ആഷിഫ്​ തച്ചോടി

മലീഹ മലയിടുക്കുകളുടെ രഹസ്യം തേടി ഒരു യാത്ര...

മലീഹ മലയിടുക്കുകളിലൂടെ  ജീവജാലങ്ങളെ തേടി സുഹൃത്തുക്കൾക്കൊപ്പം നടത്തിയ യാത്രയെ കുറിച്ച്​  ആഷിഫ്​ തച്ചോടി എഴുതുന്നു

ഷാർജ- ദുബൈ അതിർത്തിയിലെ മലീഹ മലയിടുക്കുകൾക്കപ്പുറത്ത്​ ഷൗക ഡാമിന്​ സമീപത്തതായി ചെറുതും വലുതുമായ ഒരു പാട് ജീവജാലങ്ങൾ പാർക്കുന്ന സ്ഥലമുണ്ട്​. അറേബ്യൻ റെഡ്​ ഫോക്സ്​, സാൻഡ്​വൈപർ പാമ്പുകൾ, അറേബ്യൻ ടോഡ്​ തവളകൾ, സഹാറൻ ഹോൺഡ്​ വൈപർ പാമ്പ്​, വലിയ ഹയറി സ്​കോർപിയൻ ഞണ്ട്​, അഗാമസ്​ പല്ലികൾ...അങ്ങിനെ നീളുന്നു ഇവിടെയുള്ള വ്യത്യസ്ത ജീവജാലങ്ങൾ.

മനുഷ്യർക്ക് മുന്നിൽ അധികം പ്രത്യക്ഷപ്പെടാൻ ഇഷ്ട്ടപ്പെടാത്ത ഇവയെ കാണണമെങ്കിൽ പുലരുന്നതിനു മുൻപ് തന്നെ അവിടെ എത്തണം. ട്രക്കിങ്ങിനും ഫോട്ടോയെടുക്കുന്നതിനും പറ്റിയ പ്രകൃതിദത്തമായ സ്ഥലമാണിത്.കിട്ടിയ വിവരങ്ങൾ അനുസരിച്ച്​ രാവിലെ ആറ്​ മുതൽ ഏഴ്​ വരെയാണ് ജീവജാലങ്ങലെ കൂടുതലായി കാണാൻ കഴിയുന്നത്. പിന്നെ ഇവ മറയും. പിന്നീട് വൈകുന്നേരങ്ങളിലേ പ്രത്യക്ഷപെടുകയുള്ളു.

തലേന്ന് നിശ്ചയിച്ച പ്രകാരം പുലർച്ച നാലിന്​ തന്നെ ഞാനും വൈൽഡ്​ ലൈഫ്​ ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ള സുഹൃത്ത്​ കെവിൻ വർഗീസും ചേർന്ന്​ റാസൽഖൈമയിൽ നിന്ന് Rav 4 വാഹനത്തിൽ യാത്ര തുടങ്ങി. ഏകദേശം ഒന്നര മണിക്കൂർ ഡ്രൈവ് ഉണ്ട്. പോകുന്ന വഴിക്ക് കടകൾ കുറവായതിനാൽ വെള്ളവും മറ്റു ലഘു ഭക്ഷണങ്ങളും വാങ്ങേണ്ടതുണ്ട്. അതു കൂടി കണക്കിലെടുത്താണ്​​ രാവിലെ നാലിന്​ തന്നെ പുറപ്പെട്ടത്. ലക്ഷ്യത്തോടടുക്കും തോറും വഴി ദുർഘടമായിക്കൊണ്ടിരുന്നു. എങ്കിലും സെഡാൻ കാറുകളിലും പോകാവുന്നതാണ്.

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരായ നസീർ പാങ്ങോടും അബീഷും അബൂദബിയിൽ നിന്നും വെളുപ്പിന് നിശ്​ചിത സമയത്ത്​ എത്തിയിരുന്നു. ഈ പർവത നിരകളിൽ കണ്ടു വരുന്ന ജീവജാലങ്ങളെ പരമാവധി ക്യാമറയിൽ പകർത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. നടത്തം തുടരുന്നതിനിടയിൽ കണ്ടു മുട്ടുന്ന ഒരു കുഞ്ഞു ജീവികളെ പോലും ആരും വെറുതെ വിടുന്നില്ല. ഇരുന്നും കിടന്നും അവയുടെ വിവിധ ഭാവങ്ങൾ പകർത്തുന്ന തിരക്കിലായിരുന്നു എല്ലാവരും.

വിചിത്ര ലോകം

വിചിത്രമായ വല നെയ്യുന്ന ചിലന്തികളും പാറിപ്പറക്കുന്ന തുമ്പികളും മറ്റും കണ്ണിനും ക്യാമറക്കും വിരുന്നായി. വെള്ളം ഒഴുകുന്ന കൊച്ചു കൊച്ചു അരുവികളിൽ അവയുടെ ഇരപിടുത്തവും മറ്റും ക്യാമറയിൽ പകർത്തി. വെയിൽ കായുന്ന തുമ്പികളെയും കണ്ട് ഞങ്ങൾ മുന്നോട്ട് നടന്നു. ഇതിനിടയിൽ ചിലന്തികളുടെയും തുമ്പികളുടെയും വിവിധ നിറങ്ങളുംഅവയുടെ ജീവിത ചക്രവും ഞങ്ങളുടെ ചർച്ചകളായി.

അങ്ങിനെ നടക്കുന്നിതിനിടയിൽ പെട്ടെന്നു പറയിടുക്കിൽ നിന്നും മുന്നിലേക്ക് ചാടി വന്നു ഒരു അറേബ്യൻ തവള (Arabian toad). അവൻ കുറച്ചു നേരം ഞങ്ങളെ നോക്കുകയും കുഴപ്പക്കാരല്ലെന്ന്​ തോന്നിയത് കൊണ്ടാകാം ഫോട്ടോയെടുക്കുന്നതിനു അനുവദിക്കുകയും പിന്നെ ചാടി കാട് കയറി പോകുകയും ചെയ്തു. അപൂർവത ഇല്ലെങ്കിലും ഇവയെ കണ്ടു കിട്ടാൻ ബുദ്ധിമുട്ടാണ്. ഇവയുടെ നിറവും ഉണങ്ങിയ ശരീര പ്രകൃതിയും തന്നെ കാരണം.

കുറുക്കന്‍റേതെന്ന്​ തോന്നുന്ന കാൽപാടുകളും ഗുഹകളും കണ്ടെങ്കിലും അവയെ നേരിൽ കണ്ടെത്തുക ദുസ്സഹമായി. തുടർന്ന് നടത്തത്തിനിടയിൽ കണ്ട പക്ഷികളായ അറേബ്യൻ ഗ്രീൻ ബീ ഈറ്റേഴ്​സ്​, ഡസർട്ട്​ ലാർക്​, ഹ്യൂമസ്​ വീറ്റിയർ, റെഡ്​ വെന്‍റഡ്​ ബുൾബുൾ, യെല്ലോ സൺബേഡ്​, സ്​ട്രിയോലേറ്റഡ്​ ബണ്ടിങ്​ എന്നിവയെ തിരിച്ചറിയികയും കാമറയിൽ ഒപ്പിയെടുക്കുകയും ചെയ്തു.

അപ്രതീക്ഷിതം അഗാമ

സമയം, ചൂട് ഇവ രണ്ടും അതിക്രമിക്കുകയും കൈയിൽ കരുതിയ വെള്ളം തീരുകയും ചെയ്തതോടെ തിരിച്ചു നടക്കാം എന്ന് തീരുമാനമെടുത്തു. അറേബ്യൻ റെഡ്​ ഫോക്സ്​, സാൻ​ഡവൈപർ എന്നിവയെ കാണാൻ കഴിഞ്ഞില്ലെങ്കിലും അടുത്തവരവിൽ കണ്ടു പിടിക്കാം എന്ന് തീരുമാനിച്ചായിരുന്നു തിരിച്ചിറക്കം. പക്ഷെ, തിരിച്ചിറങ്ങുമ്പോൾ ചെറിയ ഒരു അത്ഭുതം കൂടി ഞങ്ങൾക്കായി കരുതി വെച്ചിരുന്നു. പ്രകൃതി അങ്ങിനെയാണ്, വിചാരിച്ചത് തന്നില്ലെങ്കിലും നമ്മെ നിരാശയോടെ തിരിച്ചയക്കാറില്ല.

അപ്രതീക്ഷിതമായി ഒരു ദർശനം-അഗാമ ലിസാഡ്​, റെയിൻബോ ലിസാഡ്​ എന്നൊക്കെ വിളിക്കുന്ന പല്ലികൾ കൺമുൻപിൽ. ഒന്നല്ല, വലുതും ചെറുതുമായി നാലോളം ജോഡികൾ. മനോഹരമായ നീലയും ചുവപ്പും കലർന്ന ദേഹവും നീണ്ട വാലുമുള്ള അഗാമയെ കണ്ടത്​ ചൂടിലെ തളർന്ന അവസ്ഥയിലും ശരീരത്തിന്​ ഊർജം പകർന്നു. ചെറുതും മിതമായതുമായ വലിപ്പമുള്ള, നീണ്ട വാലുള്ള, പഴയ വലിയ പല്ലികളുടെ ജനുസ്സാണ് അഗാമ. ഈ ഗണത്തിൽ ഏറ്റവും കുറഞ്ഞത് 37 ഇനങ്ങളെങ്കിലും ഉണ്ടെന്ന്​ പറയപ്പെടുന്നു.

കൃത്യമായ അകലത്തിൽ ഇരുന്നു അവയുടെ ഓരോ ചലനങ്ങളും പകർത്തുന്നത്തിലേക്കായി എല്ലാവരുടെയും ശ്രദ്ധ. പല കോണുകളിലൂടെയും അവയുടെ ഓരോ ഭാവങ്ങളും കളികളും ആസ്വദിക്കുകയും കാമറയിലേക്കു പകർത്തുകയും ചെയ്തു. അവയുടെ ജീവിതവും ഇരകൾ പിടിക്കുന്ന രീതിയും മറ്റും കാണുകയും അവയെ കുറിച്ചുള്ള ചർച്ചകൾ നടത്തുകയും ചെയ്തു. സമയം 1.30 അടുത്തിരിക്കുന്നു. ഇന്നത്തെ ഫോട്ടോവാക്​ അവസാനിപ്പിക്കാറായി. ഏഴര മണിക്കൂർ നീണ്ട നടത്തത്തിനു ശേഷം തുടങ്ങിയ സ്ഥലത്തു തിരിച്ചെത്തുകയും കിട്ടിയ ചിത്രങ്ങളെ കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്താണ്​ പിരിഞ്ഞത്​. 

Tags:    
News Summary - a photo walk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT