യാപിച്ചതും അക്കാലത്തായിരുന്നു. വിവാഹമോചനം, വഴിത്തർക്കം, സ്വത്തുതർക്കം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അദാലത്തുകൾ അന്ന് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയത് പൊതുജനങ്ങൾക്ക് ഏറെ ആശ്വാസമായി. തുടർച്ചയായി 25 വർഷത്തിലധികം തദ്ദേശ ഭരണസമിതി അംഗമായി പ്രവർത്തിച്ചതിന് 2009ൽ കേന്ദ്രസർക്കാർ ബഹുമതിപത്രം നൽകി ആദരിച്ചു. നിലവിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും ചൂലൂർ സി.എച്ച് സെന്റർ വൈസ് പ്രസിഡന്റുമാണ്.

Tags:    
News Summary - Khalid Kilimunda remembers his maiden ordination at the age of four.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.