‘നെഗറ്റീവ് കമന്‍റുകള്‍ക്ക് ചെവി കൊടുക്കാറില്ല’ -ഡയാന ഹമീദ്

അഭിനയത്തിലേക്ക് വരുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. എന്നാൽ, ഞാൻപോലും അറിയാതെ അങ്ങനെയൊരു ആഗ്രഹം എന്റെയുള്ളിൽ ജനിച്ചു. അത് എന്നോടൊപ്പം വളരുകയും ചെയ്തു... ചെറുതാണെങ്കിലും ഇന്ന് എന്നെ തേടി യെത്തിയ അവസരങ്ങളിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നുണ്ട്. ഡയാന ഹമീദ് പറഞ്ഞുതുടങ്ങി...നല്ല ചിത്രങ്ങളുടെ ഭാഗമാകുക എന്നതിനൊപ്പം വലിയൊരു ആഗ്രഹവും ഡയാന മനസ്സിൽ ഒളിപ്പിച്ചിട്ടുണ്ട്. വ്യത്യസ്തമായ അവതരണശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ ഡയാന ഇന്ന് ബിഗ് സ്ക്രീനിലും തന്റേതായ സാന്നിധ്യമറിയിച്ചിട്ടുണ്ട്.


ആങ്കറിങിൽനിന്ന് സിനിമയിലേക്ക്

തിരുവനന്തപുരം ജില്ലയിലെ മണക്കാടാണ് സ്വദേശം. പഠിക്കുന്നസമയം മുതലേ ആങ്കറിങ് എന്റെ മനസ്സിൽ വേരുറപ്പിച്ചിരുന്നു. എന്നാൽ, അതൊരു പ്രഫഷനാക്കുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചില്ല. സ്കൂളിൽ പഠിക്കുമ്പോള്‍ ചെറുതായി ആങ്കറിങ് ചെയ്യുമായിരുന്നു. കോളജ് പഠനം കഴിഞ്ഞപ്പോള്‍ ഒരു പാർട്ട്ടൈം ജോലിപോലെ ഒരു സ്വകാര്യ ചാനലില്‍ ഷോ ചെയ്തു. അതായിരുന്നു എന്റെ തുടക്കം. ആങ്കറിങ് മാത്രമല്ല, ഇന്ന് കാണുന്ന ഡയാനയുടെ തുടക്കവും അവിടെ നിന്നായിരുന്നു. കൂടാതെ കോളജ് പഠനകാലത്ത് മോഡലിങ്ങിലും സജീവമായിരുന്നു. അന്ന് കോളജ്തല മത്സരങ്ങളിൽ വിജയിച്ചിട്ടുമുണ്ട്.

2019ലാണ് ഗാംബ്ലര്‍ എന്ന ആദ്യസിനിമ വരുന്നത്. സിനിമ ചെയ്യുന്നതിനുമുമ്പ് രണ്ട് മ്യൂസിക്കല്‍ വിഡിയോ ചെയ്തിരുന്നു. ആ ആൽബമാണ് സിനിമയിലേക്ക് അവസരം തുറന്നുതരുന്നത്. മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്റെ സംവിധായകന്‍ ടോം ഇമ്മട്ടിയുടെ രണ്ടാമത്തെ ചിത്രമായിരുന്നു. മനസ്സിൽ അഭിനയത്തോട് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സിനിമയിലേക്ക് വരുമെന്ന് ഒരിക്കല്‍പോലും വിചാരിച്ചില്ല. അത് സംഭവിച്ചു പോയതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇപ്പോൾ ആ ഒഴുക്കിലൂടെ സഞ്ചരിക്കുന്നു.

ഫാമിലിയാണ് എല്ലാം

തുടക്കംമുതലേ കുടുംബം എന്നോടൊപ്പമുണ്ടായിരുന്നു. പിതാവ്​ ഹമീദ് ഗള്‍ഫിലായിരുന്നു. മാതാവ്​ ഷീബ ഹൗസ് വൈഫാണ്. അമ്മൂമ്മ ഷരീഫ. പുള്ളിക്കാരിക്ക് അഭിനയത്തോടും പാട്ടിനോടുമൊക്കെ ചെറിയ കമ്പമുണ്ട്. ഇപ്പോൾ ഒരു ചാൻസ് കിട്ടിയാൽ അഭിനയിക്കാൻവരെ തയാറാണ്.

എനിക്ക്​ ഫാമിലിയുടെ പിന്തുണയുണ്ടായിരുന്നെങ്കിലും മറ്റു ബന്ധുക്കൾക്ക് ഇങ്ങനെയൊരു പ്രഫഷൻ ഉൾക്കൊള്ളാൻ ആദ്യം കഴിഞ്ഞിരുന്നില്ല. ചെറുതായി ഒന്ന് മുഖം കാണിച്ചപ്പോൾതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടക്കത്തിൽ ഇതെന്നെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നാൽ, ഒരു പോയന്റ് കഴിഞ്ഞപ്പോൾ ആളുകൾ ആകെ മാറി. അന്ന് വിമർശിച്ചവർ സ്നേഹത്തോടെ വന്ന് കാര്യങ്ങൾ തിരക്കാൻതുടങ്ങി. നമ്മുടെ പ്രോഗ്രാമിനെ കുറിച്ചൊക്കെ സംസാരിക്കാൻ തുടങ്ങി. ഇന്ന് ആളുകളുടെ കാഴ്ചപ്പാട് മാറിയിട്ടുണ്ട്.


മിനി സ്‌ക്രീനിൽനിന്ന് ബിഗ് സ്ക്രീനിലേക്ക് വരുമ്പോൾ

ഞാന്‍ ബിഗ് സ്‌ക്രീനില്‍നിന്നാണ് മിനിസ്‌ക്രീനിലേക്ക് വരുന്നത്. ആദ്യ സിനിമ വന്നതിന് ശേഷമാണ് ടെലിവിഷനില്‍ മുഖം കാണിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമാ താരം, സീരിയല്‍ താരം അങ്ങനെയുള്ള വേര്‍തിരിവൊന്നും എനിക്ക് കേള്‍ക്കേണ്ടിയും നേരിടേണ്ടിയും വന്നിട്ടില്ല. സിനിമാ സെറ്റുകളില്‍ അങ്ങനെയൊരു വേര്‍തിരിവുള്ളതായും എനിക്ക് തോന്നിയിട്ടില്ല.

ആങ്കറിങ്ങോ ആക്ടിങ്ങോ ടെൻഷൻ ഫ്രീ

അവതരണവും അഭിനയവും അത്ര എളുപ്പമല്ല. രണ്ടിനും അതിന്റേതായ ബുദ്ധിമുട്ടുണ്ട്. എന്നാല്‍, എടുക്കുന്ന എഫര്‍ട്ട് രണ്ടാണ്. എനിക്ക് തോന്നുന്നത്, അധ്വാനം കൂടുതല്‍ ആങ്കറിങ്ങിനാണെന്നാണ്. കാരണം ഒരു സ്റ്റേജ് നമ്മുടെ കൈയിലാണ്. നമ്മുടെ എനർജി ലെവലിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. ആളുകളെ ബോറടിപ്പിക്കാതെ രണ്ടു മൂന്ന് മണിക്കൂർ കൊണ്ടുപോവുക എന്നത് നിസ്സാര കാര്യമല്ല. ആങ്കറിങ്ങിൽ നമുക്ക് പ്രസന്റ് ചെയ്യുന്ന കാര്യത്തെ കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. നല്ലൊരു പഠനം ആവശ്യമാണ്. എന്നാല്‍, അഭിനയം അങ്ങനെയല്ല. തിരക്കഥയും നമ്മുടെ കഥാപാത്രത്തിന് ആവശ്യമായതെല്ലാം അവിടെ റെഡിയായിരിക്കും. നമ്മൾ കഥാപാത്രത്തെ കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതി. കൂടുതല്‍ സ്‌ട്രൈസ് ആങ്കറിങ്ങാണെന്ന് തോന്നുന്നു. സിനിമയില്‍ നമുക്ക് നമ്മളുടേതായ സമയം കിട്ടും.

ഇഷ്ടം നല്ലൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ

നല്ലൊരു പ്രോജക്ടിന്റെ ഭാഗമാകാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. അതിൽ എന്റെ കഥാപാത്രം ചെറുതാണെങ്കിലും കുഴപ്പമില്ല. നല്ലൊരു ടീമിനൊപ്പം വർക്ക് ചെയ്യാൻ ഇഷ്ടമാണ്. കാരണം, നല്ല ചിത്രങ്ങളാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. അതില്‍ കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പം നോക്കാറില്ല. ഏത് കഥാപാത്രമാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നതെന്ന് നമുക്ക് പറയാന്‍ കഴിയില്ലല്ലോ. പിന്നെ എല്ലാം സിനിമയാണ്. എല്ലാം അനുഭവങ്ങളാണ്. നമുക്ക് സ്വയം മിനുക്കിയെടുക്കാന്‍ പറ്റുന്ന അവസരങ്ങളാണ് ഓരോ സിനിമയെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്.


എപ്പോഴും നമ്മള്‍ സ്വയം കരുതിയിരിക്കണം

അവതാരകയായി കരിയര്‍ ആരംഭിച്ച ആളാണ് ഞാന്‍. അതിനാല്‍തന്നെ പലതവണ ആള്‍കൂട്ടത്തിനിടയില്‍ പോകേണ്ടിവന്നിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഒരു ദുരനുഭവം ഉണ്ടായിട്ടില്ല. എനിക്ക് തോന്നുന്നത് നമ്മള്‍ സ്വയം കരുതിയിരിക്കണമെന്നാണ്. ഷോയുടെ ഭാഗമായി ആള്‍ക്കൂട്ടത്തിലേക്ക് പോകുമ്പോള്‍ ഞാൻ സ്വയം ശ്രദ്ധിക്കാറുണ്ട്. കൂടാതെ നമ്മുടെ അടുത്തേക്ക് എത്തുന്ന ആരാധകരെ മുഷിപ്പിക്കാറുമില്ല. എത്ര ക്ഷീണമുണ്ടെങ്കിലും ചിത്രത്തിനായി നിന്നുകൊടുക്കാറുണ്ട്. അവര്‍ക്ക് അറിയില്ലല്ലോ നമ്മുടെ അവസ്ഥ. നമ്മളോടുള്ള സ്‌നേഹംകൊണ്ടാണ് അവർ നമ്മുടെ അടുത്തേക്ക് വരുന്നത്. നമ്മൾ സ്വയം കരുതിയിരിക്കുക എന്നൊരു മാർഗമേ ഇവിടെയുളളൂ.

സോഷ്യല്‍ മീഡിയ ബുള്ളിയിങ്

മുഖമില്ലാത്ത അക്കൗണ്ടുകളില്‍നിന്നാണ് അധികവും മോശം കമന്റുകള്‍ വരുന്നത്. നമുക്ക് ഇവരുടെ വായ് മൂടിക്കെട്ടാന്‍ പറ്റില്ലല്ലോ. ഞാന്‍ നെഗറ്റീവ് കമന്റുകള്‍ക്ക് ചെവി കൊടുക്കാറില്ല. മുഖവും വ്യക്തിത്വമില്ലാത്തവരെ പൂർണമായും തള്ളിക്കളയുകയാണ് ചെയ്യാറുള്ളത്. സോഷ്യല്‍ മീഡിയക്ക് അതിരുകളില്ല. ഒരാളുടെ മുഖത്ത് നോക്കിയല്ല സംസാരിക്കുന്നത്. അതുകൊണ്ട് ഇവര്‍ക്ക് എന്തും പറയാം. നെഗറ്റീവ് പറയുന്നവരെ പോലെ നല്ലത് പറയുന്നവര്‍ ഒരുപാട് പേരുണ്ട്.

സൗഹൃദങ്ങൾ

നടി ആതിര എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. സ്‌കൂളില്‍ എന്റെ ജൂനിയറായി പഠിച്ചതാണ്. എന്നാല്‍, ആ സമയത്തൊന്നും അധികം അടുപ്പമില്ലായിരുന്നു. അഭിനയത്തിൽ വന്നതിന് ശേഷമാണ് കൂടുതല്‍ അടുക്കുന്നത്. സുഹൃത്ത് എന്നതിലുപരി കുടുംബാംഗത്തെ പോലെയാണ്. ഇപ്പോഴും ആ ബന്ധം നല്ലരീതിയിൽ പോകുന്നുണ്ട്. എല്ലാവരുമായി വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. അനുമോളും ജസീലയുമൊക്കെ സുഹൃത്ത് ലിസ്റ്റില്‍ ആദ്യമുള്ള പേരുകളാണ്.

കൊടാക് തിയറ്ററില്‍ അവതാരകയായി എത്തണമെന്നാണ് ആഗ്രഹം

നേരത്തെ ആങ്കറിങ്ങിനായിരുന്നു കൂടുതൽ പ്രാധാന്യം കൊടുത്തത്. അന്ന് സിനിമയെ കുറിച്ചൊന്നും വലിയ ധാരണയില്ലായിരുന്നു. അഭിനയമോഹം ഉണ്ടെന്നല്ലാതെ എങ്ങനെ സിനിമയിൽ അവസരം ലഭിക്കുമെന്ന് അറിയില്ലായിരുന്നു. എന്നാൽ, ഇന്ന് കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. ആങ്കറിങ്ങിനൊപ്പം നല്ല സിനിമകളുടെ ഭാഗമാകണമെന്നുണ്ട്. ഏറ്റവും വലിയ ആഗ്രഹം ഓസ്കർ അക്കാദമി അവാര്‍ഡ് കൊടുക്കുന്ന കൊടാക് തിയറ്ററില്‍ അവതാരകയായി എത്തണമെന്നാണ്.


വരാനുള്ള സിനിമകള്‍

മധുരം ജീവാമൃത ബിന്ദു. ഇത്​ ചെറുചിത്രങ്ങൾ ​ചേർന്ന ഒറ്റചിത്രമാണ്​ (ആന്തോളജി). സൈജു കുറുപ്പിന്റെ നായികയായിട്ടാണ് എത്തുന്നത്. ജെസി എന്നാണ് ഞങ്ങളുടെ ചിത്രത്തിന്റെ പേര്. തീപ്പൊരി ബെന്നി, അയ്യര് കണ്ട ദുബായ്, ടർക്കിഷ് തർക്കം, മെറി ക്രിസ്മസ്, പോയിന്റ് റേഞ്ച് എന്നിവയും പുറത്തുവരാനിരിക്കുന്നവയാണ്​.

Tags:    
News Summary - dayyana hameed talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.