സാവൻ കൊട്ടേച്ച
ഇന്ത്യൻ വേരുകൾ കാരണം ഗായകനിൽ നിന്ന് പാട്ടെഴുത്തിലേക്ക് മാറേണ്ടി വന്ന കഥ പറഞ്ഞ് പ്രശസ്ത അമേരിക്കൻ സംഗീത പ്രതിഭ സാവൻ കൊട്ടേച്ച
കൊറിയക്കാർക്ക് ബി.ടി.എസുപോലെയും ബ്രിട്ടീഷുകാർക്ക് വൺ ഡിറക്ഷൻ പോലെയും സ്ട്രേ കിഡ്സ് പോലെയും ഇന്ത്യക്കും ലോകമറിയുന്ന ഒരു ബോയ് ബാൻഡ് ആണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യൻ വംശജനും അമേരിക്കൻ പാട്ടെഴുത്തുകാരനും റെക്കോഡ് പ്രൊഡ്യൂസറുമായ സാവൻ കൊട്ടേച്ച. അത്തരമൊരു ബാൻഡിനു പറ്റിയ മുഖങ്ങളെ തേടിക്കൊണ്ടിരിക്കുകയാണ് താനെന്നും കൊട്ടേച്ച പറയുന്നു.
‘‘കൗമാരത്തിൽ സംഗീത കമ്പനികൾക്ക് എന്റെ റെക്കോഡ് അയച്ചുകൊടുക്കുമായിരുന്നു. ഒരു കമ്പനി എന്നെ വിളിച്ചു. ഞാൻ ഇന്ത്യക്കാരനാണെന്ന് മനസ്സിലായപ്പോൾ, ഒരാൾ എന്നോട് പറഞ്ഞു, ‘ഇന്ത്യക്കാരന്റെ ഫോട്ടോ ഒരു പെൺകുട്ടിയും ചുവരിൽ പതിക്കാൻ പോകുന്നില്ല’ എന്ന്. ഇതോടെ ഗായക വേഷമഴിച്ചുവെച്ച് ഞാൻ പാട്ടെഴുത്തിലേക്ക് മാറി. അതിൽ മുന്നോട്ടു പോയപ്പോളാണ് നമ്മുടെ സംസ്കാരത്തിനോടുള്ള ബന്ധം മുറിഞ്ഞതായി തോന്നിയത്. സ്വന്തം സംസ്കാരത്തിലുള്ള ആളുകൾ ചുറ്റും വേണം. അതുകൊണ്ടുകൂടിയാണ് ഇന്ത്യൻ ബോയ് ബാൻഡിന് ശ്രമിക്കുന്നത്- കൊട്ടേച്ച പറയുന്നു.
കൗമാരക്കാരും യൗവനാരംഭത്തിലുമുള്ള പാട്ടുകാരടങ്ങുന്ന സംഗീത ബാൻഡാണിത്. പോപ് അല്ലെങ്കിൽ ആർ&ബിയിൽ പെർഫോം ചെയ്യുന്നു. റെക്കോഡ് പ്രൊഡ്യൂസർമാരും കമ്പനികളുമാണ് സാധാരണയായി ഇത്തരം ബാൻഡുകൾ സൃഷ്ടിക്കുക. കൗമാര, യുവ ആരാധകരെ ആകർഷിക്കാൻ തക്കവണ്ണം വളരെ ബോധപൂർവം ഇവരിൽ സ്റ്റൈലും താരപദവിയും സൃഷ്ടിച്ചെടുക്കാറുണ്ട്. മെലഡി, റൊമാന്റിക് പ്രധാനം. നൃത്തത്തിന് ഏറെ പ്രാധാന്യം. ഉദാഹരണം: ബി.ടി.എസ്.
നിരവധി ആഗോള പോപ് സംഗീത താരങ്ങളെ സൃഷ്ടിക്കുന്നതിൽ പങ്കുവഹിച്ച ഇന്ത്യൻ വംശജനായ പാട്ടെഴുത്തുകാരനും പ്രൊഡ്യൂസറും. വയസ്സ് 47. ജസ്റ്റിൻ ബീബർ, അരിയാന ഗ്രാൻഡെ തുടങ്ങിയരുടെയും വൺ ഡിറക്ഷൻ പോലുള്ള ബാൻഡുകളുടെയും വളർച്ചയിൽ നിർണായക പങ്ക്. 2020ൽ മൈ ഹോംടൗൺ എന്ന പാട്ടിന് ഓസ്കർ നാമനിർദേശം ലഭിച്ചിരുന്നു.
ജോൺറ: പോപ്, ആർ&ബി (റിഥം ആൻഡ് ബ്ലൂസ്-ആഫ്രോ അമേരിക്കൻ സമൂഹത്തിൽ പ്രചാരമുള്ളത്), ഡാൻസ് പോപ്
ശ്രദ്ധേയ പാട്ടുകൾ: വാട്ട് മേക്ക്സ് യു ബ്യൂട്ടിഫുൾ (വൺ ഡിറക്ഷൻ), ബ്യൂട്ടി ആൻഡ് എ ബീറ്റ് (ജസ്റ്റിൻ ബീബർ), പ്രോബ്ലം (അരിയാന)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.