ഇറ്റലിയിൽ നടന്ന അയേൺ മാൻ റേസിൽ ഫിനിഷ് ചെയ്ത അബ്ദുസ്സമദ് കെ.സി
ദോഹ: 3800 മീറ്റർ കടലിലെ നീന്തൽ. ശേഷം ഓടിയെത്തി നീന്തൽവസ്ത്രം മാറ്റി സൈക്കിളിൽ ഒരു കുതിപ്പ്. ചില്ലറയൊന്നുമല്ല ദൂരം. 180 കിലോമീറ്റർ. അതും കഴിഞ്ഞ് വിശ്രമിക്കാനൊന്നും സമയമില്ലാതെ 42 കി.മീറ്റർ ഓട്ടം...
നൂറും 200ഉം മീറ്റർ ഓടുമ്പോൾ കിതച്ച് അവശരാവുന്നവർക്ക് ഇതൊരു സ്വപ്നം മാത്രമായിരിക്കും. എന്നാൽ, കായികാവേശം തലയിലേറ്റിയവരുടെ പോരാട്ടമായ ട്രയാത്ലണിലെ ഏറ്റവും സാഹസിക അങ്കമായ അയേൺ മാൻ മത്സരത്തിന്റെ കിടപ്പ് ഇങ്ങനെയാണ്. കടലും റോഡും ട്രാക്കും ഉൾപ്പെടെ മൂന്നു ലോകവും ഒറ്റയടിക്ക് കീഴടക്കിയ ഇവരെയൊക്കെ ഇരുമ്പുമനുഷ്യൻ എന്നല്ലാതെ എന്ത് വിശേഷിപ്പിക്കും. അങ്ങനെയൊരു പോരാട്ടത്തിൽ മിന്നുന്ന മികവോടെ ഫിനിഷ് ചെയ്താണ് കോഴിക്കോട് വാണിമേൽ സ്വദേശിയായ അബ്ദുൽ സമദ് കഴിഞ്ഞദിവസം ദോഹയിൽ മടങ്ങിയെത്തിയത്.
കായികക്കരുത്തും ആത്മവിശ്വാസവും ഒരുപോലെ ആവശ്യമായ അത്ലറ്റുകളുടെ ഈ സ്വപ്നപോരാട്ടത്തിൽ സമദ് ഫിനിഷ് ചെയ്തത് 14 മണിക്കൂറും ആറ് മിനിറ്റും സമയത്തിലാണ്. ഇറ്റലിയിലെ സെർവിയയിൽ സെപ്റ്റംബർ 18ന് നടന്ന ചാമ്പ്യൻഷിപ്പിലായിരുന്നു മലയാളി അത്ലറ്റ് മിടുക്കുതെളിയിച്ചത്. ഖത്തറിന്റെ കായികാസ്ഥാനമായ ആസ്പയർ സോണിൽ ആന്റി ഡോപിങ് ലാബിലെ ഐ.ടി വിഭാഗം ജീവനക്കാരനായ സമദിന് ജോലിക്കൊപ്പം തുടങ്ങിയതായിരുന്നു സ്പോർട്സിനോടുള്ള പ്രണയവും. സ്കൂൾ-കോളജ് പഠനകാലത്തെന്നും ഓട്ടത്തിലും സൈക്ലിങ്ങിലുമൊന്നും വലിയ നേട്ടങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് സമദ് പറയുന്നു.
എന്നാൽ, സ്പോർട്സാണ് ലോകമെന്നപോലെ പ്രവർത്തിക്കുന്ന ആസ്പയറിലെത്തിയപ്പോൾ ചിന്തകളും മാറി. അങ്ങനെ രണ്ടു വർഷം മുമ്പാണ് ഓട്ടവും നീന്തലും സൈക്ലിങ്ങും സജീവമാകുന്നത്. നിരന്തര പരിശീലനത്തിലൂടെ പാകപ്പെടുത്തിയ ശരീരം വിവിധ ട്രയാത്ലൺ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് തേച്ചുമിനുക്കി. ലുസൈലിൽ നടന്ന സ്പ്രിന്റ് ട്രയാത്ലണിലും ദുബൈയിൽ നടന്ന ഹാഫ് ട്രയാത്ലണിലും ഫിനിഷ് ചെയ്തു നേടിയ ആത്മവിശ്വാസവുമായാണ് ഇറ്റലിയിലേക്ക് പറന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പ്രഫഷനൽ കായികതാരങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കാളികളാവുന്ന മത്സരത്തിൽ വിജയകരമായി ഫിനിഷ് ചെയ്യുന്നതുതന്നെ അപൂർവം പേരാണ്.
അവരിൽ ഒരാളായാണ് സമദ് നീന്തലും സൈക്ലിങ്ങും ഓട്ടവും കഴിഞ്ഞ് ഫിനിഷിങ് ലൈൻ തൊട്ടത്. 16 മണിക്കൂറിനുള്ളിൽ മൂന്ന് വിഭാഗങ്ങളിലും ഫിനിഷ് ചെയ്യണമെന്നാണ് ചട്ടം. മുൻനിര താരങ്ങൾ എട്ടു മണിക്കൂറിൽ മൂന്നും പൂർത്തിയാക്കിയാണ് ജേതാക്കളാവുന്നത്. ട്രയാത്ലണിനു പുറമെ, നല്ലൊരു പർവതാരോഹകൻ കൂടിയാണ് സമദ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരംകൂടിയ കിളിമഞ്ചാരോ കൊടുമുടിയും യൂറോപ്പിലെ ഏറ്റവും ഉയരമേറിയ മൗണ്ട് എൽബ്രസുമെല്ലാം ഒരു വർഷത്തിനുള്ളിലാണ് ഈ വാണിമേലുകാരൻ കാൽക്കീഴിലാക്കിയത്. 10 വർഷമായി ഖത്തറിൽ പ്രവാസിയാണ് ഇദ്ദേഹം. ഹഫ്സത്താണ് ഭാര്യ. നഷ നർമിൻ, നാദിഷ് അഹമ്മദ് എന്നിവർ മക്കളാണ്.
ദോഹയിലെത്തിയ അബ്ദുസ്സമദിനെ ഖത്തർ വാണിമേൽ പ്രവാസി ഫോറം പ്രവർത്തകർ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.