ചാലിയാർ പുഴയിലെ സ്വർണ ഉറവിടം ഇവിടെ; നിയമം ലംഘിക്കാതെ ചാലിയാറിന്‍റെ ആഴങ്ങളിൽനിന്ന് സ്വർണത്തരികൾ അരിച്ചെടുക്കുകയാണ് ഈ മനുഷ്യർ

സ്വർണത്തരികളാൽ സമ്പന്നമായ ചാലിയാർ പുഴ നൂറ്റാണ്ടുകളായി ഒരുകൂട്ടം ആളുകൾക്ക് ഉപജീവനമാർഗം നൽകിക്കൊണ്ടിരിക്കുകയാണ്. ചാലിയാർ വെറുമൊരു പുഴയല്ല, അത് നിലമ്പൂരിന്‍റെ ജീവിതത്തിന്‍റെ തുടിപ്പാണ്, പ്രതീക്ഷയുടെ പ്രവാഹമാണ്.

പുഴയുടെ ആഴങ്ങളിൽനിന്ന് സ്വർണത്തരികൾ അരിച്ചെടുക്കുന്ന ഓരോ മനുഷ്യനും പ്രത്യാശയുടെ ഒരുതുണ്ട് ജീവിതത്തിലേക്ക് കോരിയെടുക്കുകയാണ്. ഇത് വെറും സ്വർണമല്ല, ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതീക്ഷയാണ്.

​തമിഴ്നാട്ടിലെ പന്തല്ലൂരിൽനിന്നും വയനാടൻ മലനിരകളിൽനിന്നും കൈവഴികളായി ഉത്ഭവിച്ച് ഏറനാടിന്‍റെ ഹൃദയത്തിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുമ്പോൾ, ചാലിയാർ പ്രകൃതിയുടെ വലിയ വരദാനമായി നിലകൊള്ളുന്നു. നിലമ്പൂരിലെ നിബിഡമായ തേക്കിൻകാടുകളിലൂടെ ഒഴുകുമ്പോൾ, അതിന്‍റെ തീരങ്ങളിൽ കാണുന്ന കാഴ്ചകൾ അതിമനോഹരമാണ്. ഈ സൗന്ദര്യത്തിനപ്പുറം ഈ പുഴയുടെ ഓരോ അണുവിലും സ്വർണത്തിന്‍റെ തിളക്കമുണ്ട്.

​പുഴ കടന്നുപോകുന്ന മലനിരകളിലെ പാറകളാണ് സ്വർണ ഉറവിടം. കുത്തിയൊലിച്ചെത്തുന്ന വെള്ളം പാറകൾക്കുള്ളിലെ സ്വർണാംശങ്ങളെ പുഴക്കരയിലേക്ക് എത്തിക്കുന്നു. പ്രകൃതിയുടെ ഈ നിഗൂഢ പ്രതിഭാസം മനുഷ്യന് പ്രതീക്ഷയുടെ പുതിയ പാതകൾ തുറന്നു.

ചാലിയാറിന്‍റെ തീരങ്ങളിൽ, ദിവസങ്ങളോളം അധ്വാനിച്ച് സ്വർണത്തരികൾ ശേഖരിക്കുന്നവരുടെ മുഖത്ത് കാണാൻ കഴിയുന്നത് കഠിനാധ്വാനത്തിന്‍റെ കഥയാണ്. പുഴയിലെ സ്വർണത്തിന് എന്തുമാത്രം വിലയുണ്ടോ അതിനേക്കാൾ എത്രയോ വലുതാണ് അവരുടെ അധ്വാനത്തിനും സ്വപ്‌നങ്ങൾക്കും.

​സ്വർണത്തിന്‍റെ മൂല്യം ലോകം മുഴുവൻ അംഗീകരിക്കപ്പെട്ടതാണ്. അത് സമ്പത്തിന്‍റെ പ്രതീകമാണ്, സുരക്ഷിതത്വത്തിന്‍റെ അടയാളമാണ്. എന്നാൽ, ചാലിയാറിലെ സ്വർണത്തിന് അതിനേക്കാൾ വലിയൊരു മൂല്യമുണ്ട്. അത് അതിജീവനത്തിന്‍റെയും പ്രത്യാശയുടെയും പ്രതീകമാണ്. ഓരോ സ്വർണത്തരിയും ഒരു കുടുംബത്തിന്‍റെ അന്നമാണ്.

ചാലിയാറും തേക്കിൻകാടുകളും സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളായി മാറിയത് അതിന്‍റെ പ്രകൃതിപരമായ സൗന്ദര്യംകൊണ്ടു മാത്രമല്ല; മറിച്ച്, മനുഷ്യജീവിതങ്ങളുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. ഇവിടെ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വളരെ ആഴമേറിയതാണ്.

കേരള-തമിഴ്നാട് അതിർത്തിയിലെ മലകളിൽ ബ്രിട്ടീഷുകാരുടെ കാലത്ത് വാണിജ്യാടിസ്ഥാനത്തിൽ സ്വർണഖനനം നടത്തിയെങ്കിലും പിന്നീട് നിർത്തിവെക്കുകയായിരുന്നു. തമിഴ്നാട്ടിലെ ദേവർശോല, പന്തല്ലൂർ എന്നിവിടങ്ങളിൽ ഇന്നും ഇതിന്‍റെ ശേഷിപ്പുകളുണ്ട്. ഖനനനിരോധനം ഉള്ളതുകൊണ്ടുതന്നെ പുഴയിലൂടെ ഒഴുകിയെത്തുന്ന തരികളിലാണ് ഇന്നുള്ളവരുടെ ജീവിതപ്രതീക്ഷ.


മരവി മുതൽ മെർക്കുറി വരെ...

ചാലിയാറിന്‍റെയും അതിലേക്ക് വന്നുചേരുന്ന ചെറുപുഴകളുടെയും തീരങ്ങളിൽ അതിരാവിലെത്തന്നെ കൂട്ടമായാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പൊന്നരിക്കാൻ എത്തുന്നത്. മരവി, കൊളഞ്ചി എന്നിവയാണ് പുഴയുടെ തീരങ്ങളിൽനിന്ന് സ്വർണം അരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ.

വീതിയേറിയ മരത്തിൽനിന്നാണ് മരവി നിർമിക്കുന്നത്. ഏകദേശം 21 ഇഞ്ച് നീളവും 18 ഇഞ്ച് വീതിയും ആറ് ഇഞ്ച് കനവുമാണ് സിമന്‍റ് ചട്ടിക്ക് സമാനമായ ഈ മരച്ചട്ടിക്ക് വേണ്ടത്. ഉൾഭാഗം കുനിഞ്ഞിരിക്കുന്ന രീതിയിലാണ് നിർമാണം.

ചെറിയ കൈക്കോട്ടിന് സമാനമായ കൊളഞ്ചി എന്ന ഉപകരണംകൊണ്ടാണ് മണ്ണ് മരവിയിലേക്ക് ഇടുന്നത്. വെള്ളത്തോടുകൂടിയ ഈ മണ്ണ് നിരവധി തവണ പുഴവെള്ളം കൊണ്ടുതന്നെ തേവി അരിക്കുകയാണ് ചെയ്യുന്നത്. അവസാനം ചളിയും മണ്ണുമെല്ലാം നീക്കം ചെയ്യുന്നതോടെയാണ് സ്വർണത്തരികൾ മരവിയുടെ കുഴി ഭാഗത്ത് കാണാനാകുക.

ഇവ ഒരുപാത്രത്തിലേക്ക് മാറ്റും. ഇങ്ങനെ കിട്ടിയ സ്വർണത്തിരികൾ ഒരു ചെറിയ തുണിക്കിഴിയുണ്ടാക്കി കെട്ടിവെക്കും. പിന്നീട് മെർക്കുറി ചേർത്ത് ചെറു തീയിൽ കത്തിക്കും. ഇതോടെയാണ് സ്വർണം മണ്ണിൽനിന്ന് വേർതിരിച്ചെടുക്കാനാകുക. ഇവ പിന്നീട് ഒന്നുകൂടി ശുദ്ധീകരിച്ചാണ് സ്വർണപ്പണിക്കാർക്ക് വിൽക്കുന്നത്.

വിഷപ്പകറ്റിയ പൊൻതരികൾ...

പട്ടിണിയില്‍നിന്ന് കരകയറാൻ പൊന്‍തരികള്‍ നല്‍കിയ മലകളെ മരുതയിലെ ജനങ്ങൾ ഇന്നും ഓര്‍ക്കുന്നു. ഗള്‍ഫ് പണവും റബര്‍ കൃഷിയും എത്തുംമുമ്പ്, പ്രാരബ്ധങ്ങള്‍ക്ക് മുന്നില്‍ പകച്ചുനിന്നവർക്കാണ് മരുത മല അന്നം നല്‍കിയത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരമുള്ള മണ്ണാണ് മരുതയിലുള്ളത്. മലകളില്‍ മാത്രമല്ല, പുഴകളിലും നടന്നുപോകുന്ന ഇടവഴികളിലും വീട്ടുമുറ്റത്തും പറമ്പുകളിലും പൊന്‍തരികള്‍ നല്‍കി മരുത ഇന്നാട്ടുകാരെ അനുഗ്രഹിച്ചു.

വനപ്രദേശങ്ങളിൽനിന്ന് മണ്ണിനോടൊപ്പം ഒഴുകിയെത്തുന്ന പൊന്‍തരികള്‍ ജനങ്ങള്‍ക്ക് ലഭിച്ചിരുന്നു. മരുത വനങ്ങളിലെ മലകളില്‍ മേല്‍മണ്ണില്‍ സ്വർണ നിക്ഷേപമുണ്ടെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് മരവിയും കൊളാഞ്ചിയുമായി അവർ അക്കാലത്ത് മല കയറിയത്.

മണ്ണ് കിളച്ചെടുത്ത് മഴവെള്ളച്ചാലുകളില്‍ സ്വർണം അരിച്ചെടുത്ത് അവര്‍ ജീവിത ചെലവിന് വഴികണ്ടെത്തുകയായിരുന്നു. ചാലിയാറിൽ വന്നുപതിക്കുന്ന മരുതപ്പുഴ, പാണ്ടിപ്പുഴ, പുന്നപ്പുഴ തുടങ്ങിയ പുഴകളില്‍നിന്നാണ് പൊന്ന് ഇപ്പോഴും അരിച്ചെടുക്കുന്നത്.

എടക്കര, മൂത്തേടം, പോത്തുകല്ല്, ചുങ്കത്തറ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് ഈ ‘സ്വർണപ്പുഴ’കൾ കടന്നുപോകുന്നത്. വനപ്രദേശങ്ങളിൽ നടന്നിരുന്ന സ്വർണഖനനം 1991ൽ സർക്കാർ നിരോധിച്ചതിനെ തുടർന്നാണ് പുഴയുടെ തീരങ്ങളിലേക്ക് ഇവർ സ്വർണം തേടി എത്തിയത്.

Tags:    
News Summary - These people are legally extracting gold from the Chaliyar River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.