ബിരിക്കുളം ബസ് വെയിറ്റിങ് ഷെഡിൽ ദാഹജലം ഒരുക്കുന്ന ഓട്ടോ ഡ്രൈവർ ജനാർദനൻ
നീലേശ്വരം: ദാഹിച്ച് തൊണ്ട വരണ്ട ഒരാൾക്ക് ഒരു തുള്ളി വെള്ളം കൊടുത്താൽ അയാൾ മരിക്കുവോളം അവരെ ഓർത്തിരിക്കുമെന്നാണ് പൊതുവെയുള്ള പഴമൊഴി. ദൂരം താണ്ടി നടന്ന് വന്ന ക്ഷീണത്തിൽ ബസ് കാത്തിരിക്കുമ്പോൾ തൊണ്ട നനയാൻ ഒരു ഗ്ലാസ് വെള്ളം കിട്ടിയാൽ അവരുടെ മനസ് സന്തോഷിക്കും.
അങ്ങനെ പൊതുജനങ്ങൾക്ക് ദാഹജലം നൽകി നാടിന്റെ പ്രശംസ പിടിച്ചുപറ്റിയ ഒരു ഓട്ടോ ഡ്രൈവറുണ്ട് ഇങ്ങ് മലയോരത്ത്. കഴിഞ്ഞ 14 വർഷമായി യാത്രക്കാർക്ക് ശുദ്ധമായ കുടിവെള്ളം നൽകുകയാണ് ഇയാൾ.
ബിരിക്കുളം ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ ജനാർദനനാണ് ഈ കർമം ചെയ്യുന്നത്. ബിരിക്കുളം ബസ് വെയ്റ്റിങ് ഷെഡിൽ യാത്രക്കാർക്ക് മുടങ്ങാതെ എല്ലാ ദിവസവും രാവിലെയും വൈകീട്ടും ശുദ്ധമായ കിണർ വെള്ളം കുടിക്കാൻ നൽകുന്നു. ബിരിക്കുളത്ത്നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്ന് ഓട്ടോയിലാണ് വെള്ളം എത്തിക്കുന്നത്.
ദിവസവും കുട്ടികളടക്കം നൂറുകണക്കിനാളുകളാണ് തങ്ങളുടെ ദാഹം തീർക്കുന്നത്. ഒരു കൊച്ചു കുട്ടി അടുത്തുള്ള ഒരു ഹോട്ടലിൽ തിരക്കുള്ള സമയം അൽപം വെള്ളത്തിനായി കാത്തു നിൽക്കുന്നത് കണ്ട ജീവകാരുണ്യ പ്രവർത്തകൻ പരേതനായ ഇബ്രാഹിം കുട്ടി ഹാജി ഒരു വാട്ടർ ടാങ്ക് വാങ്ങി ജനാർദനനെ ഏൽപ്പിച്ചശേഷമാണ് തുടക്കം.
അന്ന് മുതൽ ഇന്നുവരെ ഒരു ദിവസം പോലും ജനാർദനൻ മുടങ്ങാതെ തുടരുകയാണ് ഈ മഹത് കർമം ജീവനുള്ള കാലത്തോളം മുടങ്ങാതെ കുടിവെള്ളം നൽകുമെന്ന് ജനാർദനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.