‘ഒരു അസുഖത്തിനുപോലും ലാലേട്ടൻ മരുന്ന് കഴിക്കുന്നതായി അറിവില്ല. ശരീരം എപ്പോഴും നന്നായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്’


കോവിഡ് മഹാമാരിക്ക്​ ഒടുവിലാണ് സമൂഹം കൂടുതലായി വ്യായാമത്തിന്‍റെ ആവശ്യകത മനസ്സിലാക്കിയത്​ എങ്കിൽ ആ വഴിക്ക്​ ഏറെ മുന്നിൽ നടന്നവരാണ്​ ഫിറ്റ്​നസ്​ ട്രെയ്നർമാർ. മികച്ച കരിയർതന്നെ ഫിറ്റ്​നസ്​ മേഖലയിൽ കെട്ടിപ്പടുത്തു അവർ.

ഇത്തരത്തിൽ ഫിറ്റ്നസ് ഒരു കരിയർ ഓപ്​ഷൻ തന്നെയാക്കി വീട്ടുകാരോട് പറഞ്ഞ് മുംബൈയിലേക്ക് വണ്ടി കയറിയ ഒരാൾ കൊച്ചിയിലുണ്ട്​. ജീവിതത്തിലെ സ്വപ്ന മേഖലയിൽ കഠിനാധ്വാനം ചെയ്ത് മികച്ചൊരു ഫിറ്റ്നസ് പരിശീലകനായി മാറിയ ഐനസ് ആന്‍റണി.

സ്വദേശികളും വിദേശികളുമായ ഒട്ടേറെ സിനിമ താരങ്ങൾ ഫിറ്റ്​നസിനായി ഐനസിനെ ആശ്രയിക്കുന്നു. ‘മാധ്യമം കുടുംബ’ത്തിനൊപ്പം ഒരുപാട്​ ഫിറ്റ്​നസ്​ വിശേഷങ്ങൾ പങ്കിടുന്നു ഈ സെലിബ്രിറ്റി ട്രെയ്​നർ...

ഐനസ് ആന്‍റണി. ചി​​​ത്ര​​​ങ്ങ​​​ൾ: അ​​​ഷ്​​​​ക​​​ർ ഒ​​​രു​​​മ​​​ന​​​യൂ​​​ർ. ലൊക്കേഷൻ: Crowne Plaza, Kochi

ഫിറ്റ്നസ് ട്രെയ്നിങ് രംഗത്ത് തുടക്കം എങ്ങനെ?

ഇടക്കൊച്ചി നേവൽ ബെയ്സ് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠിച്ചത്. പഠനത്തിൽ ആവറേജ് ആയിരുന്നു. സ്പോർട്സായിരുന്നു താൽപര്യം. അന്ന് മെല്ലിച്ച ശരീര പ്രകൃതമായിരുന്നു. സ്കൂളിൽ സ്പോർട്സിന് അത്ര പ്രാമുഖ്യം ഉണ്ടായിരുന്നില്ല. പ്ലസ് ടുവിനുശേഷം ഡിഗ്രി ഒാപൺ കോഴ്സ് എടുത്തു പഠിച്ചു. പക്ഷേ, അതുമായൊന്നും മുന്നോട്ടുപോകാൻ മനസ്സനുവദിച്ചില്ല.

അന്ന് ഫിറ്റ്നസ് മേഖല അത്ര സജീവമല്ല. കൂടുതൽ അറിയാനും പഠിക്കാനുമുള്ള ആഗ്രഹത്തിനൊപ്പം ഇതാണ് എന്‍റെ പ്രഫഷൻ എന്ന് തീരുമാനിച്ച് മുംബൈയിലേക്ക് വണ്ടി കയറി. വീട്ടുകാരുടെയും കുടുംബക്കാരുടെയുമൊക്കെ എതിർപ്പുണ്ടായിരുന്നു. ജീവിതം ലക്ഷ്യമില്ലാതെ കളയണോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.

ഡാഡി 19ാമത്തെ വയസ്സിൽ പൊലീസിൽ കയറിയ ആളാണ്. അതിനാൽതന്നെ സർക്കാർ ജോലി എന്ന ചിന്തയാണ് വീട്ടുകാർക്ക്​. മുംബൈയിലെത്തി പലയിടങ്ങളിലൂടെയും സഞ്ചരിച്ച് ഫിറ്റ്നസ് മേഖലയെ കുറിച്ച് അന്വേഷിച്ചു. കൈയിൽ ആകെ ഉണ്ടായിരുന്നത് 2000 രൂപയാണ്. താമസിച്ചിരുന്നത് ബങ്കർ (ഡോർമെട്രി) പോലെയുള്ള സ്ഥലത്തും.

പലയിടങ്ങളിലും ഇന്‍റർവ്യൂവിൽ പങ്കെടുത്തു. ഒടുവിൽ മുംബൈയിൽ ഒരിടത്ത് ഫിസിക്കൽ ട്രെയ്നറായി ജോലി കിട്ടി. ആദ്യത്തെ സാലറി 1000-2000 രൂപയായിരുന്നു. പിന്നീട് സ്വപ്രയത്നംകൊണ്ട് 50,000 രൂപ വരെ അവിടെനിന്ന് സാലറി വാങ്ങിയിട്ടുണ്ട്. മുംബൈയിൽ ഒരുപാട് കാലം ജീവിക്കാനായില്ല. മലയാളിയായതുകൊണ്ടുതന്നെ നാട്ടിൽ ജോലി ചെയ്താലേ ആരെങ്കിലുമൊക്കെ തിരിച്ചറിയൂ എന്ന ചിന്തയിൽനിന്ന് നാട്ടിലേക്കുതന്നെ തിരിച്ചു.


ഫിറ്റ്നസ് കാഴ്ചപ്പാടെന്താണ്? മസിൽ കൂട്ടുന്നതാണോ, ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുന്നതാണോ?

എന്നെ സംബന്ധിച്ച് ഫിറ്റ്​നസ് ‘ക്വിക്ക് ഫിറ്റ്’ അല്ല. പെട്ടെന്ന് ഒരുദിവസം വന്ന് സിക്സ് പാക്ക് ആകണമെന്ന് പറഞ്ഞാൽ എന്നെക്കൊണ്ടത് സാധിപ്പിക്കാനാവില്ല.നമ്മൾ രാവിലെ എഴുന്നേറ്റ് പ്രഥമിക കാര്യങ്ങൾ ചെയ്യുന്നതുപോലെ, ഭക്ഷണം കഴിക്കുന്നതുപോലെയോ ഒക്കെ ജീവിതത്തിലേക്ക് ഒരു ശീലമായി കൊണ്ടുവരേണ്ടതാണിത്. എന്നാൽ മാത്രമേ ശരിയായ രീതിയിൽ ശരീരത്തെ പാകപ്പെടുത്താനാവൂ.

ജിമ്മിൽ പോകുന്നത് മസിൽ പെരിപ്പിക്കാനാവരുത്. രോഗങ്ങൾ ഇല്ലാത്ത, മാനസിക സന്തോഷം തരാനും എപ്പോഴും ‘ഐ യാം ഫിറ്റ്’ എന്ന ഒരു ചിന്ത വരാനും വേണ്ടിയാവണം.കൃത്യമായ ഭക്ഷണരീതിയും വ്യായാമവും ശരിയായ ആരോഗ്യചിന്തയും ഉണ്ടെങ്കിൽതന്നെ ഒരുപാട് രോഗങ്ങളിൽനിന്ന് രക്ഷപ്പെടാനാകും.


ജിമ്മിൽ വർക്കൗട്ട് ചെയ്യാൻ വരുന്നവർക്ക് നൽകുന്ന പ്രാരംഭ നിർദേശങ്ങൾ എന്ത്?

ജിമ്മിൽ വരുന്നവരോട് ആദ്യമായി പറയാനുള്ളത്, കൃത്യമായി ഉറങ്ങണം, നല്ല ഭക്ഷണം കഴിക്കണം, സന്തോഷത്തോടെ, നല്ല മനസ്സോടെ വേണം എന്നാണ്. ഇങ്ങനെയായാൽതന്നെ 50 ശതമാനം വർക്കൗട്ട് ഒ.കെയായി. പിന്നെ വേണ്ടത് വർക്കൗട്ട് പഠിക്കുക എന്നതാണ്. ജിമ്മിൽ വരുന്ന യൂത്ത് ചോദിക്കുന്നത് മെഡിസിനുകൾ കുത്തിവെച്ച് പെട്ടെന്ന് ബോഡി ബിൽഡപ് ആവാൻ പറ്റുമോ എന്നാണ്.

എന്നാൽ, അത് അങ്ങനെയല്ല. ജിമ്മിൽ പോകുന്ന ഏതൊരാൾക്കും ആദ്യം വേണ്ടത് ലക്ഷ്യമാണ്. നല്ലൊരു ബോഡി ബിൽഡറാവണോ, അതോ ശരീരം എപ്പോഴും ഫിറ്റാവണോ അതോ ഒാട്ടത്തിന്‍റെ ശക്തി കൂട്ടണോ എന്നിങ്ങനെ. അതില്ലെങ്കിൽ വർഷങ്ങളായി ജിമ്മിൽ പോയിട്ടും പുരോഗതി നേടാൻ സാധിക്കില്ല.


സ്റ്റിറോയിഡുകൾ വ്യാപകമാണോ​?

ഇന്നത്തെ ചെറുപ്പക്കാരോട് സ്റ്റിറോയിഡുകൾ കുത്തിവെക്കാൻ പറഞ്ഞ് പണം സമ്പാദിക്കുന്ന ഒരുപാട് പേർ ബോഡി ബിൽഡിങ്​ മേഖലയിലുണ്ട്. അത്തരം ആളുകൾക്കടുത്തേക്ക് പോകുന്നവരോട് എനിക്ക് പറയാനുള്ളത്, നമ്മുടെ ശരീരത്തിൽ പല തലം ഹോർമോണുകളുണ്ട്. മീശയും താടിയും വരുന്നതും മസ്സിൽ ഉയർന്ന് വരുന്നതുമെല്ലാം ഹേർമോൺ കാരണമാണ്.

ഇതൊരിക്കലും ഇൻ​െജക്ട് ചെയ്ത് ശരീരത്തിൽ പിടിപ്പിക്കേണ്ടതല്ല. ഒരു ഡോക്ടർക്ക് മാത്രമേ ഹോർമോൺ ഇൻജെക്ട് ചെയ്യാനുള്ള അധികാരമുള്ളൂ. ഇന്ന് നിരവധി ജിം പരിശീലകർ ചെയ്യുന്നത് അതാണ്. നാച്വറൽ ബോഡി ബിൽഡിങ് കൺസെപ്റ്റ് ഇന്ന് കുറഞ്ഞുവരുകയാണ്.


സെലിബ്രിറ്റി ട്രെയ്നിങ് രംഗത്തേക്ക് എത്തുന്നത് എങ്ങനെ?

മുംബൈയിൽനിന്ന് കേരളത്തിൽ വന്ന് ഫിസിക്കൽ ട്രെയ്നിങ്ങുമായി ബന്ധപ്പെട്ട് കോഴ്​സ് ചെയ്തു. തുടർന്ന് ജോലിക്ക് വേണ്ടി അന്വേഷണം തുടങ്ങി. കൊച്ചിയിൽ ചിലയിടങ്ങളിൽ ട്രെയ്നറായി ജോലി ചെയ്തു. പിന്നീട് കൊച്ചി ഹയാത്തിൽ ജോലി കിട്ടി. അവിടെ ഒരുപാട് പേരെ പരിശീലിപ്പിച്ചു. പലർക്കും എന്‍റെ പരിശീലന രീതികൾ ഇഷ്ടപ്പെട്ടു. അത് മറ്റുള്ളവരോട് പങ്കുവെച്ച് ഒരുപാട് പേർ ട്രെയ്ൻ ചെയ്യണമെന്ന് പറഞ്ഞ് സമീപിച്ചു. നാലു വർഷത്തോളം ഹയാത്തിൽ ജോലി ചെയ്തു.

ലാലേട്ടന്‍റെ സുഹൃത്ത് സമീർ ഹംസയെ പരിശീലിപ്പിച്ചിരുന്നു. അദ്ദേഹം വഴിയാണ് ലാലേട്ടന്‍റെ ഫിസിക്കൽ ​ട്രെയ്നറാകാൻ അവസരം ലഭിച്ചത്. ഒരു ദിവസം രാവിലെ ലാലേട്ടൻ കയറി വന്നു. മോനെ... എന്നു വിളിച്ചാണ് എന്‍റെ അടുത്തേക്ക് വന്നത്. ‘ഒടിയൻ’ സിനിമ കഴിഞ്ഞ് അന്ന് ‘മരക്കാർ’ സിനിമയുടെ ഷൂട്ട് നടക്കുകയാണ്. ആ ലൊക്കേഷനിൽനിന്നാണ് ലാലേട്ടൻ വന്നത്. അതിനുശേഷം ‘ലൂസിഫർ’ സിനിമയിലേക്ക് ക്ഷണിച്ചതും ലാലേട്ടനാണ്.

ഇന്ന് അഭിമാനത്തോടെ ഒാർക്കാൻ കഴിയുന്നതാണ് ലൂസിഫറിനു വേണ്ടി അദ്ദേഹത്തെ ട്രെയിൻ ചെയ്യാൻ സാധിച്ചു എന്നത്. ആ സിനിമയിൽ ലാലേട്ടൻ മുണ്ടുടുത്ത് വരുന്നതിൽ എനിക്കും പങ്കുണ്ട്. മുണ്ടുടുത്ത് സ്റ്റെണ്ട് ചെയ്യുമ്പോൾ ഒരു ഫിസിക്കൽ ട്രെയ്നർ നൽകുന്ന നിർദേശങ്ങൾ ഒരു കുട്ടിയെപോലെ അദ്ദേഹം കേട്ടിരിക്കുകയായിരുന്നു.


മോഹൻലാൽ ഉൾപ്പെടെ സെലിബ്രിറ്റികൾ ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽനിന്ന് പഠിക്കേണ്ട പാഠങ്ങൾ എന്തൊക്കെ?

ലാലേട്ടന്‍റെ കൂടെ ജോലി ചെയ്തതാണ് എന്നെ അന്തർദേശീയ തലത്തിലേക്ക് അറിയപ്പെടാൻ ഇടയാക്കിയതെന്ന് നിസ്സംശയം പറയും. ലാലേട്ടൻ ഫിറ്റ്നസിന്‍റെ കാര്യത്തിൽ കണിശതയുള്ള ആളാണ്. കൃത്യമായ ആഹാരശൈലിയും ജീവിതക്രമവുമാണ് അദ്ദേഹത്തിന് സിനിമ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്ന ഘടകം.

ലാലേട്ടന്‍റെ ശരീരത്തിൽ പലയിടത്തും മുറിപ്പാടുകളുണ്ട്. അത് കാണുമ്പോൾ അയാൾ എത്രമാത്രം സിനിമക്കുവേണ്ടി സ്ട്രഗിൾ ചെയ്യുന്നുണ്ടെന്ന് മനസ്സിലാകും. നമ്മളൊക്കെ എത്ര മടിയന്മാരാണ് എന്നതാണ് പുള്ളിയുടെയൊക്കെ ജീവിതത്തിൽനിന്ന് മനസ്സിലാക്കേണ്ടത്. ഫിറ്റ്നസിന് വേണ്ടി മാത്രമല്ല, നല്ലൊരു ജീവിതമുണ്ടാവാൻ കഠിനാധ്വാനം വേണം എന്നുള്ളതാണ് ആദ്യം പഠിക്കേണ്ട പാഠം.

ജിമ്മിൽ വർക്ക് ഒൗട്ട് ചെയ്ത് അൽപം കഴിഞ്ഞാൽ ഇനി മതി നിർത്താം എന്നൊരു ഡയലോഗ് ലാലേട്ടൻ ഒരിക്കൽപോലും പറഞ്ഞിട്ടില്ല. ചെയ്യുന്നത് അതിന്‍റെ ഏറ്റവും ഫെർഫെക്ട് ലെവലിൽതന്നെ ചെയ്യും. നമ്മളൊക്കെ ആദ്യം കുറച്ചു ദിവസം ജിമ്മിൽ വരും. പിന്നെ മടുപ്പാണെന്ന് പറഞ്ഞ് നിർത്തിപ്പോകും. എന്‍റെയടുത്ത് വരുന്നവരോട് ആദ്യമേതന്നെ പറയും. പാതിവഴിയിൽവെച്ച് നിർത്തി പോകരുതെന്ന്.

ലാൽ പറഞ്ഞാൽ കേൾക്കുന്നയാളാണോ​?

ലാലേട്ടൻ ഇക്കാര്യത്തിൽ വേറെ ലെവലാണ്. ഷൂട്ട് കഴിഞ്ഞ് ഉറങ്ങാൻ പോയി ഇത്ര സമയത്ത് വർക്കൗട്ട് ചെയ്യാൻ വരും എന്ന് പറഞ്ഞാൽ കൃത്യസമയത്ത് അദ്ദേഹം ജിമ്മിൽ എത്തും. കൺസിസ്റ്റൻസി എന്നു പറഞ്ഞാൽ അതാണ്. ഒന്നോ രണ്ടോ ദിവസം മാത്രമല്ല, ജീവിതത്തിൽ മൊത്തം അദ്ദേഹം പാലിക്കുന്ന ശീലമാണിത്. യാത്ര ചെയ്യുമ്പോൾ പോലും ലാലേട്ടൻ വർക്കൗട്ട് ചെയ്യാറുണ്ട്. ചില​പ്പോൾ യാത്രക്കിടെ എന്നെ വിളിക്കും.

മോനെ, ഇപ്പോൾ മൊറൊക്കോയിലാണ്, അല്ലെങ്കിൽ ന്യൂസിലൻഡിലാണ് എന്നൊക്കെ പറഞ്ഞ് മെസേജ് അയക്കും. ആ സമയത്ത് ഫോണിലൂടെ വർക്കൗട്ട് പറഞ്ഞുകൊടുക്കും. പ്രഷറോ, ഷുഗറോ, കൊളസ്ട്രോളോ, അസ്ഥി തേയ്മാനമോ അങ്ങനെ ഒരസുഖവും ലാലേട്ടനില്ല. പുള്ളി ഫിറ്റാണ്. ഒരു അസുഖത്തിനുപോലും അദ്ദേഹം മരുന്ന് കഴിക്കുന്നതായി അറിവില്ല. എന്‍റെ മുന്നിൽവെച്ച് എത്രയോ തവണ ഷർട്ട് അഴിച്ചിട്ട് ലാലേട്ടൻ നിന്നിട്ടുണ്ട്. അതാണ് ലാലേട്ടൻ. ശരീരം എപ്പോഴും നന്നായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്.


ഐനസ് പുലർത്തുന്ന ഫിറ്റ്നസ് ടിപ്സ്

1. be happy-എപ്പോഴും നമ്മൾ ഹാപ്പിയായിട്ടിരിക്കണം. അനാവശ്യ ചിന്തകൾകൊണ്ട് മനസ്സിനെ മുറിവേൽപ്പിക്കരുത്.

2. enjoy-എന്ത് കാര്യമാണെങ്കിലും ചെയ്യുന്നത് എൻജോയ് ചെയ്യണം. അല്ലെങ്കിൽ സമയനഷ്ടമല്ലാതെ മറ്റൊന്നും ലഭിക്കില്ല.

3. not quickfit -പെട്ടെന്ന് ഫിറ്റ്നസിന് വേണ്ടി പരിശ്രമിക്കരുത്. അത് രോഗങ്ങളിലേക്കാവും നയിക്കുക. ശരീരഭാരം പെട്ടെന്ന് കൂട്ടുക, പെട്ടെന്ന് കുറക്കുക എന്ന രീതി ഒഴിവാക്കണം. സമയമെടുത്ത് ചെയ്യുന്ന വർക്കൗട്ടിനേ നല്ലൊരു റിസൽട്ട് ഉണ്ടാവൂ.

4, simple method -ജിമ്മിൽ പോയി ഹാർഡ് ജോബുകൾ ആദ്യമെതന്നെ ചെയ്യരുത്. പതിയെ step by step ആയി തുടങ്ങണം. ശരീരത്തിന് കൃത്യമായ വിശ്രമവും നൽകണം.

5. common using -ജിമ്മിൽ ഞാൻ പരിശീലിപ്പിക്കുന്നത് സാധാരണയായി ചെയ്യുന്ന കാര്യങ്ങൾ മാത്രമാണ്. അതുകൊണ്ടുതന്നെ ഏതൊരാൾക്കും എവിടെനിന്നും വർക്കൗട്ട് ചെയ്യാം. എന്നും രാവിലെ ഒാൺലൈൻ ക്ലാസായി ഒരുപാട് പേരെ പരിശീലിപ്പിക്കുന്നുണ്ട്. അവർക്കൊക്കെ പറഞ്ഞുകൊടുക്കുന്നത് നമ്മൾ പതിവായി ചെയ്യുന്നതെന്താണോ, അതൊക്കെയാണ്.

6. job oriented -ജോലിയും ജീവിതവും പിന്നെ ജിമ്മും കൂടിയാകുമ്പോ സമയം പരിമിതമായിരിക്കും. അതുകൊണ്ട് ജോലിസ്ഥലത്തോ വീട്ടിലോ ഇരുന്ന് ചെയ്യുന്ന രീതികളാണ് ഞാൻ പരിശീലിപ്പിക്കുന്നത്. അതല്ലെങ്കിൽ രാവിലെ ഇത്ര സമയം വൈകീട്ട് ഇത്ര സമയം എന്നിങ്ങനെ കണക്കാക്കി ജോലിക്കാർക്ക് ഉതകുന്ന സമയക്രമം ഉണ്ടാക്കിക്കൊടുക്കും.

എല്ലാത്തിനും പുറമെ ദിവസവും ആറുമണിക്കൂർ കൃത്യമായി ഉറങ്ങും. ദിവസത്തിൽ രണ്ടു മണിക്കൂറെങ്കിലും മിനിമം മൊബൈൽ ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുന്നവരാണ് നമ്മൾ. അത്രയും സമയം വേണ്ട. ജിമ്മോ, മെഷീൻസോ ഇല്ലാതെ, സാധാ ഒരു തുണിയും ഫ്ലോറുമുണ്ടെങ്കിൽ ഈസിയായി എക്സസൈസ് ചെയ്യാം. ഇതാണ് എന്‍റെയൊരു രീതി.


ഫിറ്റ്നസ് മെയിന്റെയ്ൻ ചെയ്യാൻ സ്വയം ഒഴിവാക്കിയ ഭക്ഷണം, ശീലങ്ങൾ...

നമുക്ക് ഏതു ഭക്ഷണം വേണമെങ്കിലും കഴിക്കാം. നമ്മൾ കഴിക്കുന്ന അളവാണ് പ്രധാനം. വീട്ടിൽ എന്‍റെ ഭക്ഷണക്രമം മറ്റുള്ളവരിൽനിന്ന് ഏറെ വ്യത്യസ്തമാണ്. രാവിലെ ഒന്നുകിൽ ഒാട്​സ്​ അല്ലെങ്കിൽ സ്​മൂതി, അതല്ലെങ്കിൽ മൂന്നോ നാലോ മുട്ടയുടെ വെള്ള. ചില ദിവസങ്ങളിൽ മമ്മി അപ്പവും സ്റ്റൂവും ഉണ്ടാക്കിത്തരാറുണ്ട്. അപ്പോൾ അത് കഴിക്കും.

ഉച്ചക്ക് ഒരു പാത്രത്തിൽ 25 ശതമാനം മാത്രം ചോറ്, അല്ലെങ്കിൽ ചപ്പാത്തി, അതുമല്ലെങ്കിൽ പുട്ട്. ഉച്ചക്ക് ഗോതമ്പിന്‍റെ പുട്ട് കഴിക്കുന്നത് പണ്ടുതൊട്ടേ എന്‍റെയൊരു ശീലമാണ്. ബാക്കി 50 ശതമാനം ഒന്നുകിൽ ചെറിയ കഷണം ചിക്കൻ അല്ലെങ്കിൽ മീൻ, ഇറച്ചി. അതുമല്ലെങ്കിൽ പച്ചക്കറി വിഭവങ്ങൾ. ഇതാണ് കഴിക്കാറുള്ളത്. രാത്രി ഒരു കഷണം മീൻ, അല്ലെങ്കിൽ സാലഡ്. അതോടൊപ്പം കുറച്ച് ചോറും.

നോൺ വെജ് ഒരുപരിധിയിലധികം കഴിക്കാറില്ല. അതുപോലെ ഒായിലി ഫുഡും. സ്മൂതി സ്ഥിരമായി കഴിക്കാറുണ്ട്. സ്​മൂതിയിൽ പാൽ, അവക്കാഡോ, ഫ്രൂട്ട്സ് ഇതൊക്കെയാണ്. അതുകൊണ്ടുതന്നെ ഏറെ പ്രോട്ടീൻ ശരീരത്തിന് ലഭിക്കും. എന്തു കഴിച്ചാലും അളവിൽ കൂടുതലായാൽ പ്രശ്നമാണ്. ആദ്യം ഒരു ലഡു കഴിക്കാൻ തോന്നും പിന്നെയും കഴിക്കും അങ്ങനെ എണ്ണം കൂടും. ലഡു കഴിച്ചാൽ ഒന്നിൽ ഒതുക്കണം. അതാണ് വേണ്ടത്.


ഇഷ്ട താരങ്ങളെ ട്രെയ്ൻ ചെയ്യിക്കുമ്പോൾ അവർക്കു നൽകുന്ന ടിപ്സ് എന്തെല്ലാം?

സമയമാണ് ആദ്യത്തെ പ്രശ്നം. പലർക്കും കൃത്യസമയത്ത് വർക്കൗട്ട് ചെയ്യാൻ സാധിക്കാറില്ല. അവരോട് ദിവസത്തിൽ അഞ്ച്​ മിനിറ്റെങ്കിലും ഫിറ്റ്നസിന് വേണ്ടി മാറ്റിവെക്കുക എന്നാണ്​ പറയുക. ടിപ്സായി ഒന്നും പറയാറില്ല. കാര്യങ്ങൾ ശരിയായി പറഞ്ഞ് ബോധ്യപ്പെടുത്തും. പിന്നെ ഉറക്കത്തെക്കുറിച്ച് പറയും. ഷൂട്ട് കഴിഞ്ഞ് പലർക്കും കുറഞ്ഞ സമയമേ ഉറങ്ങാൻ കിട്ടാറുള്ളൂ. അതുകൊണ്ട് ഉറക്കച്ചടപ്പോടെ ജിമ്മിൽ വരുന്നവരെ വർക്കൗട്ട് ചെയ്യിപ്പിച്ചെടുക്കാൻ റിസ്കാണ്.

എന്‍റെ ഒരു വലിയ ആഗ്രഹമാണ് നിവിൻ പോളിയെ വർക്കൗട്ട് ചെയ്യിപ്പിക്കുക എന്നത്. പല സിനിമകളിലും അദ്ദേഹത്തെ കണ്ടാൽ ഫിസിക്കലായി അത്ര ഭംഗിയായി തോന്നാറില്ല. കുറച്ചുകൂടി നല്ല ബോഡി ഉണ്ടായിരുന്നെങ്കിൽ പല സിനിമകളും ഒന്നുകൂടെ മികച്ചതാകുമായിരുന്നു. ‘കായംകുളം കൊച്ചുണ്ണി’ കണ്ടപ്പോൾ എന്തോ പുള്ളിയുടെ ബോഡി അപ്പിയറൻസ് ഇഷ്ടപ്പെട്ടില്ല. ഒരു വർഷം അദ്ദേഹത്തെ എന്‍റെ കൈയിൽ കിട്ടിയാൽ വേറെ ലെവലാക്കിയെടുക്കാൻ സാധിക്കും.

അതുപോലെ ധ്യാൻ ശ്രീനിവാസനെയും ഒന്ന് വർക്കൗട്ട് ചെയ്യിപ്പിച്ചെടുക്കാൻ ആഗ്രഹമുണ്ട്. ഭക്ഷണ പ്രിയരാണ് രണ്ടുപേരും. അതുകൊണ്ടുതന്നെ എത്രമാത്രം പ്രായോഗികമാണെന്നറിയില്ല.

മോഹൻലാലിനെ കൂടാതെ ആരെയൊക്കെ ട്രെയിൻ ചെയ്​തിട്ടുണ്ട്?

വിഷ്ണു ഉണ്ണികൃഷ്ണനെ ട്രെയിൻ ചെയ്തിട്ടുണ്ട്. ബിബിൻ ജോർജിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്​. ജയസൂര്യയെ സിനിമക്ക് വേണ്ടിയല്ലാതെ ട്രെയിൻ ചെയ്തു. കഴിഞ്ഞദിവസം പാലക്കാട് ഷൂട്ട് നടക്കുന്നിടത്തേക്ക് വിഷ്ണു വിളിച്ചിരുന്നു. പക്ഷേ, പോകാൻ പറ്റിയില്ല. ഒരേസമയം ഒന്നിൽ കൂടുതൽ താരങ്ങളെ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണ്​. സ്ഥിരമായി പരിശീലിപ്പിക്കുന്നവരുണ്ട്​.


സിനിമയിലും ഐനസ് അഭിനയിച്ചുവല്ലോ...

രണ്ടു മൂന്നു പടങ്ങളിൽ ചെറിയ സീനുകളിൽ അഭിനയിച്ചിട്ടുണ്ട്. ‘ശലമോൻ’ എന്ന സിനിമയിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, സുധി കോപ്പ എന്നിവരുടെ കൂടെ ഒരു സീനിൽ. പിന്നെ ബിബിൻ ജോർജും സനുഷയും കേന്ദ്ര കഥാപാത്രങ്ങളായ ‘മരതകം’ സിനിമയിൽ ഒരു കലിപ്പ് ലുക്ക് കൊടുക്കുന്ന സീനിലും. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ടി’ൽ ചെറിയ സീനിൽ അഭിനയിച്ചു. വെടിക്കെട്ടിൽ എനിക്ക് കൂടുതൽ സീനുകളുണ്ടായിരുന്നു. പക്ഷേ, പോകാൻ പറ്റിയില്ല. അഭിനയമല്ല ഫിറ്റ്നസാണ് എന്‍റെ ചോയ്സ്.

കുടുംബത്തിൽ ആ​െരാക്കെയുണ്ട്​?

ഭാര്യയുടെ പേര് അനു ശരൺ. ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. മുംബൈയിൽ താമസമാണെങ്കിലും മാതാപിതാക്കൾ തിരുവനന്തപുരം സ്വദേശികളാണ്. ഇൻസ്റ്റഗ്രാമിലൂടെ കണ്ട് സംസാരിച്ച് കൂടുതൽ പരിചയത്തിലായി. മുംബൈയിൽ എയർപോർട്ടിലാണ് അവർ ജോലി ചെയ്തിരുന്നത്.

Tags:    
News Summary - Personal Trainer Aynus Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.