സെയ്ദ് പറക്കുന്നം
പാലക്കാട്: പുകയിലക്കെതിരെ 30 വർഷമായി ഒറ്റയാൾ പോരാട്ടവുമായി മുന്നോട്ടു പോകുകയാണ് പാലക്കാട് പറക്കുന്നം സ്വദേശി ടി.എം. സെയ്ദ് എന്ന സെയ്ദ് പറക്കുന്നം. നൂറോളം പേരെയാണ് ഇൗ കാലയളവിൽ ലഹരിയിൽനിന്ന് മോചിപ്പിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. പറക്കുന്നത്ത് ചെറുകിട വ്യാപാരം നടത്തിയിരുന്ന സെയ്ദ് തന്റെ കടയിലും പുകയില ഉൽപന്നങ്ങൾ വിറ്റിരുന്നു. എന്നാൽ ലഹരിക്കടിമയായവർ മാത്രമല്ല ലഹരി വിൽപനക്കാരും ദൈവത്തിന്റെ മുന്നിൽ കുറ്റവാളികളാകും എന്ന ഉൾവിളിയാണ് ഒറ്റ ദിവസംകൊണ്ട് സെയ്ദിനെ പുകയില ഉൽപന്ന വിപണനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. അന്ന് തുടങ്ങിയ പോരാട്ടം ഇന്നും തുടരുകയാണ് ടീം വെൽഫെയർ അംഗം കൂടിയായ സെയ്ദ്.
മറ്റ് സാമൂഹിക പ്രവർത്തനങ്ങളിലും നിറ സാന്നിധ്യമാണ് സെയ്ദ്. അപകടങ്ങളിൽ പെടുന്നിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിലും പരിസ്ഥിതി പ്രവർത്തകരുടെ കൂടെ മലമ്പുഴ ഡാം പ്ലാസ്റ്റിക് മുക്തമാക്കുന്നതിലും സജീവമായി ഇടപെടാറുണ്ട്. മാസങ്ങൾക്കുമുമ്പ് മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നിന്ന് പരിസ്ഥിതി പ്രവർത്തകരായ സുധീർ ഒലവക്കോടും സെയ്ദ് പറക്കുന്നവും ചേർന്ന് ഉപയോഗശൂന്യമായ 500 ഓളം പ്ലാസ്റ്റിക് കുപ്പികളാണ് സംഭരിച്ചത്. പുകയില വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ നടക്കുന്ന കാമ്പയിൽ പ്രവർത്തനങ്ങൾക്കും സെയ്ദ് ക്ഷണിക്കപ്പെടാറുണ്ട്.
കോഴിക്കോട് സ്വദേശിയായ ഒരു ഡോക്ടറെ പുകവലി ശീലത്തിൽ നിന്നും മോചിപ്പിക്കാനായത് ഇന്നും ഓർമയിൽ കൊണ്ടു നടക്കുന്നുണ്ട് ഇദ്ദേഹം. പ്ലാച്ചിമട സമരത്തിൽ ഇടപ്പെട്ട സെയ്ദ് സമരനായിക മയിലമ്മയുടെ കൂടെ അറസ്റ്റ് വരിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് തലശ്ശേരിയിൽ നിന്നും പാലക്കാട്ടേക്ക് കുടിയേറിയതാണ് സെയ്ദിന്റെ കുടുംബം. പിതാവ് അബ്ദുല്ല തുടങ്ങിയ വിക്ടോറിയ കോളജിനടുത്തെ ചെറിയ വ്യാപാര സ്ഥാപനം നടത്തിക്കൊണ്ടുപോയിരുന്നത് സെയ്ദ് ആയിരുന്നു. പിതാവിന്റെ മരണശേഷം കുറച്ച് കാലങ്ങൾക്ക് ശേഷം കടപൂട്ടി. ഇപ്പോൾ മാധ്യമം അടക്കമുള്ള പത്രങ്ങളുടെ ഏജന്റാണ്. പരേതരായ അബ്ദുല്ല-ബീവി ദമ്പതികളുടെ ആറുമക്കളിൽ രണ്ടാമനാണ് സെയ്ദ്. ഭാര്യ റെയ്ഹാനയും മക്കളായ അസീസ് അഹ്മദും സഹ്ലയും സാമൂഹിക പ്രവർത്തനങ്ങൾക്ക് ഉറച്ച പിന്തുണയുമായി സെയ്ദിന്റെ കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.