എ.കെ. പ്രദീപ് കുറിഞ്ഞി ഗവേഷണത്തിനിടെ

കാട് കുറിഞ്ഞി കാവൽ

കുറിഞ്ഞി പൂക്കുന്ന കാലമാണിത്. മൂന്നാർ ഇരവികുളത്ത് കണ്ടെത്തിയ ഒരു മരക്കുറിഞ്ഞി 10 വർഷം കൂടുമ്പോൾ പൂക്കും.കുറിഞ്ഞികൾക്കായി ജീവിതം ഉഴിഞ്ഞുവെച്ചൊരു സാധാരണക്കാരന്റെ അഭിമാനവും അതോടൊപ്പം വിരിയും.  ‘സ്ട്രോബിലാന്തസ് പ്രദീപിയാന’ എന്നാണ് ആ കുറിഞ്ഞിയുടെ പേര്. 2004 മുതൽ കുറിഞ്ഞികൾക്കൊപ്പം യാത്ര ചെയ്യുന്ന പാലാക്കാരൻ എ.കെ. പ്രദീപിന്റെ ബഹുമാനാർഥം നൽകിയ പേരാണത്

മറയൂരിൽനിന്ന് ചെങ്കുത്തായ മലനിരകളിലേക്ക് ഓഫ്റോഡ് യാത്ര നടത്തി മുതുവാൻ സെറ്റിൽമെന്റുകളിലൊന്നായ കമ്മാളൻകുടിയിലെത്തി, അവിടെനിന്ന് കുത്തിയൊഴുകുന്ന കാട്ടരുവിയൊക്കെ കടന്ന് രണ്ടര കിലോമീറ്ററോളം മല കയറിയാണ് അഞ്ചുനാട്ടുപാറയിലെത്തിയത്. ഒരു ‘നിധി’ കാണാനുള്ള യാത്രയായിരുന്നു അത്. ഒപ്പം ഒരേസമയം ‘നിധി’വേട്ടക്കാരനും കാവൽക്കാരനുമായ ആളെ കാണാനും. സമു​ദ്രനിരപ്പിൽനിന്ന് 1550 മീ. ഉയരത്തിൽ അയാൾ കണ്ടെത്തിയത് ഒരു കുറിഞ്ഞിയാണ്; ‘സ്ട്രോബിലാന്തസ് മാത്യുവാന’ എന്ന അപൂർവ ഇനം കുറിഞ്ഞി. ആ​ന​മ​ല റേ​ഞ്ചി​ലും കൊടൈക്കനാൽ മലനിര​ക​ളി​ലും മാ​ത്രം ക​ണ്ടു​വ​ന്നിരു​ന്ന, കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഈ ​ചെ​ടി​യെ​ക്കു​റി​ച്ച വി​വ​ര​ങ്ങ​ളും ഹെ​ർ​ബേ​റി​യ​വും ലോ​ക​ത്തി​ലെത​ന്നെ ഏ​റ്റ​വും വ​ലി​യ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നാ​യ ബ്രി​ട്ട​നി​ലെ ക്യൂ ​ഗാ​ർ​ഡ​ൻസി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. മ​ല​യാ​ളി ടാ​ക്സോ​ണ​മി​സ്റ്റും തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജിലെ പ്രഫസറുമായ ഫാ. ​മാ​ത്യുവാണ് പ​ളനി മലനിരകളി​ൽ ഈ ​ചെ​ടി ആദ്യം കണ്ടെത്തിയത്. അ​ദ്ദേ​ഹ​ത്തോ​ടു​ള്ള ബ​ഹു​മാ​നാ​ർ​ഥ​ം ഈ ​കു​റി​ഞ്ഞി​ക്ക് ‘സ്ട്രൊ​ബി​ലാ​ന്ത​സ് മാ​ത്യു​വാ​ന’ എ​ന്ന പേ​രും നൽകി.

ഫാ. മാത്യു കണ്ടെത്തിയ കൊടൈക്കനാലിലെ തൊപ്പിതൂക്കിപ്പാറയിൽ നിന്നുപോലും അപ്രത്യക്ഷമായ ഈ കുറിഞ്ഞി മറയൂർ മലമുകളിൽനിന്ന് തപ്പിയെടുത്തത് പാലാ രാമപുരം സ്വദേശി എ.കെ. പ്രദീപ് ആണ്. ബോട്ടണി പഠിക്കാതെ സസ്യശാസ്‍ത്ര ഗവേഷകനായി മാറിയ പ്രദീപിന്റെ പേരിലും ഒരു കുറിഞ്ഞിയുണ്ട് -‘സ്ട്രോബിലാന്തസ് പ്രദീപിയാന’. 2004 മുതൽ കുറിഞ്ഞികൾക്കായും വനസംരക്ഷണത്തിനായും ജീവിതം ഉഴിഞ്ഞുവെച്ചൊരു സാധാരണക്കാരന് പ്രകൃതി നൽകിയ ഈ സമ്മാനം പത്ത് വർഷത്തിലൊരിക്കൽ പൂക്കും. അതോ​ടൊപ്പം ഈ ജനകീയ സസ്യശാസ്ത്രജ്ഞന്റെ അഭിമാനവും വിടരും.

 പ്രദീപ് കുറിഞ്ഞിയുടെ കൂട്ടുകാരനായിട്ട് രണ്ട് പതിറ്റാണ്ടോടടുക്കുന്നു. 8-14 വർഷത്തിനിടെ ഒരിക്കൽ വിരിയുന്ന വസന്തം തേടി പശ്ചിമഘട്ടം അവസാനിക്കുന്ന ഗുജറാത്തിലെ താപ്തിയിലും പൂർവഘട്ടത്തിലെ യേർക്കാഡിലുമൊക്കെ പ്രദീപിനെ കാണാം. സമുദ്രനിരപ്പിൽനിന്ന് 1500 മീ. ഉയരത്തിൽ മാത്രമല്ല, വൈക്കത്തെ പഞ്ചാരമണലിലും തമിഴ്നാട്ടിലെ മുൾവനത്തിലുംവരെ പ്രദീപ് കുറിഞ്ഞിയെ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് കുറിഞ്ഞി ഫോട്ടോകളും ഇലയും പൂവും ഉണക്കി സംസ്കരിച്ച് സൂക്ഷിക്കുന്ന ഹെർബേറിയം സ്പെസി​െമനുകളും പ്രദീപിന് സ്വന്തം. പ്രമുഖ ഗവേഷകർക്കൊപ്പം സസ്യശാസ്ത്രജ്ഞനല്ലാത്ത, ഡോക്ടറേറ്റില്ലാത്ത പ്രദീപിന്റെകൂടി പേര് ചേർത്ത് ഒമ്പത് പ്രബന്ധങ്ങളാണ് രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടെണ്ണം കൂടി ഉടൻ പ്രസിദ്ധീകരിക്കും. 2025ഓടെ ഇന്ത്യയിലെ കുറിഞ്ഞികളുടെ ഏകദേശ ഡോക്യുമെന്റേഷൻ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് പ്രദീപ്. ലോകത്താകെയുള്ള 450 ഇനത്തിൽ 150 ഇനം കുറിഞ്ഞികളും ഇന്ത്യയിലുണ്ട്. ഇതിൽ 70 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രമാണ്. 37 എണ്ണം കേരളത്തിൽ മാത്രം; അതിൽതന്നെ 20 എണ്ണം മൂന്നാറിൽ മാത്രവും. ഇന്ത്യയിലുള്ളവയിൽ 72ലധികം കു​റി​ഞ്ഞി​ക​ൾ പ്രദീപ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

വനം പുനർജനിക്കുമ്പോൾ...

മറയൂരിൽ സമുദ്രനിരപ്പിൽനിന്ന് 1750 മീ. ഉയരെ അഞ്ചുനാട്ടുപ്പാറയിലുള്ള മലഞ്ചെരുവിൽ എന്നോ നഷ്ടപ്പെട്ടുപോയ ജൈവ സമ്പത്തിനെ വീണ്ടെടുക്കുന്ന ദൗത്യത്തിലാണ് ഇപ്പോൾ പ്രദീപ്. മുമ്പ് ചോലവനവും പുൽമേടുകളുമായി സമൃദ്ധമായിരുന്നു ഇവിടം. പിന്നീട് മുതുവാന്മാർ കപ്പ കൃഷിയും മറ്റും നടത്തി ഇത് കാർഷികഭൂമിയാക്കി.

1980കളിൽ ഇവരിൽനിന്ന് ഈ ഭൂമി ഏറ്റെടുത്ത് വനം വകുപ്പ് അക്കേഷ്യയുടെ കുടുംബത്തിൽപ്പെട്ട കറുത്ത വാറ്റിൽ നട്ടുപിടിപ്പിച്ചു. വാറ്റിലിന് കൂട്ടായി യൂക്കാലിയും അധിനിവേശ കളകളായ ലന്താന (കൊങ്ങിണി), യൂപ​ട്ടോറിയം (കമ്യൂണിസ്റ്റ് പച്ച) എന്നിവയുമെത്തിയത് ഈ പ്രദേശത്തിന്റെ ജൈവ വൈവിധ്യത്തിന് ഭീഷണിയായി. ഈ അധിനിവേശ സ്പീഷീസുകളെ തുരത്തി, നിലവിലെ പരിസ്ഥിതി തകർച്ചയെ തിരുത്തി, മുമ്പുണ്ടായിരുന്ന ആവാസവ്യവസ്ഥ പുനഃസൃഷ്ടിക്കാനുള്ള ദൗത്യം വനംവകുപ്പ് എൽപിച്ചിരിക്കുന്നത് പ്രദീപിനെയാണ്. 1550 മീ. ഉയരത്തിലാണ് ഇപ്പോൾ പരിസ്ഥിതി പുനഃസ്ഥാപന നടപടികൾ പുരോഗമിക്കുന്നത്. അഞ്ചുവർഷംകൊണ്ട് 1750 മീ. ഉയരത്തിൽ വരെ ചോലയും പുൽമേടുകളും ഇടകലർന്ന മിതശീതോഷ്ണ മേഖലയിൽ സ്വാഭാവിക ആവാസവ്യവസ്ഥ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. ഈ ദൗത്യത്തിനിടെയാണ് കഴിഞ്ഞ വർഷം ‘സ്ട്രോബിലാന്തസ് മാത്യുവാന’യെ ക​ണ്ടെത്തുന്നത്. ​തമിഴ്നാട്ടിലെ തൊപ്പിതൂക്കിപ്പാറയിൽപോലും കാണാതിരുന്ന ഇതിൽ രണ്ടെണ്ണം 2014ൽ മൂന്നാർ ടോപ്സ്റ്റേഷനിൽ പൂത്തിരുന്നു. പിന്നീട് അവിടെനിന്ന് അപ്രത്യക്ഷമായി.

പ്രദീപി​െന്റ പേരിലുള്ള മരക്കുറിഞ്ഞിയായ സ്ട്രോബിലാന്തസ് പ്രദീപിയാന പൂവിട്ടപ്പോൾ

 അഞ്ചുനാട്ടുപ്പാറയിൽനിന്ന് ക​ണ്ടെത്തിയ ‘മാത്യുവാന’യിൽനിന്ന് 500 ചെടികൾ ഉണ്ടാക്കി നിരീക്ഷിച്ചുവരുകയാണിപ്പോൾ. എന്ന് കിളിർത്തതാണെന്ന് അറിയാത്തതിനാൽ ഇവയിൽ എപ്പോൾ പൂക്കൾ വിടരുമെന്ന് അറിയില്ല. 2033ൽ പൂക്കുമെന്ന പ്രതീക്ഷയിലാണ് പ്രദീപ്. ഇത് മാത്രമല്ല, അഗസ്ത്യാർകൂടത്തിൽനിന്നും സൈലന്റ്‍വാലിയിൽനിന്നും തമിഴ്നാട്ടിലെ ദൊഡ്ഡാ ബെട്ടയിൽ നിന്നും കൊല്ലിമലയിൽനിന്നുമൊക്കെ ​ശേഖരിച്ച മറ്റ് സസ്യസാമ്പിളുകളും നിരീക്ഷണത്തിനായി പ്രദീപ് അഞ്ചുനാട്ടുപ്പാറയിലെത്തിച്ചിട്ടുണ്ട്. പരിസ്ഥിതി പുനഃസ്ഥാപനത്തിനും കാലാവസ്ഥാമാറ്റത്തെ നേരിടാനുമുള്ള പല കാർഷിക ടൂളുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട് പ്രദീപ്. അടിക്കാടുകൾ വേരോടെ പിഴുതെടുക്കാനും ദുരെ നിന്ന് വെട്ടാനും ചപ്പ് വലിച്ചുമാറ്റാനും പൊടിച്ചുകളയാനുമൊക്കെ പ്രദീപ് ഉപയോഗിക്കുന്നത് സ്വയം നിർമിച്ച ഉപകരണങ്ങളാണ്.

പ്രദീപ് മറയൂർ അഞ്ചുനാട്ടുപാറയിൽ വളർത്തിയെടുത്ത "സ്ട്രോബിലാന്തസ് മാത്യുവാന" ചെടികൾക്കൊപ്പം

 കുറിഞ്ഞിയുടെ വിശാല ലോകത്തിൽ...

അണ്ണാവീട്ടിൽ കൃഷ്ണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായ പ്രദീപ് (48) കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽനിന്ന് പ്രീഡിഗ്രിയും പള്ളിക്കത്തോട് ഐ.ടി.ഐയിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസും കഴിഞ്ഞ് ഇൻസ്ട്രക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് ഫോട്ടോഗ്രഫി ഇഷ്ടപ്പെട്ട് തുടങ്ങിയത്. അങ്ങനെ തൃശൂർ എം.ടി.​ഐയിൽനിന്ന് ഫോട്ടോഗ്രഫിയിൽ ഡിപ്ലോമ എടുത്തു. 2004ൽ മൂന്നാറിൽ മിനി കുറിഞ്ഞി സീസൺ തുടങ്ങിയപ്പോൾ അന്നത്തെ വന്യജീവി വാർഡൻ റോയി പി. തോമസ് (പിന്നീട് പുതുച്ചേരി ഇലക്‌ഷൻ കമീഷണറായി) പ്രദീപിന് കുറിഞ്ഞിച്ചെടികൾ മുഴുവൻ ഡോക്യുമെന്റ് ചെയ്യാനുള്ള അവസരം നൽകി. വനംവകുപ്പിന്റെ ചെക്പോസ്റ്റുകളും കുറിഞ്ഞിയുടെ വിശാല ലോകവും അങ്ങനെ പ്രദീപിന് മുന്നിൽ തുറക്കപ്പെട്ടു.

അന്ന് കാടുകയറിയ പ്രദീപ് മാസങ്ങൾ കഴിഞ്ഞ് തിരികെയെത്തിയത് ചിന്നാറിൽ അപൂർവമായി കാണുന്ന വെളുത്ത കാട്ടുപോത്തിന്റെ പടവുമായാണ്. 2006 ആഗസ്റ്റിൽ മൂന്നാർ നീലക്കടലായപ്പോൾ ‘സ്ട്രോബിലാന്തസ് കുന്തിയാനിസ്’ എന്ന നീലക്കുറിഞ്ഞിയുടെ ചിത്രങ്ങൾ വനംവകുപ്പിനുവേണ്ടി പകർത്താൻ പ്രദീപ് വീണ്ടും നിയോഗിക്കപ്പെട്ടു. അങ്ങനെ കുറിഞ്ഞിയുമായി കൂട്ടായപ്പോഴാണ് പശ്ചിമഘട്ടം അവസാനിക്കുന്ന ഗുജറാത്തിലെ താപ്തി മുതൽ തെക്ക് അഗസ്ത്യമല വരെ സഞ്ചരിച്ച് വിവിധതരം കുറിഞ്ഞികളുടെ ചിത്രം എടുത്ത് ഡോക്യുമെന്റ് ചെയ്യണമെന്ന ആഗ്രഹം മനസ്സിലുദിച്ചത്. ഗവേഷകയായ സിസ്റ്റർ സാന്ദ്രയിൽനിന്ന് ചെടി സൂക്ഷിക്കാനുള്ള മാർഗം പഠിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് കൊടൈക്കനാലിൽ സ്വന്തമായി കുറിഞ്ഞി ഹെർബേറിയം ഉള്ള ഗവേഷകനായ തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജിലെ റവ. എസ്. ജോൺ ബ്രിട്ടോയുടെ അടുത്തെത്തി.

കൈയിലുള്ള പലതരം കുറിഞ്ഞി ഫോട്ടോകളുടെയും സ്പെസിമെനുകളുടെയും പ്രത്യേകതകൾ മനസ്സിലാക്കി. പാലാ സെന്റ് തോമസ് കോളജ് ബോട്ടണി അധ്യാപകൻ ഡോ. ബിൻസ് മാണി, മാള കാർമൽ കോളജ് ബോട്ടണി വിഭാഗത്തിലെ സിസ്റ്റർ ഡോ. സിഞ്ചുമോൾ തോമസ് എന്നിവരെ പരിചയപ്പെട്ടതോടെ പഠനം അവർക്കൊപ്പമായി. വിവിധ ഇടങ്ങളിൽനിന്ന് പ്രദീപ് കൊണ്ടുവരുന്ന ഓരോ സ്പെസിമെനും പഠിച്ച് വർഗീകരിക്കാൻ തുടങ്ങി. അതിനിടെ വനംവകുപ്പിനു വേണ്ടി മൂന്നാറിലെ 20 ഇനം കുറിഞ്ഞികളെ തിരിച്ചറിയാൻ സഹായിക്കുന്ന ഫീൽഡ് ഗൈഡും പ്രദീപിന്റേതായി പുറത്തിറങ്ങി.

2018ൽ അടുത്ത സീസണിലാണ് നീലക്കുറിഞ്ഞികൾ നേരിടുന്ന വെല്ലുവിളി പ്രദീപ് തിരിച്ചറിയുന്നത്. തുടർച്ചയായ രണ്ട് സീസണിൽ നീലക്കുറിഞ്ഞിയെ അടുത്ത് നിരീക്ഷിച്ചതിനാൽ 2006നെക്കാൾ ആരോഗ്യവും ചൈതന്യവും നഷ്ടപ്പെട്ട ചെടികളാണുള്ളതെന്ന് പ്രദീപിന് മനസ്സിലായി. നീലക്കുറിഞ്ഞിയിൽനിന്ന് നീലഗിരി എന്ന പേരുവന്ന ഊട്ടി ദൊഡ്ഡാ ബേട്ടയിൽ 1000 ചെടിയുണ്ടായിരുന്ന സ്ഥാനത്ത് മൂന്ന് ചെടി മാത്രം അവശേഷിച്ചതുപോലെ, തോട്ടവിളരീതികളും നഗരവത്കരണവും മൂന്നാറിന്റെ പ്രകൃതിയെയും ദോഷമായി ബാധിക്കുന്നെന്ന തിരിച്ചറിവുമുണ്ടായി. വാറ്റിൽ, യൂക്കാലി, പൈൻ തുടങ്ങിയവയും കൊങ്ങിണി, കമ്യൂണിസ്റ്റ് പച്ച തുടങ്ങിയ അധിനിവേശ കളകളും കുറിഞ്ഞിക്ക് ഭീഷണിയാകുന്നുണ്ട്. ‘‘കാലാവസ്ഥ മാറ്റം കുറിഞ്ഞികളെ ബാധിച്ചിട്ടുണ്ട്. ഫോട്ടോകൾ പരി​​ശോധിച്ചാൽ ആ മാറ്റം മനസ്സിലാകും. 2030ലെ അടുത്ത സീസണിൽ നീലക്കുറിഞ്ഞിയുടെ ഭാവി തീരുമാനിക്കാനാവും’’ -പ്രദീപ് പറയുന്നു.

സ്വന്തം പേരിൽ കുറിഞ്ഞി

ഇരവിക​ുളത്ത് പല സസ്യഗവേഷകരും കണ്ടിട്ടുള്ള ഒരു ചെടിയുണ്ട്; പത്തുവർഷം കൂടുമ്പോഴ​ാണത് പൂക്കുന്നത്. ഹോമോട്രോപ സ്പീഷിസ് ആയി അതിനെ എല്ലാവരും കണക്കാക്കി. ഇവിടത്തെ ചോലവനത്തിൽ മാത്രമാണ് ഇത് കാണപ്പെട്ടത്. പശ്ചിമഘട്ടത്തിൽ വേറെ എവിടെയും ഇല്ല. ഊട്ടിയിൽ കാണപ്പെടുന്നതാണ് ഹോമോട്രോപയെന്നും ഇരവികുളത്തുള്ളത് മറ്റൊരു ഇനമാണെന്നും പ്രദീപ് കണ്ടെത്തി. അങ്ങനെയാണ് കുറിഞ്ഞികളുടെ പൊതുവായ പേരായ സ്ട്രോബിലാന്തസ് എന്നതിനൊപ്പം പ്രദീപിന്റെ പേരുകൂടി ചേർക്കപ്പെടുന്നത്. രാജ്യാന്തര ജേണൽ ആയ ഫൈറ്റോ ടാക്സായുടെ 2021ലെ ലക്കത്തിൽ അങ്ങനെ ‘സ്ട്രോബിലാന്തസ് പ്രദീപിയാന’ ഇടംപിടിച്ചു. ഇതും ഒരു നാരോ എൻഡമിക് സ്പീഷീസ് ആണ്. തിരുച്ചിറപ്പള്ളി കോളജിലെ റാപ്പിനാട്ട് ഹെർബേറിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ‘പ്രദീപിയാന’ക്ക് മറ്റൊരു രാമപുരം കണക്ഷനുമുണ്ട്. ഈ ഹെർബേറിയത്തിന്റെ സ്ഥാപകനായ ഫാ. ഡോ. കെ.എം. മാത്യുവും പാലാ രാമപുരം സ്വദേശിയാണ്. തേക്കടിയിലെ വനം വകുപ്പ് വാച്ചറും പ്രകൃതി സ്നേഹിയുമായ കണ്ണന്റെ പേരിലുള്ള കണ്ണനി തുടങ്ങി ബെന്തമി, ലോസോണി, ജോമിയൈ, വീരേന്ദ്രകുമാരാന എന്നിങ്ങനെ പല വ്യക്തികളുടെയും പേരിൽ അറിയപ്പെടുന്ന കുറിഞ്ഞി പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയാണ് പ്രദീപിയാന.

 

പ്രദീപ് ഈ വർഷം പൂവിട്ട പുഷ്പാംഗദനി കുറിഞ്ഞിക്കൊപ്പം

ഒരു സസ്യഗവേഷകന് തന്റെ ആയുസ്സിൽ പഠനം നടത്താൻ കഴിയുന്നത് നാലോ അഞ്ചോ കുറിഞ്ഞി സീസൺ മാത്രമാണ്. എട്ടുമുതൽ 16 വർഷത്തിനിടയിൽ ഒരിക്കൽ മാത്രം പൂക്കുന്ന ചെടികളെ നിരീക്ഷിക്കാൻ ഏറെ ക്ഷമ ആവശ്യമാണ്. പി.എച്ച്ഡി എടുക്കണമെങ്കിൽതന്നെ വർഷങ്ങളുടെ കാത്തിരിപ്പ് വേണം. ഈ ക്ഷമയും കാത്തിരിപ്പും മൂലമാണ് ഫൈ​റ്റോ​ടാ​ക്സ, വെ​ബ്ബ​യ, താ​യ്‍വാ​നി​യ, പ്ലാ​ന്‍റ് സ​യ​ൻ​സ് ടു​ഡേ തുടങ്ങിയ ശാ​സ്ത്ര​ജേ​ണ​ലു​ക​ളി​ൽ പ്രദീപിന്റെ പേരും ചേർക്ക​പ്പെട്ടത്. ഗവേഷണത്തിനും കുറിഞ്ഞി തേടിയുള്ള അലച്ചിലിനുമെല്ലാം ഭാര്യ രമ്യ, മക്കളായ അഭിനവ്, ആദർശ്, ആകർഷ് എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയുമുണ്ട്.

യേർക്കാഡ്, കൊല്ലിമല, ഇളഗിരി പോലെയുള്ള സ്ഥലങ്ങളിലെ അറിയപ്പെടാതെ കിടന്ന പലയിനം കുറിഞ്ഞികളും ലോകത്തിനു പരിചയപ്പെടുത്താൻ പ്രദീപിന് കഴിഞ്ഞിട്ടുണ്ട്. കുറിഞ്ഞി പൂക്കുന്ന ഇടങ്ങളെയും കാലങ്ങളെയും കോർത്തിണക്കി ദേശീയ കുറിഞ്ഞി ഭൂപടം തയാറാക്കാനുമായി. വാൽപ്പാറയിലും കുടജാദ്രിയിലും ലോണവാലായിലും നീലഗിരിയിലും മാതേരനിലുമൊക്കെ വിവിധതരം കുറിഞ്ഞികൾ പൂക്കുന്ന വിവരം അവിടെയുള്ള ആദിവാസികളും കർഷകരും പ്രദീപിനെ കൃത്യമായി അറിയിക്കും. ഇതിനിടെ മുൻ ശ്രീലങ്കൻ പ്രസിഡന്റിന്റെ അടുത്ത ബന്ധുവായ ഗവേഷക നിലന്ദി രാജപക്സെ അയൽദ്വീപിലേക്കും പ്രദീപിനെ ക്ഷണിച്ചു. ശ്രീലങ്കയിലെ കുറിഞ്ഞിവൈവിധ്യവും ഇന്ത്യയിലെ കുറിഞ്ഞിയുമായുള്ള ബന്ധവും പഠിക്കാനുള്ള അവസരമായിരുന്നു അത്.പക്ഷേ, മറയൂരിലെ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതി ഏറ്റെടുത്തതിനാൽ അതിന് കഴിഞ്ഞില്ല.

മിശ്രപരാഗണത്തിലൂടെ പല ചെടികളും ഇനം തിരിയുന്നതിനാലാണ് വൈക്കത്തെ പഞ്ചാരമണലിലും തമിഴ്നാട്ടിലെ മുൾവനത്തിലുമൊക്കെ കുറിഞ്ഞിയെ കണ്ടെത്താൻ പ്രദീപിന് ക​ഴിഞ്ഞത്. ഓരോ സ്പീഷീസിന്റെയും പലതരം വകഭേദങ്ങൾ ബോഡിമെട്ടിലും മതികെട്ടാനിലും പൂപ്പാറയിലും പമ്പയിലും ശബരിമലയിലുമൊക്കെ കണ്ടെത്തിയിട്ടുണ്ട്. 13 വർഷമെത്തിയിട്ടും പൂക്കാത്ത രണ്ടിനം കുറിഞ്ഞികളും പ്രദീപിന്റെ ​ശേഖരത്തിലുണ്ട്. സ്ട്രോബിലാന്തസ് ഫോളിസ, സ്ട്രോബിലാന്തസ് മക്രോസ്റ്റാക്കിയ എന്നീ രണ്ട് ഇനങ്ങളും 14ാം വർഷത്തിലോ 16ാം വർഷത്തിലോ പൂവിടുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ് തുടരുകയാണ് പ്രദീപ്.

Tags:    
News Summary - A.K.Pradeep,who travels with the Kurinjis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT