മനാമ: മലയാളിയായ പ്രശസ്ത ക്രിക്കറ്റ് താരം കെ. ഭാസ്കർ പിള്ളയെ മുഖ്യപരിശീലകനായി ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ നിയമിച്ചു. 1983-89 കാലയളവിൽ രഞ്ജി ട്രോഫിയിലെ മിന്നുംതാരമായിരുന്ന കൃഷ്ണൻ ഭാസ്കർ പിള്ള തിരുവനന്തപുരം സ്വദേശിയാണ്. 95 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 18 സെഞ്ച്വറികളടക്കം 5442 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.
രഞ്ജി, വിൽസ് ട്രോഫി മത്സരങ്ങളിൽ ഡൽഹി ക്യാപ്റ്റനായിരുന്നു. ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ലെങ്കിലും 1985ൽ ഇന്ത്യയുടെ ശ്രീലങ്ക ടൂറിൽ അദ്ദേഹം സ്റ്റാൻഡ്ബൈയായിരുന്നു. ബോംബെക്കെതിരെ നടന്ന മത്സരത്തിൽ റെസ്റ്റ് ഓഫ് ഇന്ത്യ ടീം അംഗമായിരുന്ന അദ്ദേഹം സെഞ്ച്വറി നേടി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ടാലന്റ് റിസർച് ഡെവലപ്മെന്റ് ഓഫിസറായും പ്രവർത്തിച്ചു.
ഋഷഭ് പന്ത്, അജിൻക്യ രഹാനെ, ചേതേശ്വർ പുജാര, കെ.എൽ. രാഹുൽ, ഇഷാന്ത് ശർമ, ആശിഷ് നെഹ്റ, സൂര്യകുമാർ യാദവ് തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഡൽഹി രഞ്ജി ട്രോഫി ടീം, ഉത്തരാഖണ്ഡ്, ഗോവ, ത്രിപുര ക്രിക്കറ്റ് അസോസിയേഷനുകൾ എന്നിവയുൾപ്പെടെ വർഷങ്ങളായി ഇന്ത്യയിലെ നിരവധി ക്രിക്കറ്റ് അസോസിയേഷനുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യൻ നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ ചീഫ് കോച്ചും ബാറ്റിങ് കൺസൽട്ടന്റുമാണ്.
അദ്ദേഹത്തിന്റെ കാഴ്ചപ്പാടും തന്ത്രങ്ങളും മത്സരപരിചയവും ബഹ്റൈൻ ടീമിന് മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നതെന്ന് ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.