അലി മണിക്ക് ഫാനും ഭാര്യയും പുതിയ വീട്ടിൽ
കൊടിയത്തൂർ: രാജ്യം പത്മശ്രീ നൽകി ആദരിച്ച അലി മണിക്ഫാന് സ്വന്തമായി വീടൊരുക്കിയിരിക്കുകയാണ് പ്രവാസി വ്യവസായിയും എൻജിനീയറുമായ കൊടിയത്തൂർ സ്വദേശി വി.കെ. അബ്ദുല്ല. വർഷങ്ങളോളം വാടകവീട്ടിൽ കഴിഞ്ഞിരുന്ന മണിക്ഫാനും കുടുംബവും പുസ്തകങ്ങളും പുരസ്കാരങ്ങളും സൂക്ഷിക്കാൻ ഇടമില്ലാതെ പ്രയാസപ്പെട്ട അവസ്ഥയിലായിരുന്നു. പുതുതായി പണികഴിപ്പിച്ച കൊടിയത്തൂരിലെ ന്യൂ മൂൺ എന്ന് പേരിട്ട വീട്ടിലാണ് ഇനി താമസിക്കുക.
ലോകമെങ്ങുമുള്ളവര്‍ക്ക് ഒരുപോലെ പിന്തുടരാവുന്ന ഏകീകൃത ചന്ദ്ര മാസ ഹിജ്റ കലണ്ടർ രൂപപ്പെടുത്തിയ, ഖുർആനിലും ഗോള ശാസ്ത്ര ഇസ്ലാമിക വിഷയങ്ങളിലും പാണ്ഡിത്യമുള്ള സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമാണ് മുറാദ് ഗണ്ടവറു അലി മണിക്ഫാൻ. ലക്ഷദ്വീപിലെ മിനിക്കോയിയിലാണ് ജനനം. സ്കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ച അദ്ദേഹം റഷ്യൻ, അറബിക്, പേർഷ്യൻ, ജർമൻ, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ പതിനഞ്ച് ഭാഷകൾ സ്വന്തമായി പഠിച്ച് സംസാരിക്കാനും എഴുതാനും വായിക്കാനും കഴിവ് നേടിയിട്ടുണ്ട്.
സമുദ്രഗവേഷകനായ മണിക്ഫാൻ കണ്ടെത്തിയ മത്സ്യത്തിന് അബുദെഫ്ദഫ് മണിക്ഫാനി എന്ന പേര് നൽകുകയുണ്ടായി. സ്വന്തം ആവശ്യത്തിനായി മോട്ടോര്‍ പിടിപ്പിച്ച് ഒരു സൈക്കിള്‍, സൊഹാര്‍ എന്ന കപ്പല്‍ എന്നിവ നിർമിക്കുകയും മറൈൻ ബയോളജി, മറൈൻ റിസർച്ച്, ജിയോഗ്രഫി, ആസ്ട്രോണമി, സോഷ്യൽ സയൻസ്, ഇക്കോളജി, ട്രഡീഷനൽ ഷിപ് ബിൽഡിങ്, ഫിഷറീസ്, കൃഷി, ഹോർട്ടികൾച്ചറർ, സമുദ്ര കൃഷി തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തി സ്വന്തമായ കണ്ടെത്തലുകളിൽ ലോക അംഗീകാരത്തിലൂടെ സ്വന്തം ഇടം നേടിയിട്ടുണ്ട് ഈ എൺപത്തഞ്ചുകാരൻ.
അദ്ദേഹത്തെ സന്ദർശിക്കാനായി വാടക വീട്ടിലെത്തിയപ്പോൾ പത്മശ്രീ അടക്കം ഒട്ടനവധി പുരസ്കാരങ്ങൾ ഉൾക്കൊള്ളാനാകാതെ വീർപ്പുമുട്ടുന്ന കാഴ്ച ഹൃദയ വേദനയുണ്ടാക്കിയെന്നും നിരവധി മേഖലകളിൽ സംഭാവന ചെയ്ത വ്യക്തിത്വം അവഗണിക്കപ്പട്ടതിനാൽ, രാജ്യത്തിലെ പൗരന്റെ ബാധ്യതയെന്ന നിലക്കാണ് വീടൊരുക്കാൻ പ്രേരിപ്പിച്ചതെന്ന് വി.കെ. അബ്ദുല്ല പറഞ്ഞു. കൊടിയത്തൂരിൽ വീട് കിട്ടിയതിൽ സന്തോഷമുണ്ടന്ന് അലി മണിക്ഫാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.