‘‘ഇന്നൊരു നെറച്ചൂണുണ്ട് മോനേ’’. സൈക്കിളിൽ താളം ചവിട്ടിപ്പോകുന്ന കൊച്ചുമോന് ഒപ്പമെത്താൻ പാടുപെടുന്നതിനിടയിലും ഗൗരിച്ചേടത്തി പറഞ്ഞു. ഒരു കല്യാണത്തിന് പോകുകയാണ് ആ വയോധിക.
പൊള്ളിപ്പോയി അക്ഷരാർഥത്തിൽ. ഒരു ജീവിതകാലത്ത് അപൂർവങ്ങളിൽ അപൂർവമായ ദിവസങ്ങളിൽ മാത്രം വയറുനിറച്ചുണ്ണാൻ ഭാഗ്യമുണ്ടായിരുന്ന മഹാഭൂരിപക്ഷം മലയാളികളിൽ ഒരാളായിരുന്ന ഗൗരിച്ചേടത്തിക്ക് ഒരു വിവാഹച്ചടങ്ങിനെ അങ്ങനയേ വിശേഷിപ്പിക്കാനാകുമായിരുന്നുള്ളൂ. അക്കാലം കടന്നുവന്ന അനേക ലക്ഷങ്ങളെപ്പോലെ.
പട്ടിണി അറിയാത്തവരായിരുന്നില്ല മലയാളികൾ. ബഷീറും തകഴിയും കേശവദേവും പൊൻകുന്നം വർക്കിയുമെല്ലാം വിശപ്പിനെക്കുറിച്ചും പട്ടിണിയെക്കുറിച്ചും സങ്കൽപിച്ച് എഴുതിയതൊന്നുമല്ല. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിൽ മലയാളമണ്ണിൽ, ശ്രീപത്മനാഭന്‍റേതായാലും പൂർണത്രയീശന്‍റേതായാലും സാമൂതിരിയുടേതായാലും, അതായിരുന്നു നാട്ടുനടപ്പ്. അവിടവിടെ ഓരോ വറ്റുകൾ ഓടിനടക്കുന്ന കഞ്ഞി എന്നു പറയുന്ന സാധനം മോന്തിയാണ് ബഹുലക്ഷങ്ങൾ വിശപ്പടക്കിയിരുന്നത്. വിശന്നുവലഞ്ഞുവന്ന ഒരു സംഘം പടയാളികൾക്ക് ഒരുനേരം കഞ്ഞി നൽകി വിശപ്പാറ്റിയതിന്‍റെ പ്രത്യുപകാരമായാണ് അമ്പലപ്പുഴ എന്നൊരു നാട്ടുരാജ്യം ഉണ്ടായതുതന്നെ. ഇന്നത് നമ്മുടെ സങ്കൽപങ്ങൾക്ക് അപ്പുറമാണെങ്കിലും സത്യം അതുതന്നെയാണ്.
കടന്നുവന്ന കാലത്തെക്കുറിച്ച അറിവില്ലായ്മകളുടെ അങ്ങേയറ്റമാണ് ഈ നാളുകളിൽ കണ്ടതും കാണുന്നതും. ഗസ്സയിൽ കുട്ടികൾ പട്ടിണികിടന്ന് മരിക്കുന്നു എന്ന സത്യത്തോട് നല്ലൊരു വിഭാഗം മലയാളികളുടെ പ്രതികരണം അത് സാക്ഷ്യപ്പെടുത്തും.
എന്തൊക്കെ ന്യായങ്ങളാണ്. ‘എന്നിട്ട് അമ്മമാർ നല്ല ചുവന്ന് തുടുത്താണല്ലോ ഇരിക്കുന്നത്’, ‘തടിയൻ തന്തമാർ മൊത്തം തിന്നുതീർത്തതാകും’... എന്നിങ്ങനെ ദുർവാക്കുകൾ പരക്കുകയാണ്.
എന്നിരിക്കിലും പട്ടിണിക്കോലങ്ങളായ ഗസ്സയിലെ കുഞ്ഞുങ്ങളെക്കുറിച്ച് ആധിപൂണ്ട് ഉച്ചത്തിലൊരു ശബ്ദം മലയാള ഭാഷയിൽ ഉയർന്നു. ജീവിത കാലയളവ് നൂറ്റാണ്ടോടടുക്കുന്ന ഒരു ദുർബല ശരീരത്തിൽനിന്നെങ്കിലും അതിന്‍റെ ഊക്ക് താങ്ങാനാകാതെ ദുർവാക്കുകൾ കേവലം പൂഴിയായി. മലയാള ഭാഷയെ നിത്യവും വന്ദിക്കുന്ന, മലയാളഭാഷ തിരിച്ചും വന്ദിക്കുന്ന പ്രിയപ്പെട്ട ലീലാവതി ടീച്ചറിൽനിന്ന്.
ഗസ്സയിലെ കുഞ്ഞുങ്ങൾ പട്ടിണി കിടക്കുമ്പോൾ പിറന്നാൾ ഉണ്ണാൻ ആകുന്നില്ല എന്ന ടീച്ചറുടെ വാക്കുകളേക്കാൾ വലിയൊരു ഐക്യദാർഢ്യം മലയാളത്തിൽനിന്ന് ആവശ്യമില്ല. പക്ഷേ, മുക്കാൽ നൂറ്റാണ്ടിന്‍റെ സേവന പാരമ്പര്യമുള്ള ആ വന്ദ്യ മാതൃസ്വരൂപത്തെ, ഗസ്സയിലെ കുഞ്ഞുങ്ങൾക്കൊപ്പംനിന്നു എന്ന ഒറ്റക്കാരണത്താൽ, അതിനിന്ദ്യമായി ആക്ഷേപിക്കാൻ പുറപ്പെട്ട മലയാളികളുടെ എണ്ണം ചെറുതായിരുന്നില്ല എന്നത് ഒരിക്കലും മറന്നുകൂടാ. എന്നാൽ, നിറച്ചുണ്ണാൻ ഇല്ലാതിരുന്ന പട്ടിണിക്കാലം കണ്ടും അറിഞ്ഞും അതിജീവിച്ചും വന്ന ലീലാവതി ടീച്ചറുടെ ഉറച്ച വാക്കിനെ അണുമാത്രയെങ്കിലും ഇളക്കാൻ അധിക്ഷേപങ്ങൾക്കായില്ല. ശാന്തയായി, സ്ഥിരചിത്തയായി ടീച്ചർ ഗസ്സയിലെ കുഞ്ഞുങ്ങൾക്കൊപ്പം തുടരുന്ന മനസ്സുനിറക്കുന്ന കാഴ്ചയാണ് കൺമുന്നിലുള്ളത്.
താനേ പുറപ്പെടുന്ന കണ്ണീരാൽ കാഴ്ച മങ്ങിയല്ലാതെ ആദ്യനോട്ടംപോലും അസാധ്യമായ പട്ടിണിക്കോലങ്ങളുടെ ചിത്രങ്ങളെ പുച്ഛിച്ചും അധിക്ഷേപിച്ചും തള്ളിയ മലയാളികളേ, ഇത്ര സ്മരണ ഇല്ലാത്തവരായിപ്പോയല്ലോ നമ്മൾ. മുഴുപ്പട്ടിണിയെ അരപ്പട്ടിണിയെങ്കിലും ആക്കാനായി എന്നേ നാടുവിട്ട് പലായനം ചെയ്തവരാണ് നമ്മൾ.
മലയായിലും ബർമയിലും കൊളമ്പിലുമൊക്കെ നൂറ്റാണ്ടുകാലത്തിനും മുമ്പേ ഭാഗ്യാന്വേഷികളായിപ്പോയ മലയാളികളുടെ പിന്മുറക്കാർ ഇല്ലാത്ത ഏതെങ്കിലും കേരള ഗ്രാമമുണ്ടോ? കൽക്കത്താവിലും ബംബായിയിലും മദിരാശിയിലും മലയാളികളുടെ കാലടികൾ പതിയാൻ തുടങ്ങിയ കാലം കണക്കാക്കുക തന്നെ പ്രയാസമായിരിക്കും. അവർ സഹ്യനും കേറിമറിഞ്ഞ് കേരളം വളർത്തിയത് മലയാളഭാഷ പ്രചരിപ്പിക്കാൻ ഒന്നും ആയിരുന്നില്ലല്ലോ. പട്ടിണിക്ക് ശീട്ടെടുക്കേണ്ടി വന്നു എന്ന ഒറ്റക്കാരണം മാത്രമേ അവരിൽ നൂറിൽ ഒന്നുകുറയെ എല്ലാവർക്കും ഉണ്ടായിരുന്നുള്ളു എന്നത് നൂറുശതമാനം ഉറപ്പ്.
മിക്കപ്പോഴും കേൾക്കാറുണ്ട്. യുദ്ധങ്ങളുടെ ഭീകരതയൊന്നും നമ്മൾ മലയാളികൾ നേർക്കുനേർ അനുഭവിച്ചിട്ടില്ലെന്ന്. സത്യവുമാണ്. പക്ഷേ, യുദ്ധക്കെടുതികളേക്കാൾ ഭീകരമായ പട്ടിണി ഒന്നു മാത്രമാണല്ലോ മലയാളിയെ നിത്യ പ്രവാസിയാക്കിയത്. ഹൈറേഞ്ചിലെ കൊടുങ്കാടുകളിലേക്കും വയനാട്ടിലെ കൊടും തണുപ്പിലേക്കും ജീവൻ വകവെക്കാതെ കുഞ്ഞുകുട്ടി പരാധീനങ്ങളുമൊപ്പം കടന്നുകയറാൻ മലയാളിയെ പ്രേരിപ്പിച്ചത് മണ്ണിനോടുള്ള ആർത്തിയേക്കാളും പട്ടിണിയോടുള്ള യുദ്ധം തന്നെ ആയിരുന്നു. ഒരു സംശയവുമില്ല. പത്തേമാരിയിൽ കടൽകടന്നവരും പട്ടിണിയോട് യുദ്ധം പ്രഖ്യാപിച്ചവർതന്നെ.
പട്ടിണിയും പലായനവും നല്ലൊരളവിൽ നേരിട്ടറിഞ്ഞവരും തുടർച്ചക്കാരുമാണ് ഗസ്സയിലെ പട്ടിണിയെയും പലായനത്തെയും ആക്ഷേപിക്കാൻ മുന്നിൽ നിൽക്കുന്നത് എന്നതാണ് ഒരേസമയം കൗതുകവും സങ്കടവും ആകുന്നത്.
അരിക്കലങ്ങൾ കാലിയാകുമ്പോഴും മലയാളി ഭാഗ്യവാൻ ആയിരുന്നു. അവനെ പുലർത്താൻ ഇവിടത്തെ വന്യപ്രകൃതി ഉണ്ടായിരുന്നു. എണ്ണമറ്റ ഫലവൃക്ഷങ്ങളും സമൃദ്ധമായ കിഴങ്ങുകളും പുഴനിറഞ്ഞ മീനുകളും. പ്രകൃതിയിൽനിന്ന് പെറുക്കിത്തിന്ന് മലയാളി ജീവനോടെ പുലർന്നു. തലമുറകളെ ജനിപ്പിച്ചു.
എന്നാൽ, അവശിഷ്ട ഫലസ്തീനായ ഗസ്സയിലെ മനുഷ്യജീവികൾക്ക് ആ ഭാഗ്യമില്ല. കേരളംപോലെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലം തന്നെയാണ് ഗസ്സയും. ഒലീവ്, ഈന്തപ്പന, ഓറഞ്ച്, സ്ട്രോബറി തോട്ടങ്ങളും പച്ചക്കറിപ്പാടങ്ങളും ധാരാളം ഉണ്ടായിരുന്നു. തക്കാളിയും വെള്ളരിയുമൊക്കെ കയറ്റി അയക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇന്ന് ഒന്നും ബാക്കിയില്ല. കിണറുകളും ജലസേചന സംവിധാനങ്ങളും ബോംബാക്രമണത്തിൽ തകർക്കപ്പെട്ടതോടെ തോട്ടങ്ങളെല്ലാം കരിഞ്ഞുണങ്ങി. ബാക്കിയായവ ഇസ്രായേൽ ബോംബുകൾക്ക് ഭക്ഷണമായി.
ഗസ്സയിലെ കൃഷിയിടങ്ങളുടെ ഒന്നര ശതമാനം മാത്രമാണ് നിലവിൽ അവശേഷിക്കുന്നത്. ബാക്കി തൊണ്ണൂറ്റെട്ടര ശതമാനവും ഇസ്രായേലിന്‍റെ ധാർഷ്ട്യത്താൽ ചുട്ടെരിക്കപ്പെടുകയോ അധിനിവേശക്കാരുടെ കൈയിലാവുകയോ ചെയ്തു, ഇനിയൊരിക്കലും ഗസ്സയിലെ കർഷകന് വിത്തെറിയാനാകാത്തവണ്ണം, ഒരു കനിയെങ്കിലും രുചിക്കുക അസാധ്യമാകും വിധം. ഫലം ഒന്നുമാത്രം, പട്ടിണി. ആ പട്ടിണിയുടെ വിശ്വസിക്കാനാകാത്ത ചിത്രങ്ങളാണ് ഗസ്സയിൽനിന്ന് പുറത്തേക്കുവരുന്നത്. എങ്കിലും അവിടെ ഒരു പട്ടിണിയുമില്ലെന്ന് പറയുന്ന മലയാളി സ്വന്തം ചരിത്രത്തെയും സ്വന്തം പൂർവികരെയുമാണ് നിഷേധിക്കുന്നതും നിന്ദിക്കുന്നതും.
ഇപ്പോൾ ഗസ്സയിൽ ഇസ്രായേൽ അതിക്രമങ്ങൾക്ക് താൽക്കാലിക ശാന്തി ഉണ്ടായിരിക്കുന്നു. ഗസ്സക്കാർ ദുരിതം നിറഞ്ഞ ക്യാമ്പുകളിൽനിന്ന് അവരുടെ വീടുകളിലേക്ക് അഥവാ അവ ഇരുന്ന സ്ഥലത്തെ കോൺക്രീറ്റ് കൂനകളിലേക്ക്, അതുമല്ലെങ്കിൽ കേവലം മണൽപ്പരപ്പിലേക്ക് തിരിച്ചുപോകുകയാണ്. അപ്പോഴും ഭക്ഷണത്തിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായം മാത്രമാണ് ഏക ആശ്രയം. അതും ഇസ്രായേലിന്‍റെ നിയന്ത്രണങ്ങൾ മറികടന്ന് എത്തുന്നവ മാത്രം. ഭക്ഷണത്തിന് വരിനിന്ന ഫലസ്തീനികളെ കൂട്ടത്തോടെ കൊല്ലുന്നത് പതിവാക്കിയ അവർ എത്രത്തോളം അനുഭാവം കാട്ടുമെന്നത് ഊഹിക്കാവുന്നതേയുള്ളു.
എന്നാൽ, ഗസ്സയിലെ കുഞ്ഞുങ്ങളെയും അമ്മമാരെയും അങ്ങനെയങ്ങ് പട്ടിണിക്ക് വിട്ടുകൊടുത്താൽ ശരിയാകുമോ, നമുക്കും എന്തെങ്കിലും ചെയ്യേണ്ടേ? എങ്ങനെയെന്ന് നെറ്റി ചുളിക്കേണ്ടതില്ല. നമുക്കതിന് ഉറപ്പായും സാധിക്കും.
നിറച്ചുണ്ണാൻ ഇല്ലാതിരുന്ന ഗൗരിച്ചേടത്തിമാർ പിടിയരി കൊണ്ട് മഹാപ്രസ്ഥാനങ്ങൾ പടുത്ത നാടാണ് കേരളം. ഉള്ള കഞ്ഞിക്ക് അരിയിടുമ്പോൾ എത്ര ഇല്ലായ്മയിലും മലയാളി സ്ത്രീകൾ ഒരുപിടി അരി മാറ്റിവെച്ചു. സംഘടനകൾ ഉണ്ടാക്കാൻ, വിപ്ലവം സൃഷ്ടിക്കാൻ, സ്കൂൾ കെട്ടാൻ, പള്ളിയും അമ്പലവും പണിയാൻ. അവരതൊക്കെ സാധിക്കുകയും ചെയ്തു. അതാണ് മലയാളിയുടെ ചരിത്രം. അതാണ് മലയാളിയുടെ വാസ്തവം.
അവിടെ നിന്നാണ് നമ്മൾ തുടങ്ങേണ്ടത്. ഒരുപിടി അരി ഓരോനേരവും ഗസ്സയിലെ കുഞ്ഞുമക്കൾക്കുവേണ്ടി നമുക്ക് മാറ്റിവെക്കാൻ സാധിക്കില്ലേ? സാധിക്കും. കേരളത്തിൽനിന്നൊരു രശ്മിക്ക് ഗസ്സയിൽ ദാഹജലം എത്തിക്കാനായിട്ടുണ്ടെങ്കിൽ അവിടെ ഇസ്രായേൽ കൊണ്ടുപിടിച്ച് കൊന്നുതീർക്കുന്ന കുഞ്ഞുമക്കൾ പട്ടിണികിടന്ന് മരിക്കുന്നത് തടയാൻ നമ്മൾ മലയാളികൾക്ക് ഉറപ്പായും കഴിയും, ഒരു നേരമെങ്കിലും നിറച്ചുണ്ണാൻ കൊടുക്കാനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.