പത്മശ്രീ ലഭിച്ച കൈതപ്രത്തിന് ഭാര്യ ദേവകി അന്തർജനം

മധുരം നൽകുന്നു

പത്മപ്രഭയിൽ വേദഗ്രാമം

വണ്ണാത്തിപ്പുഴയുടെ താളത്തിനൊപ്പം കവിത ചൊല്ലിയും പാരമ്പര്യത്തി​െൻറ താളം കൈവിടാതെ ശുദ്ധസംഗീതമാലപിച്ചും നടന്ന കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മ പുരസ്കാരം ലഭിച്ചപ്പോൾ അംഗീകാരം നേടുന്നത് ഒരു ഗ്രാമംകൂടിയാണ്. സ്വന്തം പേരിനൊപ്പം ഗ്രാമത്തെകൂടി ചേർത്തുനിർത്തിയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി വേദഗ്രാമമെന്ന കൈതപ്രത്തെ കേരളത്തിനു പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പത്മശ്രീയിലൂടെ പുരസ്കൃതമാവുന്നത് കൈതപ്രം ഗ്രാമംകൂടിയാണ്.

പ്രശസ്ത സംഗീതജ്ഞൻ കണ്ണാടി ഭാഗവതർ മകന് ശാസ്ത്രീയസംഗീതത്തി​െൻറ ഹരിശ്രീ പകർന്നുനൽകിയപ്പോൾ അത് മലയാളഗീതി സാഹിത്യത്തി​െൻറ ചരിത്രം തിരുത്തുമെന്ന് ഒരിക്കലും കരുതാനിടയില്ല. മഹാരഥന്മാരായ കവികൾ അടക്കിവാണ ഗീതി സാഹിത്യത്തിലേക്കാണ് കൈതപ്രം കടന്നുവന്ന് സ്വന്തമായ ഇടം കണ്ടെത്തിയത്. ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടൻ എന്ന സിനിമയിലൂടെ പാട്ടി​െൻറ പൂവട്ടക പൊട്ടിച്ചിതറി വർത്തമാനത്തിലും താളസമൃദ്ധമായി, ദേവദുന്ദുഭി സാന്ദ്രലയമായി ഒഴുകിക്കൊണ്ടിരിക്കുന്നു.

എസ്.വി.എസ്. നാരായണ​െൻറ ശിഷ്യനായിരിക്കെ തിരുവനന്തപുരത്ത് 'തിരുവരങ്ങ്' എന്ന നാടകസമിതിയുമായി ബന്ധപ്പെട്ട കൈതപ്രം 1970ലാണ് കാവ്യ, ഗാനരംഗത്ത് ചുവടുവെക്കുന്നത്. നിരവധി ലളിതഗാനങ്ങൾ ആകാശവാണിയിലൂടെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയതോടെയാണ് ചലച്ചിത്ര ഗാനശാഖയിലേക്ക് വഴിതുറന്നത്. നരേന്ദ്ര പ്രസാദി​െൻറ 'നാട്യഗൃഹ'ത്തിൽ നടനും സംഗീതസംവിധായകനും ഗായകനുമായി. ഇതിലെ ദേവദുന്ദുഭി സാന്ദ്രലയം എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. കുടുംബപുരാണം എന്ന ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധേയനായി. സോപാനം എന്ന ചിത്രത്തിനുവേണ്ടി തിരക്കഥയും എഴുതി. സ്വാതിതിരുനാൾ, ആര്യൻ, ഹിസ് ഹൈനസ്സ് അബ്​ദുല്ല, ഭരതം, ദേശാടനം തുടങ്ങി 20ൽപരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

1993ൽ പൈതൃകത്തിലെ ഗാനരചനക്കും 1996ൽ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഗാനരചനക്കും സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. നാടക ഗാനരചനക്കും രണ്ടുതവണ സംസ്ഥാന സർക്കാർ പുരസ്കാരം നേടിയിട്ടുണ്ട്. 1996ൽ ദേശാടനത്തിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഇതിലെ ഗാനങ്ങൾ ഏറെ ജനപ്രീതി നേടി. 1997ൽ കാരുണ്യത്തിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി. ദേശാടനം, കളിയാട്ടം, തട്ടകം, എന്നു സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾക്കും സംഗീതസംവിധാനം നടത്തി. ഇതിനകം നാനൂറിൽപരം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. ഗാനരചന കൂടാതെ, കർണാടക സംഗീതരംഗത്തെ സംഭാവനകളെ മാനിച്ച് തുളസീവന പുരസ്കാരവും ലഭിച്ചിട്ടുണ്ട്. രോഗശമനത്തിന് സംഗീതചികിത്സ ഫലപ്രദമാണെന്നു തെളിയിക്കാൻ കേരളത്തിലെ നിരവധി ആതുരാലയങ്ങളിൽ ഇദ്ദേഹം സംഗീത പരിപാടികളും ഗവേഷണങ്ങളും നടത്തിവരുന്നുണ്ട്. അടുത്തിടെ വിടവാങ്ങിയ വെള്ളിത്തിരയിലെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മൂത്ത മകൾ ദേവകി അന്തർജനമാണ് ഭാര്യ. ഉണ്ണികൃഷ്ണൻ നമ്പൂതിരി ജീവിതസായന്തനത്തിൽ സിനിമയിലെത്തിയതിനു കാരണവും കൈതപ്രംതന്നെ.

സന്തോഷം, അഭിമാനം –കൈതപ്രം

പയ്യന്നൂർ: പത്മശ്രീ ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി. പയ്യന്നൂർ കോറോത്തെ വീട്ടിൽ, പത്മശ്രീ ലഭിച്ചതറിഞ്ഞതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ അതിന്​ അർഹനാണോ എന്നറിയില്ല. എങ്കിലും അഭിമാനമുണ്ട് -അദ്ദേഹം പറഞ്ഞു. ഭാര്യ ദേവകി അന്തർജനത്തി​െൻറ പിതാവുകൂടിയായ നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മരണത്തെ തുടർന്നാണ് കൈതപ്രം കോറോത്തെ പുല്ലേരി വാധ്യാർ ഇല്ലത്തെത്തിയത്. മരണാനന്തര ചടങ്ങുകൾ കഴിയുന്നതുവരെ കൈതപ്രം ഇല്ലത്തുണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.