ഹമീദ് കണിച്ചാട്ടിൽ
ദമ്മാം: സാമൂഹിക സംസ്കാരിക കലാപ്രവർത്തനങ്ങളിൽ സജീവമായ 26 വർഷത്തെ സൗദി പ്രവാസത്തോട് വിട ചൊല്ലി ഹമീദ് കണിച്ചാട്ടിൽ മടങ്ങുന്നു. സംഘാടകൻ, ഗായകൻ, കഥാകൃത്ത്, അതിരുകളില്ലാത്ത സൗഹൃദങ്ങളുടെ ഉടമ എന്നിങ്ങനെ പ്രവാസത്തിൽ വളരെ സജീവമായിരുന്നു. ജോലിയിൽ വന്ന മാറ്റമാണ് സൗദിയോട് യാത്രപറഞ്ഞുപോകാൻ ഹമീദിനെ നിർബന്ധിതനാക്കുന്നത്. വിവിധ സംഘടനകളിൽ അംഗമായിരുന്നു.
തൃശൂർ കൂട്ടായ്മയുടെ ജോയന്റ് സെക്രട്ടറി, വൈസ് പ്രസിഡൻറ്, ട്രഷറർ, മീഡിയ കൺവീനർ എന്നീ ഭാരവാഹിത്വങ്ങൾ വഹിച്ചു. നിരവധി കായിക പരിപാടികൾക്ക് നേതൃത്വം നൽകി. യൂത്ത് ഇന്ത്യ അൽഖോബാർ ക്ലബിന് കീഴിൽ വടംവലി മത്സരത്തിൽ ജേതാവായിട്ടുണ്ട്. നിരവധി ക്രിക്കറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിലും നേതൃത്വം നൽകി. നിലവിൽ ഒ.ഐ.സി.സിയുടെ തൃശൂർ ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. തൃശൂർ നാട്ടുകൂട്ടം ജീവകാരുണ്യ വിഭാഗം കോഓഡിനേറ്ററായി നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
നല്ലൊരു വായനക്കാരൻ കൂടിയായ അദ്ദേഹം സൗദി മലയാളി സമാജത്തിന്റെ വൈസ് പ്രസിഡൻറുമാണ്. ഇന്ത്യൻ എംബസിയുടെ വളൻറിയറായി നിതാഖാത്ത് കാലത്ത് സേവനമനുഷ്ഠിക്കുന്നതിനും ഹമീദിന് അവസരം ലഭിച്ചു. നിരവധിയാളുകൾക്ക് സഹായമെത്തിക്കാൻ അതോടെ അവസരം ലഭിച്ചു. സൗദിയുടെ മണ്ണിൽനിന്ന് വിടപറയുമ്പോൾ വേദനയുണ്ടെന്ന് ഹമീദ് പറഞ്ഞു. തനിക്ക് മെച്ചപ്പെട്ട ജീവിതവും അതിലേറെ ഹൃദയം കൊരുത്ത സൗഹൃദങ്ങളും തന്ന മണ്ണാണിത്. ഇത് വിട്ടുപോകുമ്പോൾ വേദന സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.