സൊഹ്റാൻ മംദാനി
ഏറെ വിമർശനങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് ന്യൂയോർക് മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിയെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളുമാണ് മാധ്യമങ്ങൾ പുറത്തുവിടുന്നത്. മംദാനി വിരലുകളിൽ അണിയുന്ന മോതിരമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. എല്ലാ ദിവസവും മൂന്ന് വെള്ളി മോതിരങ്ങളാണ് മംദാനി അണിയുന്നത്. 34കാരനായ മംദാനിയുടെ ജീവിതത്തിന്‍റെ ഭാഗമായ മോതിരങ്ങൾക്കും പറയാനുണ്ട് ഓരോ കഥകൾ.
2013ൽ മുത്തച്ഛൻ മരിച്ചതിന് ശേഷമാണ് മംദാനി മോതിരങ്ങൾ അണിയാൻ തുടങ്ങിയത്. മുത്തച്ഛനുമായുള്ള ബന്ധം നിലനിർത്താനാണ് ആഭരണങ്ങൾ ധരിക്കുന്നതെന്ന് മംദാനി വിശദീകരിക്കുന്നത്. മുത്തച്ഛന്‍റെ പാരമ്പര്യ സ്വത്തായി ലഭിച്ച മോതിരമാണ് മംദാനി വലതുകൈയിലെ ചൂണ്ടുവിരലിൽ ധരിക്കുന്നത്. 2007ൽ സിറിയൻ യാത്രക്കിടെയാണ് ഈ മോതിരം മംദാനി സ്വന്തമാക്കിയത്. ഏറെ അനുഗ്രഹിക്കപ്പെട്ട മോതിരമാണതെന്നും മുത്തച്ഛനെ തന്‍റെ ജീവിതത്തിൽ നിലനിർത്താനുള്ള വഴിയാണിതെന്നും മംദാനി പറയുന്നു.
സൊഹ്റാൻ മംദാനി ധരിക്കുന്ന മോതിരങ്ങൾ
വലതുകൈയിലെ രണ്ടാമത്തെ വെള്ളി മോതിരം തുനീഷ്യൻ യാത്രക്കിടെ ജീവിതപങ്കാളിയും സിറിയൻ ചിത്രകാരിയും വിഷ്വൽ ആർട്ടിസ്റ്റുമായ റമ സവാഫ് ദുവാജി വാങ്ങി സമ്മാനിച്ചതാണ്. ഇടതുകൈയിലെ മോതിര വിരലിൽ മംദാനി അണിഞ്ഞിട്ടുള്ളത് വിവാഹ മോതിരമാണ്. ലോവർ മാൻഹാട്ടനിലെ സിറ്റി ക്ലർക്ക് ഓഫിസിൽവെച്ച് നടന്ന വിവാഹത്തിന്‍റെ ഓർമക്കാണ് ഈ മോതിരം ധരിക്കുന്നത്. ഈ വർഷമായിരുന്നു സൊഹ്റാൻ മംദാനിയുടെയും റമ സവാഫിന്‍റെയും വിവാഹം.
ഭാര്യ ഡിസൈൻ ചെയ്ത ഒരു മോതിരം മംദാനി സാധാരണയായി ധരിക്കാറുണ്ടായിരുന്നു. എന്നാൽ, മോതിരം കൊണ്ട് വിരലിന് മുറിവുണ്ടാകുന്നത് സ്ഥിരമായതോടെ അത് ഉപയോഗിക്കാതെ വന്നു. അതിനിടെ മോതിരത്തിന്‍റെ ഡിസൈൻ മാറ്റാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ, ഡിസൈൻ മാറ്റാനിരിക്കെ മോതിരം ഓവുചാലിൽ വീണ് നഷ്ടപ്പെടുകയും ചെയ്തു. നഷ്ടപ്പെട്ട മോതിരത്തെ ഓർത്ത് ഞങ്ങൾ ഇപ്പേൾ ദുഃഖിക്കുന്നതായി മംദാനി തമാശയായി പറയുന്നു.
കലയിലും ആക്ടിവിസത്തിലും ആഴത്തിൽ വേരൂന്നിയ കുടുംബത്തിൽ, കേരളത്തിൽ കുടുംബ വേരുകളുള്ള പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര പ്രവർത്തക മീര നായരുടെയും ഗുജറാത്തി മുസ്‍ലിം കുടുംബത്തിൽ ജനിച്ച യുഗാണ്ടൻ അക്കാദമീഷ്യനായ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ മംദാനി. മംദാനിയുടെ പാരമ്പര്യം പോലെ തന്നെ അദ്ദേഹം ധരിക്കുന്ന മോതിരങ്ങളും സംസ്കാരങ്ങളുടെ കഥകളുടെയും സമ്പന്നമായ കൂട്ടിച്ചേർക്കലിനെ സൂചിപ്പിക്കുന്നു.
സലാം ബോംബെ, മൺസൂൺ വെഡ്ഡിങ് തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധായികയാണ് മീര നായർ. 1989ൽ യുഗാണ്ടയിൽ ഗവേഷണത്തിനിടെയാണ് മീര നായരും മഹ്മൂദ് മംദാനിയും കണ്ടുമുട്ടിയതും വിവാഹിതരായതും. 1991ൽ യുഗാണ്ടയിലെ കംപാലയിലാണ് സൊഹ്റാൻ മംദാനി ജനിച്ചത്.
സൊഹ്റാൻ മംദാനിയും ഭാര്യ റമ സവാഫ് ദുവാജിയും
മുംബൈയിൽ ജനിച്ച മഹ്മൂദ് കംപാലയിലായിരുന്നു വളർന്നത്. 1972ൽ ഈദി അമീന്റെ ഭരണകാലത്ത് നാടുകടത്തപ്പെട്ട അദ്ദേഹം ഹാർവഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി നേടുകയും ആഫ്രിക്കൻ, യു.എസ് യൂനിവേഴ്സിറ്റികളിൽ അക്കാദമിക ജീവിതം തുടങ്ങുകയും ചെയ്തു. ഇപ്പോൾ കൊളംബിയ യൂനിവേഴ്സിറ്റി പ്രഫസറാണ്. അദ്ദേഹത്തിന്റെ 'സിറ്റിസൺ ആൻഡ് സബ്ജക്ട്' എന്ന പുസ്തകം ഏറെ പ്രശസ്തമാണ്.
പിതാവ് കൊളംബിയ യൂനിവേഴ്സിറ്റി പ്രഫസറായതോടെ, തന്റെ ഏഴാം വയസ്സിലാണ് സൊഹ്റാൻ ന്യൂയോർക്കിലെത്തിയത്. കുടുംബം ന്യൂയോർക്കിൽ സ്ഥിരതാമസമായതിനു ശേഷം 2018ലാണ് സൊഹ്റാന് യു.എസ് പൗരത്വം കിട്ടിയത്. സിറിയൻ ചിത്രകാരിയും വിഷ്വൽ ആർട്ടിസ്റ്റുമായ റമ സവാഫ് ദുവാജിയാണ് (27) സൊഹ്റാൻ മംദാനിയുടെ ജീവിത പങ്കാളി. കലയും സംഗീതവുമാണ് ഇരുവരെയും ഒരുമിപ്പിച്ചത്.
മീര നായർക്കും മഹ്മൂദ് മംദാനിക്കും റമ സവാഫ് ദുവാജിക്കും ഒപ്പം സൊഹ്റാൻ മംദാനി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.