കഥ പറയുന്ന വര്‍ലി പെയിന്‍റിങ് സാരികള്‍

ഒരു ദിവസത്തെയോ ഒരു മാസത്തെയോ ജീവിതചര്യകളോ വിശേഷ ദിവസങ്ങളോ ഒരു സാരിയില്‍ ചിത്രീകരിച്ചാല്‍ എങ്ങനെയുണ്ടാവും! മഹാരാഷ്ട്രയിലെ ആദിവാസികള്‍ക്കിടയിലുള്ള വര്‍ലി പെയിന്‍റിങ് പ്രശസ്തിയാര്‍ജിക്കുന്നത് മലയാളിയായ രവീന്ദ്രനോടൊപ്പമാണ്. ആദിവാസി സമൂഹത്തിന്റെ ദിനചര്യകള്‍, വിവാഹം, ഉത്സവങ്ങള്‍ തുടങ്ങിയവയെല്ലാം ചിത്രത്തിന് ആധാരമാവാം. അവക്ക് പുതിയ രൂപവും ഭാവവും നിറങ്ങളും നല്‍കി തന്‍േറതായ ഒരു ശൈലി നല്‍കാന്‍ രവീന്ദ്രനായിട്ടുണ്ട്.

പാലക്കാട്ടുകാരനായ രവീന്ദ്രന്‍ വര്‍ലി പെയിന്‍റിങ്ങുമായി കൂട്ടുകൂടിയിട്ട് 12 വര്‍ഷമായി. തന്‍േറതായ മനോധര്‍മ്മത്തിനനുസരിച്ച് ഫേബ്രിക് പെയിന്റുകള്‍ ഉപയോഗിച്ചാണ് പെയിന്‍റിങ് ചെയ്യുന്നത്. ഏകദേശം അഞ്ച് മുതല്‍ 10 ദിവസമെടുക്കും ഒരു സാരിയില്‍ പെയിന്‍റിങ് പൂര്‍ത്തിയാക്കാന്‍. ആദിവാസികളുടെ കല്യാണ രീതികള്‍, ദിനചര്യകള്‍ എന്നിവ സാരികളിലെത്തുമ്പോള്‍ ഒരു കഥ വായിച്ചെടുക്കാം. ഇതിന് ചേരുന്ന നിറങ്ങളും നിറങ്ങളുടെ ചേരുവകളുമാണ് പ്രധാന ആകര്‍ഷണീയത.

ഭാരത സര്‍ക്കാരിന്‍െറ വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സില്‍ക് ബോര്‍ഡിന്‍െറ സില്‍ക് മാര്‍ക്കിലൂടെയാണ് വര്‍ലി ട്രൈയ്ബല്‍ ആര്‍ട്ട് പെയിന്‍റിങ് രവീന്ദ്രന്‍ ചെയ്യുന്നത്. ഗുണമേന്മയുള്ള പട്ടില്‍ വര്‍ഷങ്ങളോളം വര്‍ലി പെയിന്‍റിങ് നിലനില്‍ക്കും. പാലക്കാട് നിന്ന് ഫൈന്‍ ആര്‍ട്സ് പഠിച്ച് ടെക്സ്റ്റയില്‍സ് പ്രിന്‍റിങ്ങില്‍ കുറച്ചുനാള്‍ ജോലി ചെയ്ത ശേഷമാണ് രവീന്ദ്രന്‍ വര്‍ലി പെയിന്‍റിങ്ങിലേക്ക് തിരിയുന്നത്.

12 വര്‍ഷമായി ഹൈദരാബാദിലാണ് താമസം. ഭാര്യ ബിന്ദുവും കുട്ടികളും പെയിന്‍റിങ്ങില്‍ രവീന്ദ്രനെ സഹായിക്കുന്നു. 6,500 രൂപയാണ് വര്‍ലി പെയിന്‍റിങ് ചെയ്ത ഒരു സില്‍ക് സാരിയുടെ വില. ഏത് സാരിയിലും ഈ ഡിസൈന്‍ ചെയ്യാമെങ്കിലും കാഞ്ചിപുരം ഉള്‍പ്പെടെയുള്ള സില്‍ക് സാരികള്‍ക്കാണ് കൂടുതല്‍ ഇണങ്ങുന്നത്. സില്‍ക് മാര്‍ക്കിന്റെ എക്സിബിഷന്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് വര്‍ലി പെയിന്‍റിങ് ചെയ്തു കൊടുക്കും. ഡ്രൈക്ളീന്‍ വാഷ് ആണ് ഇത്തരം സാരികള്‍ക്ക് അനുയോജ്യം. സാരികള്‍, ചുരിദാറുകള്‍, ഷാളുകള്‍, സ്കാര്‍ഫുകള്‍ എന്നിവയില്‍ രവീന്ദ്രന്‍ ചുവര്‍ചിത്രങ്ങള്‍ പെയിന്‍റ് ചെയ്യാറുണ്ട്. ഇപ്പോള്‍, ഓണവിപണിയിലും വര്‍ലി പെയിന്‍റിങ് സാരികള്‍ തരംഗമാണ്. ഓണപ്പുടവയില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.

- ജുവല്‍ ആന്‍

കടപ്പാട്:
Ravidran P
Warli & Silk Painting,
Silk Mark.
Ph: No: 9440087715

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.