സുഹൈൽ വാഫി ആദൃശ്ശേരി

ഉരകല്ലായിമാറിയ ഗുരുനാഥന്മാർ

അധ്യാപകദിനം പ്രമാണിച്ച് വല്ലതും ഓർക്കാനിരുന്നാൽ ഏതൊരാളും ആദ്യമെത്തുക പ്രാഥമിക വിദ്യാലയത്തിലായിരിക്കും. ഞാനുമെത്തിയത് ഒന്നാം ക്ലാസിൽ തന്നെ. പക്ഷേ, എന്‍റെ ഓർമ വളരെ പ്രാഥമികമായ കാര്യത്തിലായിപ്പോയി എന്നുമാത്രം. കിടക്കപ്പായയിൽ മുള്ളുന്നത് ദിനചര്യയുടെ ഭാഗമായി വീട്ടിൽ പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന കാലം. അതിനെക്കുറിച്ച് അകത്തുനിന്നും പുറത്തുനിന്നും വരാൻ സാധ്യതയുള്ള എല്ലാ മുനകൾക്കും അമ്പുകൾക്കും നേരെ ഉമ്മയുടെ അളവറ്റ പിന്തുണയോടെ ഞാൻ അതിനകം പൂർണ പ്രതിരോധ ശേഷി ആർജിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, സ്‌കൂളിൽ ചേർന്ന ദിവസം തീർത്തും അപരിചിതരായ വലിയൊരു പൗരസമൂഹത്തിലൊരുവനായി രണ്ടാം ബെഞ്ചിൽ ഏകാകിയായി തിങ്ങിഞെരുങ്ങി ഇരിക്കുന്നതിനിടയിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല..

പക്ഷേ, അത് സംഭവിച്ചു!.. സംഗതി നടന്നുകഴിഞ്ഞ ശേഷമാണ് സ്ഥലകാലബോധമുണ്ടായത്. അപ്പോഴേക്കും അത്രയും ജനങ്ങൾ ഇരുന്ന ബെഞ്ചിൽ ഞാൻ ഒറ്റക്കായിരുന്നു. ഒരന്യഗ്രഹ ജീവിയെയെന്ന പോലെ ടീച്ചറെത്തന്നെ തുറിച്ചു നോക്കിയിരിക്കുന്നതിനിടയിൽ പെട്ടെന്ന് എന്‍റെ മുഖത്തുവന്ന പ്രത്യേക ഭാവമാറ്റങ്ങളാണോ അതോ പതിയെ ബെഞ്ചിലൂടെ അരിച്ചുവന്ന ഇളം ചൂടാണോ അവരെയെല്ലാം ചാടിയെഴുന്നേല്പിച്ചതെന്നറിയില്ല. തളർന്ന് നിസ്സഹായയായി ഊരക്ക് കൈയുംകൊടുത്ത് എന്നെ നോക്കുന്ന ജെസി ടീച്ചറുടെ മുഖം മാത്രമേ പിന്നെ ഞാൻ കണ്ടോള്ളൂ..

എന്‍റെ കരച്ചിലും സങ്കടവും കൂടിവരുന്നതിനനുസരിച്ച് ആ മുഖത്ത് ഉമ്മയിൽനിന്ന് മാത്രം കണ്ടുപരിചയിച്ച ചില നോട്ടവും ഭാവവും തെളിഞ്ഞുവരുന്നതുകണ്ട് ഒടുവിൽ ഞാൻ കരച്ചിൽ നിർത്തി. അന്നത്തെ ദിവസം പിന്നീടെന്തൊക്കെയുണ്ടായെന്ന് ഓർത്തിട്ട് കിട്ടുന്നില്ലെങ്കിലും ടീച്ചർ തന്നെ എല്ലാം വൃത്തിയാക്കുന്നത് ഇന്നും ഓർക്കുന്നു. ജെസി ടീച്ചറെപ്പോലെത്തന്നെ നിറഞ്ഞ സ്നേഹവും വാത്സല്യവുമായിരുന്നു മദ്റസ ഒന്നാം ക്ലാസിലെ അബ്ദുല്ല ഉസ്താദിനും. പക്ഷേ, ഉസ്താദിന്റെ ക്ലാസിൽ മൂത്രമൊഴിക്കാത്തതിനാൽ ഇന്ന് ഓർത്തുപറയാൻ ഒരു സംഭവമില്ലാതെ പോയി എന്നുമാത്രം.

വ്യത്യസ്ത സ്ഥലങ്ങളിലും തലങ്ങളിലും അനേകം ഗുരുനാഥന്മാർ നമുക്ക് മുന്നിലൂടെ കടന്നുപോയിട്ടും ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഏതാനും മുഖങ്ങൾ മാത്രം തെളിഞ്ഞുവരുന്നത് എന്തുകൊണ്ടാണ്? അവരൊന്നും ഓർക്കപ്പെടുന്നത് പാഠപുസ്തകങ്ങളിലുള്ളത് പഠിപ്പിച്ചുതന്നതിന്റെ പേരിലല്ല താനും..! സ്നേഹവും സമീപനവും ചിന്തിപ്പിക്കലും തോന്നിപ്പിക്കലും പ്രോത്സാഹിപ്പിക്കലുമൊക്കെയായിരുന്നു അവരുടെ ഓർമകൾക്ക് അമരത്വം നൽകിയ സന്ദർഭങ്ങളുടെ ഉള്ളടക്കം.

നാലാം ക്ലാസിലെ മലയാളം അധ്യാപകൻ ശങ്കരൻ മാഷിന്‍റെ ശ്രദ്ധയിൽ എന്നെപ്പറ്റി എന്തെങ്കിലും പതിഞ്ഞിരുന്നോ എന്നറിയില്ല.. എന്തെങ്കിലും ഉണ്ടായിട്ടുവേണ്ടേ പതിയാൻ.. 'എന്താ, നീ മുസ്‍ലിം കുട്ടികളെപ്പോലെയല്ലല്ലോ മുണ്ടുടുത്തിരിക്കുന്നത്?' എന്ന് മാഷൊരിക്കൽ ചോദിച്ചത് ഓർമയിൽ തങ്ങിനിൽപുണ്ട്.. എനിക്ക് മറുപടിയൊന്നും അറിയില്ലായിരുന്നു. ഉപ്പയൊക്കെ അങ്ങനെയാണ് ഉടുക്കാറ് എന്നുമാത്രം ഒരുപക്ഷേ പറഞ്ഞിരിക്കണം.. മാഷെക്കുറിച്ച് പറയാൻ കൂടുതൽ ഓർമകളൊന്നുമുണ്ടായിട്ടില്ല. എന്നിട്ടും മാഷോട് എന്തിനാണിത്ര ഇഷ്ടമെന്ന് അന്നും എനിക്ക് മനസ്സിലായിരുന്നില്ല.

നാലാം ക്ലാസ് കഴിഞ്ഞ് സ്‌കൂളിൽനിന്ന് പിരിഞ്ഞുപോകുന്ന ദിവസം ക്ലാസിലെ ഓരോ കുട്ടികളെയും തോളിൽ തട്ടിയും കൈകൊടുത്തും യാത്രയാക്കിക്കഴിഞ്ഞ് ഒടുവിൽ കൃഷ്ണകുമാറൊക്കെ ഇരിക്കുന്ന മുന്നിലെ ബെഞ്ചിൽ വന്നിരുന്നശേഷം എന്നെ അടുത്തേക്കുവിളിച്ച് അൽപനേരം ചേർത്തുപിടിച്ചുനിന്നപ്പോൾ ആ കണ്ണുകൾ അല്പം ഈറനണിഞ്ഞത് എന്തിനെന്നും എനിക്ക് മനസ്സിലായില്ല. കാര്യമറിയാതെ ഞാനും കരഞ്ഞു. കുപ്പായം പൊക്കി കണ്ണുകൾ തുടച്ചതല്ലാതെ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല. എല്ലാവരോടും പറയുംപോലെത്തന്നെ 'നന്നായി പഠിക്കണം ട്ടൊ' എന്നോ മറ്റോ മാത്രമാണ് മാഷിനെന്നോടും പറയാനുണ്ടായിരുന്നത്.

മലയാളം എല്ലാ ക്ലാസിലും ഇഷ്ടപ്പെട്ട് പഠിച്ച വിഷയമായിരുന്നു. സ്‌കൂളിൽ അറബി വേണ്ട, മലയാളം തന്നെ എടുക്കണം എന്ന് ഉപ്പയുടെയും ഉമ്മയുടെയും നിർദേശം കൂടിയായിരുന്നു. ഒരു പ്രത്യേക ഇഷ്ടം മലയാളം അധ്യാപകർക്ക് മാത്രമായി പത്താം ക്ലാസ് വരെയും മനസ്സിൽ സൂക്ഷിച്ചു. കാണാതെ പഠിച്ചുവരാൻ പറയുന്ന ചില കവിതകൾ ഇത്രപെട്ടെന്ന് പഠിച്ചോ എന്ന് എനിക്കുതന്നെ പലപ്പോഴും ആശ്ചര്യം തോന്നിയിട്ടുണ്ട്. പാടാൻ അശ്ശേഷം അറിയില്ലെങ്കിലും കലോത്സവങ്ങളിൽ കവിതകൾ ഈണത്തിൽ ചൊല്ലാൻവരെ മെനക്കെട്ടിട്ടുണ്ട്. അതിന്റെയൊക്കെ കാരണവും തുടക്കവും ശങ്കരൻ മാഷായിരുന്നോ എന്നറിയില്ല. മലയാളത്തോടുള്ള ഇഷ്ടം കൊണ്ട് മാഷിനെ ഇഷ്ടപ്പെട്ടതാണോ അതോ മാഷിനോടുള്ള ഇഷ്ടം മലയാളത്തോടായതാണോ എന്നും അറിയില്ല. പഠിപ്പിച്ച ഗുരുനാഥന്മാരുടെ നിരയിൽ മാഷിന്റെ മുഖം മനസ്സിലിന്നും ശോഭയോടെ നിൽക്കുന്നു.

വഴിമുട്ടുമ്പോൾ വെളിച്ചം ചോദിച്ച് പലവട്ടം സമീപിച്ചിട്ടുള്ള ഗുരുനാഥൻ നാഫി വാഫിയോട് ഒരിക്കൽ അധ്യാപക ദിനാശംസകളറിയിച്ചപ്പോൾ, ഇന്ന് മുതിർന്ന ഇംഗ്ലീഷ് ജേണലിസ്റ്റായി ജോലി ചെയ്യുന്ന അദ്ദേഹം തന്ന മറുപടി വർഷങ്ങൾക്കുശേഷം എന്നെ വീണ്ടും ആഴത്തിൽ ശിഷ്യപ്പെടുത്തി: "Today the roles of teacher and student are interchangeable... as these days we learn a lot from each other outside the classroom. Some of the old students are now qualified to get a teacher's day message from me.".

അപൂർവം ചില ഗുരുമുഖങ്ങൾ പാഠപുസ്തകങ്ങളും പരീക്ഷകളും പഠനകാലം തന്നെയും കഴിഞ്ഞാലും ജീവിതത്തിലുടനീളം മനസ്സിനുള്ളിലെ ശരിയുടെ ഉരക്കല്ലായി എന്നും എവിടെയും കൂടെപ്പോരാറുണ്ട്. ഏതെങ്കിലും ഒരു വിഷയത്തിന്റെ പരിമിതിയിലേക്ക് ഒതുക്കപ്പെടാനാവാത്ത, കാലമേറെക്കഴിഞ്ഞ് ഗുരുവിന് തീർത്തും അപരിചിതമായ തൊഴിലിലേക്കും പഠനമേഖലകളിലേക്കും പടർന്നുവികസിക്കുമ്പോൾ പോലും നിങ്ങളുടെ തീരുമാനങ്ങളെ നിരന്തരം സ്വാധീനിക്കുന്ന 'ഗുരുത്വാകർഷണ'മുള്ളവർ. അധ്യാപനം വരും തലമുറക്ക് വേണ്ടിയുള്ള തന്‍റെ സപര്യയാണെന്ന് മനസ്സറിഞ്ഞ് വിശ്വസിച്ചവർ.

'ഒരു നല്ല അധ്യാപകനെ വിലയിരുത്തേണ്ടത്, അയാൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് തന്റെ വിദ്യാർഥികൾക്ക് എത്ര എളുപ്പത്തിൽ ഉത്തരം നൽകാൻ കഴിയുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഉത്തരം നൽകാൻ ബുദ്ധിമുട്ടുള്ള എത്ര ചോദ്യങ്ങൾ ചോദിക്കാൻ അയാൾക്ക് അവരെ പ്രചോദിപ്പിക്കാൻ കഴിയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്' എന്നത് എത്രമേൽ സത്യം! ശൈഖ് യൂസുഫുൽ ഖറദാവിയോട് അപൂർവം ചില വിയോജിപ്പുകൾക്കൊപ്പവും വലിയ ആദരവുണ്ട്. ഗ്രന്ഥങ്ങളിലൂടെ അദ്ദേഹത്തോട് ഏറെ ശിഷ്യപ്പെട്ടിട്ടുമുണ്ട്. അദ്ദേഹത്തെ ആദരിച്ചുകൊണ്ട് ശിഷ്യന്മാർ ദോഹയിൽ നടത്തിയ ഒരു പരിപാടിയിൽ പങ്കെടുത്ത അനുഭവം ഈ അധ്യാപക ദിനത്തിൽ ഓർക്കുന്നു. അദ്ദേഹമിരിക്കുന്ന വേദിയിൽവെച്ച് ശിഷ്യന്മാരിൽ പലപ്രമുഖരും സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതോടൊപ്പം വിയോജിപ്പുകളും തുറന്നുപറയുന്നു. അദ്ദേഹം സൗമ്യനായി ഇരുന്നുകേൾക്കുന്നു. മറുപടി പ്രസംഗത്തിൽ, തെറ്റുപറ്റിയത് തനിക്കുമാവാം എന്ന് സ്വന്തം ശിഷ്യന്മാരോട് വിനയത്തോടെ സമ്മതിക്കുന്നു. കേരളത്തിലെ ആദരിക്കൽ ചടങ്ങുകളിലും ക്ലാസ് റൂമുകളിലും ഇത്തരം രംഗങ്ങൾ എത്ര അപൂർവമായിരിക്കുമെന്ന് അന്നേരം വെറുതേ ഓർത്തുപോയി.

Tags:    
News Summary - Gurunaths who have become stumbling blocks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.