ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് അരികിൽ മകൾ മറിയ ഉമ്മനും ഭാര്യ മറിയാമ്മ ഉമ്മനും. ചിത്രങ്ങൾ:

പി.​​​ബി. ബി​​​ജു



“കൈനീട്ടുന്നവരെ സഹായിക്കാതിരിക്കരുത്”; അപ്പയുടെ ഉപദേശം എന്നും മനസ്സിലുണ്ട് -മറിയ ഉമ്മൻ

നമ്മുടെ മുന്നിൽ കൈനീട്ടുന്നവരെ സഹായിക്കാതിരിക്കരുത്. അതുപോലെ എന്തുചെയ്യുമ്പോഴും മറ്റുള്ളവരെക്കൂടി പരിഗണിക്കണം. ആരോടും അഹങ്കാരത്തോടെ പെരുമാറരുത്. അപ്പ പറഞ്ഞുതന്നതിൽ ഈ മൂന്ന് കാര്യങ്ങളാണ് മനസ്സിൽ നിൽക്കുന്നത്. അപ്പയോടൊത്തുള്ള ഓർമകൾ പങ്കുവെക്കുകയാണ് മറിയ ഉമ്മൻ...

കേരളത്തിനകത്തും പുറത്തുമുള്ള ജനങ്ങൾക്ക് കരുതലൊരുക്കിയ ജനനായകൻ വിടവാങ്ങിയിട്ട് മാസങ്ങളേ ആയുള്ളൂ. ജനമനസ്സിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾക്ക് ഒരിക്കലും ക്ലാവുപിടിക്കില്ല. എപ്പോഴും ആൾക്കൂട്ടത്തിനിടയിലായിരിക്കാനാണ് ആ ജനനേതാവ് ഇഷ്ടപ്പെട്ടത്.

ഏകാന്തതയെ അത്യധികം ഭയപ്പെട്ടു. ജനങ്ങളോട് ഇത്രയധികം കരുതലുള്ള ഒരു നേതാവിന് കുടുംബത്തോടുള്ള സ്നേഹത്തിന്‍റെ കാര്യം പറയേണ്ടതുണ്ടോ എന്നാണ് അദ്ദേഹത്തിന്‍റെ മൂത്ത മകൾ മറിയ ചോദിക്കുന്നത്. അപ്പയെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് മറിയ...

ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് അരികിൽ മകൾ മറിയ ഉമ്മൻ


നഷ്ടമായത് കരുതലിന്‍റെ കൈത്താങ്ങ്

എപ്പോഴും തിരക്കായിരുന്നു അപ്പക്ക്. ഞങ്ങൾക്കൊപ്പം ഒരുപാട് സമയമൊന്നും ചെലവഴിക്കാൻ സാധിക്കില്ല. സ്കൂളിൽ കൊണ്ടുവിടുകയോ പി.ടി.എ ​മീറ്റിങ്ങിന് വരുകയോ ഒന്നുമില്ലായിരുന്നു. എന്നാൽ, എല്ലാറ്റിനും ഒരു കരുതലുണ്ടായിരുന്നു. അപ്പയെ മിസ് ചെയ്തതായി എനിക്കോർമയില്ല. ആ കരുതലാണിപ്പോൾ നഷ്ടമായിരിക്കുന്നത്.

മുഖ്യമന്ത്രിയായിരുന്നപ്പോൾ ക്രിസ്മസ് കാലത്ത് സായിഗ്രാമത്തിൽനിന്ന് കുട്ടികളൊക്കെ വരുമായിരുന്നു. അപ്പക്കൊപ്പം ചേർന്ന് അവർ ആഘോഷിക്കും. എനിക്കൊരു ക്വയർ ഗ്രൂപ്പുണ്ട്. മെലോഡിയ എന്നാണ് പേര്. 2012ലാണ് അത് തുടങ്ങിയത്. സാമൂഹിക പ്രതിബദ്ധതയും സംഘസംഗീതവും കൂടിച്ചേർന്ന ഒരു സംരംഭം. അപ്പയാണ് ഉദ്ഘാടനംചെയ്തത്.

അതി​ന്‍റെ അഞ്ചാം വാർഷികത്തിനും 10ാം വാർഷികത്തിനും അപ്പ മുഖ്യാതിഥിയായിരുന്നു. അപ്പയും അമ്മയും മെലോഡിയക്ക് എല്ലാ പിന്തുണയും നൽകി. കഴിഞ്ഞവർഷം അദ്ദേഹം ചികിത്സയിലായിരുന്നതിനാൽ പരിപാടികൾ ഒന്നുമുണ്ടായിരുന്നില്ല. ഈ വർഷം മുൻകാലത്തെപ്പോലെ പരിപാടികൾ നടത്തണമെന്നാണ് ആഗ്രഹം.

അപ്പ പഠിപ്പിച്ച മൂന്നു കാര്യങ്ങൾ

നമ്മുടെ മുന്നിൽ കൈനീട്ടുന്നവരെ സഹായിക്കാതിരിക്കരുത്. അതുപോലെ എന്തുചെയ്യുമ്പോഴും മറ്റുള്ളവരെക്കൂടി പരിഗണിക്കണം. ആരോടും അഹങ്കാരത്തോടെ പെരുമാറരുത്. അപ്പ പറഞ്ഞുതന്നതിൽ ഈ മൂന്ന് കാര്യങ്ങളാണ് എന്‍റെ മനസ്സിൽ നിൽക്കുന്നത്.

അത് കഴിയാവുന്നവിധത്തിൽ പാലിക്കാൻ ശ്രമിക്കുന്നുണ്ട്. കുട്ടിക്കാലം മുതൽ കഷ്ടപ്പെടുന്നവരെ കണ്ടാണ് വളർന്നത്. അപ്പയുടെ ജീവിതമായിരുന്നു ഞങ്ങൾക്ക് പാഠപുസ്തകം. ഒരിക്കലും ഞങ്ങളെ കൂടെയിരുത്തി ഉപദേശിക്കുകയോ നിർബന്ധിക്കുകയോ ഒന്നും ചെയ്തില്ല.

പുതുപ്പള്ളിയിലെ കബറിലെ തിരക്ക് ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. ആളുകൾ നൽകുന്ന ആ സ്നേഹമാണ് അദ്ദേഹത്തി​ന്‍റെ അഭാവത്തിൽ ഞങ്ങൾക്ക് കുറച്ചെങ്കിലും ആശ്വാസം. അദ്ദേഹം ഞങ്ങൾക്ക് ബാക്കിവെച്ചുപോയത് ഈ അമൂല്യമായ സ്നേഹംതന്നെയാണ്.

ഒരാളെപ്പോലും കുറ്റംപറയുന്ന സ്വഭാവം അപ്പക്ക് ഇല്ലായിരുന്നു. അദ്ദേഹത്തി​ന്‍റെ ആത്മകഥ എഴുതിയപ്പോൾ ഒരാളെപ്പോലും വിഷമിപ്പിക്കുന്ന ഒരു കാര്യവും അതിലുണ്ടാകരുതെന്ന് അപ്പക്ക് നിർബന്ധമായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മക്കളെന്ന അഡ്രസ് മതി ഞങ്ങൾക്ക് ഇനിയുള്ള കാലം. അദ്ദേഹത്തി​ന്‍റെ വില ഇത്രയധികമുണ്ടായിരുന്നോ എന്നത് മരണശേഷമാണ് കുടുംബംപോലും മനസ്സിലാക്കുന്നത്.

ജനസമ്പർക്ക പരിപാടിയെക്കുറിച്ച് ഒരുപാട് കളിയാക്കലുകൾ വന്നിട്ടുണ്ട്. അതൊന്നും അപ്പയെ ബാധിച്ചില്ല. അപ്പയുടെ മുന്നിൽ കഷ്ടപ്പെടുന്നവരുടെ മുഖം മാത്രമേ ഉണ്ടാകാറുള്ളൂ.

ഉമ്മൻ ചാണ്ടിയും കുടുംബവും (ഫയൽ ചിത്രം)


അപ്പയുടെ നിഴലായി കൂടെ

അപ്പയുടെ നിഴലായിരുന്നു അമ്മ. അപ്പ ബംഗളൂരുവിൽ ചികിത്സയിൽ കഴിഞ്ഞ അഞ്ചു മാസവും അമ്മ കൂടെയുണ്ടായിരുന്നു. ഒരു ദിവസംപോലും മാറിനിന്നിട്ടില്ല. ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന വ്യക്തിയായിരുന്നു. എന്നാൽ, അഞ്ചു മാസക്കാലവും അമ്മക്ക് ഒരു വയ്യായ്കയും ഉണ്ടായില്ല.

ദൈവത്തി​ന്‍റെ കരുതലാകാം. അപ്പക്കൊപ്പം അമ്മയും കൂടി കിടന്നുപോയാൽ എല്ലാം തകിടംമറിയുമായിരുന്നു. അപ്പ ആരോഗ്യവാനായിരുന്നു. അസുഖം വന്നപ്പോഴാണ് വീക്ക് ആയത്. അമ്മ അങ്ങനെയായിരുന്നില്ല. അപ്പ പോകുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല. വലിയൊരു ഷോക്കായിരുന്നു ഞങ്ങൾക്കത്.

മരണം അമ്മയെ പാടെ തളർത്തി. പതിയെ തിരിച്ചുവരുകയാണ്. എങ്കിലും നഷ്ടമായത് തിരികെ വരില്ലല്ലോ... ആ സങ്കടം എന്നും കാണും.

ആധി നിറഞ്ഞ ദിവസങ്ങൾ

പഠിക്കാൻ പോയ നാലുവർഷമൊഴിച്ച് ബാക്കി എല്ലാ കാലത്തും അപ്പനും അമ്മക്കുമൊപ്പമുണ്ട് ഞാൻ. ഇപ്പഴും അമ്മക്കൊപ്പമാണ്. അപ്പ ആശുപത്രിയിലായപ്പോഴും കൂടെയുണ്ട്. ചെറുപ്പത്തിൽ വീട്ടിൽ വന്നുകയറുമ്പോൾ എനിക്ക് ഉമ്മ തരുമായിരുന്നു. അതെല്ലാം ഞാൻ ആശുപത്രിയിലായപ്പോൾ തിരിച്ചുകൊടുത്തു.

ആശുപത്രിയിൽ കഴിയുമ്പോൾ വീട്ടിലേക്ക് പോകാമെന്ന് പറയുമായിരുന്നു അപ്പ. സംസാരിക്കാൻ വയ്യാതിരുന്നപ്പോൾ ആംഗ്യം കാണിക്കും. മനസ്സ് കരയുകയാണെങ്കിലും ഞാനും അമ്മയും അതൊന്നും പുറത്തുകാണിക്കില്ല. ഉടൻതന്നെ വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കും. ഓണത്തിന് നാട്ടിലേക്കു വരാനായിരുന്നു പ്ലാൻ.

മകൻ എഫിനോവക്കൊപ്പം മറിയ ഉമ്മൻ


മകൻ എഫിനോവ കഴിഞ്ഞ ഒരു വർഷം വീട്ടിൽ ഒറ്റക്കായിരുന്നു. പത്താംക്ലാസ് പരീക്ഷയായിരുന്നതിനാൽ മകനെ ആശുപത്രിയിലേക്ക് കൊണ്ടുവരാൻ പറ്റിയില്ല. അപ്പയും ​മകനും തമ്മിൽ വലിയ ബന്ധമായിരുന്നു. അപ്പക്ക് എന്തെങ്കിലും സംഭവി​ക്കുമോ എന്ന ആധിയായിരുന്നു ഒരു വശത്ത്. അതിനിടക്ക് അമ്മക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോ എന്ന പേടിയും. ജൂലൈ 18ന് 4.25ന് അപ്പ ഞങ്ങളുടെ ആധിയെല്ലാം മാറ്റി. ഞങ്ങളെ എന്നന്നേക്കുമായി വിട്ടുപോയി.

‘ഇവിടെതന്നെയുണ്ട്; മാറിനിന്നിട്ടില്ല’

‘പത്താംക്ലാസ് വരെ കോൺവന്‍റ് സ്കൂളിലാണ് പഠിച്ചത്. സ്കൂളിൽ എല്ലാ വർഷവും യൂത്ത് ഫെസ്റ്റിവലിൽ പ​ങ്കെടുക്കുമായിരുന്നു ഞാൻ. ബാൻഡ് ലീഡറായിരുന്നു. പ്ലസ്ടു കഴിഞ്ഞ് മംഗലാപുരത്തേക്ക് എൻജിനീയറിങ് പഠിക്കാൻ പോയി. പഠനം കഴിഞ്ഞ് ഉടൻ​ കോർപറേറ്റിൽ ജോലിയും ലഭിച്ചു. 17 വർഷമായി കോർപറേറ്റ് മേഖലയിലാണ് ജോലി.

ജോലിക്കിടെ നിരവധി സി.എസ്.ആർ പ്രോജക്ടുകൾ ചെയ്തിട്ടുണ്ട്. അതുപോലെ ക്വയറിലും പള്ളിയിലെ യുവജന സംഘടനകളിലും ചെറുപ്പംമുതലേ സജീവമായിരുന്നു. അപ്പയുടെ സോഷ്യൽ മീഡിയ 2016 മുതൽ ഹാൻഡിൽചെയ്യുന്നതും ഞാൻതന്നെയാണ്. അപ്പയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പ​ങ്കെടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.

എന്നാൽ, ചാണ്ടിയുടെ പ്രചാരണത്തിന് മുഴുവൻ സമയവും ഉണ്ടായിരുന്നു’. -ഉമ്മൻ ചാണ്ടിയുടെ മൂന്നു മക്കളിൽ അച്ചു ഉമ്മനെയും ചാണ്ടി ഉമ്മനെയുമാണ് ആളുകൾ കൂടുതൽ അറിയുന്നത് എന്ന ചോദ്യത്തിനായിരുന്നു മറിയ ഉമ്മന്‍റെ ഈ പ്രതികരണം. താനൊരിക്കലും മാറിനിന്നിട്ടില്ലെന്നാണ് മറിയ പറഞ്ഞത്. ഒരിക്കലും നികത്താൻ കഴിയില്ലെങ്കിലും തിരക്കുകളിൽ മുഴുകി അപ്പയുടെ വേർപാടുണ്ടാക്കിയ വേദന മറക്കാനാണ് മറിയ ശ്രമിക്കുന്നത്. വർഗീസ് ജോർജാണ് ഭർത്താവ്.

അപ്പ എല്ലാം മുൻകൂട്ടി കണ്ടു

കഴിഞ്ഞ ഒക്ടോബറിലായിരുന്നു അപ്പയുടെ ജർമൻ യാത്ര. മരിക്കുന്നതിനുമുമ്പ് പുതുപ്പള്ളിയിൽ പോയി ആളുകളെ കണ്ട് അപ്പയുടെ പ്രിയപ്പെട്ട പുതുപ്പള്ളി പള്ളി, മണർകാട് പള്ളി, പാമ്പാടി ദയറയിൽ ഒക്കെ പോയി യാത്രയൊക്കെ ചോദിച്ചിട്ടാണ് ജർമനിയിൽ പോയത്. ഞങ്ങൾ മൂന്നു മക്കളും കൂടെ പോയിരുന്നു. അന്നൊന്നും അപ്പ പോകുന്ന കാര്യത്തെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിട്ടുപോലുമില്ല. ശബ്ദം പോകുന്ന പ്രശ്നമല്ലാതെ മറ്റൊന്നുമില്ലായിരുന്നു.

ജർമനിയിൽ പോകുന്നതിന് കുറച്ച് ദിവസംമുമ്പ് ഞാൻ മരിച്ചാൽ സർക്കാർ ബഹുമതികളൊന്നും വേണ്ട എന്നും ജനങ്ങളെ കാണിക്കണമെന്നും എന്നോടും അമ്മയോടും പറഞ്ഞു. അപ്പയെല്ലാം മുൻകൂട്ടി കണ്ടിരുന്നുവെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലാകുന്നു. വീടുവെക്കണമെന്ന് അപ്പക്ക് വലിയ ആഗ്രഹമായിരുന്നു. ​

ലോണി​ന്‍റെ പേപ്പറെല്ലാം ഒപ്പിട്ടുകൊടുത്തിട്ടാണ് ചികിത്സക്കു പോയത്. എന്നാൽ, ആശുപത്രിയിലായപ്പോൾ, വീടുപണിയൊന്നും നടന്നില്ല. അതിനകത്ത് ഒരു ദിവസംകൂടി കിടക്കണമെന്ന് അപ്പക്ക് വലിയ ആഗ്രഹമായിരുന്നു.

ആ ആശുപത്രിക്കാലം മറക്കാനാകില്ല. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അപ്പയെ ഞങ്ങൾക്ക് ഒരുപാട് ദിവസം ഒന്നിച്ചുകിട്ടുന്നത്. ഏകാന്തതയായിരുന്നു അപ്പക്ക് ഏറ്റവും പേടിയുള്ള കാലം. ചികിത്സയുടെ ഭാഗമായി അവസാന കാലത്ത് അദ്ദേഹത്തിന് കുറച്ച് ഒറ്റപ്പെടൽ സഹിക്കേണ്ടിവന്നു.





Tags:    
News Summary - Dad is always an inspiration -Mariya Oommen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.