മാവൂർ മണന്തലക്കടവിലെ നീന്തൽ കൂട്ടായ്മയായ ‘ചാലിയാറിന്റെ മക്കളുടെ’ വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത് സംഘത്തോടൊപ്പം
നീന്താൻ ഒരുങ്ങുന്നു
മാവൂർ: ഏത് പ്രതികൂല സാഹചര്യത്തിലും രാവിലെ കൃത്യം ഏഴിന് മണന്തലക്കടവിലെത്തി ചാലിയാറിന്റെ മറുകര നീന്തുന്ന ഒരു കൂട്ടായ്മയുണ്ട് മാവൂരിൽ. ‘ചാലിയാറിന്റെ മക്കൾ’ എന്ന് പേരിട്ടു വിളിക്കുന്ന ഈ ചുറുചുറുക്കുള്ള സംഘത്തിൽ 10 മുതൽ 70 വരെ വയസ്സുള്ളവരുണ്ട്. ഈ നീന്തൽകൂട്ടായ്മക്ക് ഇന്ന് 30 വർഷം തികഞ്ഞു. നാലുപേർ ചേർന്ന് തുടങ്ങിയ കൂട്ടായ്മയിൽ ഇന്ന് 30 പേരുണ്ട്. എന്നും രാവിലെ മണന്തലക്കടവിലെ പഴയ ബോട്ട് ജെട്ടിയിൽ എത്തുന്ന ഇവർ വിശേഷങ്ങൾ പങ്കുവെച്ചും തമാശകൾ പങ്കിട്ടും ചാലിയാറിന്റെ മറുകരയിലേക്ക് നീന്തും. തുടർന്ന്, തിരിച്ച് ഇക്കരക്കും.
ദിനേന രണ്ടും മൂന്നും തവണ മറുകര നീന്തിക്കടക്കുന്നവരും കൂട്ടത്തിലുണ്ട്. 200 മീറ്ററോളം ദൂരമുണ്ട് മറുകരയെത്താൻ. ഈ പ്രായത്തിലും ‘ചുണക്കുട്ടി’കളായി ചാലിയാറിന്റെ ഓളപ്പരപ്പിൽ നീന്തിത്തുടിക്കും. മലർന്നുകിടന്ന് നീന്തിയും ജലശയനം നടത്തിയുമെല്ലാം കുറച്ചുനേരം. സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരും അഭിഭാഷകരും വ്യാപാരികളും സാധാരണക്കാരും വിദ്യാർഥികളുമെല്ലാം ഈ കൂട്ടത്തിലുണ്ട്.
നിത്യേന രാവിലെയുള്ള ഈ വ്യായാമം നവോന്മേഷവും ഊർജവും പ്രദാനം ചെയ്യുന്നതായി സംഘാംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യം നിലനിർത്താനും രോഗങ്ങളെ അകറ്റിനിർത്താനും സഹായിക്കുന്നതായി തുടക്കംമുതൽ കൂട്ടായ്മയിലുള്ള കെ.വി. ഷംസുദ്ദീൻ ഹാജി പറഞ്ഞു. കൂട്ടായ്മയിലുള്ള എല്ലാവരും ജീവിതശൈലീ രോഗങ്ങളിൽനിന്നടക്കം മുക്തരാണെന്നും ഇവർ കൂട്ടിച്ചേർത്തു.
കേട്ടറിഞ്ഞ് വിദൂര ദിക്കുകളിൽനിന്ന് ഈ കൂട്ടായ്മയിൽ ചേർന്നവരുണ്ട്. മണന്തലക്കടവിൽ ലളിതമായ ചടങ്ങോടെ നടന്ന 30ാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡൻറ് ടി. രഞ്ജിത്ത് സംഘത്തോടൊപ്പം നീന്തി ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡൻറ് എം. ധർമജൻ മുഖ്യാതിഥിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.