ദുബൈ: ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിക്കാൻ ലോകത്ത് വ്യത്യസ്ത രീതിയിലുള്ള പ്രകടനങ്ങൾ നടക്കാറുണ്ട്. സാധാരണയിൽ നിന്ന് ഏറെ വിഭിന്നമായ റെക്കോഡ് പ്രകടനമാണ് കഴിഞ്ഞ ദിവസം ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടന്നത്. താടിവെട്ടിയും ഷേവ് ചെയ്തുമാണ് ഒരു സംഘം ബാർബർമാർ ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടംപിടിച്ചത്.
ബ്യൂട്ടി വേൾഡ് മിഡിൽ ഈസ്റ്റ് 2025ന്‍റെ ഭാഗമായാണ് റെക്കോഡ് പ്രകടനം സംഘടിപ്പിച്ചത്. ജി.സി.സി രാജ്യങ്ങളിലെയും ലെബനനിലെയും 48 ബാർബർമാരാണ് പരിപാടിയിൽ പങ്കെടുത്തത്. ഒരു മണിക്കൂർ കൊണ്ട് 190 പേരുടെ താടിവെട്ടിയും ഷേവ് ചെയ്തുമാണ് ബാർബർമാർ റെക്കോഡിട്ടത്. കൂടാതെ, ഗിന്നസ് വേൾഡ് റെക്കോഡിൽ പുതിയ ഒരു മത്സര വിഭാഗത്തിനുമാണ് ബാർബർമാർ തുടക്കം കുറിച്ചത്.
19 സെക്കൻഡ് ആണ് ഒരാളുടെ താടിവെട്ടാൻ നിജപ്പെടുത്തിയിരുന്നത്. 24 ഗ്രൂമിങ് സ്റ്റേഷനുകളിലായി തിരിച്ച് പ്രവർത്തിച്ച ഓരോ ടീമിലും ഒരു സ്റ്റൈലിസ്റ്റും ഒരു സഹായിയും ഉണ്ടായിരുന്നു. ഇവരുടെ വേഗത, ഏകോപനം, വൈദഗ്ധ്യം എന്നിവയാണ് റെക്കോഡിലൂടെ പ്രകടമായത്.
നാല് ഉപഭോക്താക്കളെ വീതമാണ് ഓരോ ബാർബറിനും നൽകിയിരുന്നത്. ബാർബർമാർ താടിവെട്ടാനും ഷേവ് ചെയ്യാനും എടുത്ത സമയം ഗിന്നസ് വേൾഡ് റെക്കോഡ് അധികൃതർ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു.
ആവേശഭരിതരായ ജനക്കൂട്ടത്തിന് മുമ്പിൽ ബാർബർമാർ, തങ്ങളുടെ കരവിരുതിനെയും ടീം വർക്കിനെയും ജോലി ചെയ്യാനുള്ള അഭിനിവേശത്തെയും കുറിച്ച് വാചാലരായി. രജിസ്റ്റർ ചെയ്തവരെ സൗജന്യമായി താടിവെട്ടിയും ഷേവ് ചെയ്തും ബാർബർമാർ സുന്ദരന്മാരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.