രക്ഷിതാക്കളോട് വാശി പിടിച്ച്, മുതിർന്നവർക്കുവേണ്ടി വിപണിയിലിറങ്ങുന്ന ചർമസംരക്ഷണ ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക പരത്തുന്നു. വലിയവരുടെ ബ്യൂട്ടി ദിനചര്യകൾ അതേപോലെ അനുകരിച്ച് ഇത്തരം ഉൽപന്നങ്ങൾ ആവശ്യപ്പെടുന്ന കുട്ടികളെ പ്രോത്സാഹിപ്പിച്ചാൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദോഷകരമല്ലാത്തത് എന്ന് പലരും കരുതുന്ന ഫേസ് മാസ്ക്, സൺ സ്ക്രീൻ, ലിപ് ബാം പോലുള്ളവയിൽ തുടങ്ങുകയും പിന്നെ ‘സിറം’, ഗ്ലോയിങ് ക്രീം എന്നിവയിലേക്ക് പുരോഗമിക്കുകയും ചെയ്യുന്ന കുഞ്ഞു പിള്ളേരുടെ എണ്ണം ചെറുതല്ല. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ ട്യൂട്ടോറിയലുകളും മുതിർന്ന ഇൻഫ്ലുവൻസർമാരുടെ ജീവിതശൈലിയുമാണ് പല കുട്ടികളുടെയും പ്രചോദനമെന്ന് ഒന്നു ശ്രദ്ധിച്ചാൽ മനസ്സിലാകും. കുട്ടികൾ സ്ഥിരമായി ഫോളോ ചെയ്യുന്ന സമപ്രായക്കാരോ കൗമാര പ്രായക്കാരോ അതും കടന്ന് മുതിർന്നവരോ ആയ വ്ലോഗർമാരെയാണ് അവരാദ്യം അനുകരിക്കുക. പിന്നീട് പലതരം ഓൺലൈൻ ബ്യൂട്ടി ട്യൂട്ടോറിയലുകളിലേക്കും അവർ സ്ക്രോൾ ചെയ്യും.
കുട്ടികളുടെ ചർമങ്ങൾ പ്രകൃതിപരമായിതന്നെ ബാലൻസ്ഡ് ആണെന്നും മൃദുവായ സോപ്പും വെള്ളവുമല്ലാതെ മറ്റൊന്നും സാധാരണഗതിയിൽ അവർക്ക് ആവശ്യമില്ലെന്നുമാണ് ചർമരോഗ വിദഗ്ധർ പറയുന്നത്. കടുപ്പമുള്ളതും ആവശ്യമില്ലാത്തതുമായ ബ്യൂട്ടി ഉൽപന്നങ്ങൾ അവരുടെ ചർമത്തിൽ അസ്വസ്ഥതയും അലർജിയും സൃഷ്ടിക്കുമെന്നും അവർ ചൂണ്ടിക്കാണിക്കും.
അതിനേക്കാളുപരി, ആത്മവിശ്വാസവും സ്വന്തത്തിലുള്ള വിശ്വാസവും ഉറക്കുന്നതിന് മുമ്പുതന്നെ, തങ്ങളുടെ മുഖവും ശരീരഭാഗങ്ങൾ പലതും റിപ്പയർ ചെയ്യേണ്ടതാണെന്നുള്ള അപകടകരമായ മാനസികാവസ്ഥ കുട്ടികളിൽ സൃഷ്ടിക്കുമെന്നതാണ് ഈ ബ്യൂട്ടി കൾച്ചറിന്റെ പ്രധാന പ്രശ്നമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
സ്ക്രീൻ ടൈം കുറച്ചിട്ടുപോലും ഈ അനുകരണശീലത്തിൽനിന്ന് കുട്ടികളെ പിന്തിരിക്കാനാകുന്നില്ലെന്നും പല രക്ഷിതാക്കളും പറയുന്നു. മുതിർന്നവരെ കോപ്പി ചെയ്യുകയെന്ന ജനിതകപരമായ ശീലം ബ്യൂട്ടി ശീലങ്ങളുടെ കാര്യത്തിൽ അപകടകരമാകുകയാണെന്ന് സാരം. ‘ബ്യൂട്ടി ആധി’യിലെത്തിക്കുന്ന ഈ ശീലത്തിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കൽ അനിവാര്യമാണെന്നും മാനസികാരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.