നിർമാണത്തിലിരിക്കുന്ന ‘സ്നേഹവീടി’നു മുന്നിൽ എൻ. സുരേന്ദ്രൻ

നിരാലംബരായ വയോജനങ്ങൾക്കായി 40 സെന്‍റ് ഭൂമിയിൽ ‘സ്നേഹവീട്’ ഒരുങ്ങുന്നു; ഇത് റിട്ട. സി.ബി.ഐ ഉദ്യോഗസ്ഥന്‍റെയും ഭാര്യയുടെയും സ്വപ്നസാഫല്യം

ഉദാരമതികളായ ദമ്പതികളുടെ സ്വപ്ന സാക്ഷാത്കാരമാണ് ആലപ്പുഴ മുതുകുളത്ത് ഒരുങ്ങുന്ന ഗാന്ധിഭവന്‍റെ ‘സ്നേഹവീട്’. റിട്ട. സി.ബി.ഐ ഉദ്യോഗസ്ഥൻ എൻ. സുരേന്ദ്രനും ഭാര്യ സതിയമ്മയുമാണ് നിരാലംബർക്ക് തണലൊരുക്കുന്നത്...

അവഗണിക്കപ്പെട്ട വയോജനങ്ങൾക്ക് സ്നേഹവും സാന്ത്വനവും പകരാൻ ആലപ്പുഴ മുതുകുളത്ത് ഒരുങ്ങുന്ന ഗാന്ധിഭവന്‍റെ ‘സ്നേഹവീട്’ വെറുമൊരു കെട്ടിടമല്ല, ഉദാരമതികളായ ദമ്പതികളുടെ ഹൃദയം നിറഞ്ഞ ദാനത്തിന്‍റെയും ഒരു വലിയ സ്വപ്നത്തിന്‍റെയും സാക്ഷാത്കാരമാണ്.

റിട്ട. സി.ബി.ഐ ഉദ്യോഗസ്ഥൻ എൻ. സുരേന്ദ്രനും, ഭാര്യയും റിട്ട. ഹെഡ്‌മിസ്ട്രസുമായ സതിയമ്മയുമാണ് നിരാലംബർക്ക് തണലൊരുക്കാൻ തങ്ങളുടെ ജീവിത സമ്പാദ്യത്തിൽനിന്ന് വലിയൊരു പങ്ക് നൽകിയിരിക്കുന്നത്.

മുതുകുളം കൊല്ലക ക്ഷേത്രത്തിന് സമീപമുള്ള ‘പുതിയ വീട്’ എന്ന തങ്ങളുടെ കുടുംബവീട് ഉൾപ്പെടുന്ന 40 സെന്‍റ് ഭൂമിയാണ് പത്തനാപുരം ഗാന്ധിഭവന് ഇവർ ദാനമായി നൽകിയത്. 50 വയോജനങ്ങൾക്ക് ആശ്രയമാകുന്ന ഈ സ്നേഹഭവനത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്.

എൻ. സുരേന്ദ്രനും ഭാര്യ സതിയമ്മയും

കുടുംബവീട്ടിൽ പുതിയ അധ്യായം

ഈ കുടുംബവീട് സുരേന്ദ്രന്‍റെ പിതാവിനെ സംസ്കരിച്ച സ്ഥലം കൂടിയാണ്. അതുകൊണ്ടുതന്നെ ഈ വീടിന് അദ്ദേഹത്തിന്‍റെ അമ്മക്ക് വൈകാരിക പ്രാധാന്യമുണ്ട്. സുരേന്ദ്രനും ഭാര്യ സതിയമ്മയും സമീപത്തെ മറ്റൊരു വീട്ടിൽ താമസിക്കുന്നുണ്ടെങ്കിലും അമ്മക്ക് ഈ കുടുംബവീട്ടിൽതന്നെ തുടരാനാണ് ആഗ്രഹം.

ഈ സാഹചര്യത്തിൽ, അമ്മയെ ഗാന്ധിഭവനിലെത്തുന്ന മറ്റൊരു വയോധികയോടൊപ്പം ഈ വീട്ടിൽത്തന്നെ താമസിപ്പിക്കാനാണ് തീരുമാനം. ‘‘ഞങ്ങൾക്ക് മക്കളില്ല. ഞാനും ഭാര്യയും അമ്മയും മാത്രമേ ഇവിടെയുള്ളൂ. ഈ വീട് ഗാന്ധിഭവനിലെ അനേകം അമ്മമാർക്കും അച്ഛന്മാർക്കും ആശ്രയമാകും ’’ -സുരേന്ദ്രനും സതിയമ്മയും ആഗ്രഹം പങ്കുവെച്ചു.

ഗാന്ധിഭവൻ മനസ്സിനെ സ്വാധീനിച്ചു

10 വർഷം മുമ്പ് ഗാന്ധിഭവന്‍റെ സെക്രട്ടറിയായിരുന്ന പുനലൂർ സോമരാജനുമായുള്ള കൂടിക്കാഴ്ചയാണ് സുരേന്ദ്രനെ ഈ സംഘടനയുമായി അടുപ്പിച്ചത്. സതിയമ്മ കൊല്ലക്കൽ എസ്.എൻ.വി.യു.പി സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസാണ്. ഭർത്താവിന്‍റെ തീരുമാനത്തിന് അവർ പൂർണ പിന്തുണ നൽകി.

കഴിഞ്ഞവർഷം നവംബറിലാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ‘‘ഗാന്ധിഭവനെപ്പോലുള്ള ഒരു പ്രസ്ഥാനം ഇത് ഭംഗിയായി കൊണ്ടുപോകുമെന്ന വിശ്വാസം എനിക്കുണ്ട്. നമ്മളൊക്കെ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്താൻ ലോകത്ത് എന്തെങ്കിലുമൊക്കെ ഉണ്ടാകണം’’ -സുരേന്ദ്രനും ഭാര്യ സതിയമ്മയും ആത്മസന്തോഷത്തോടെ പറഞ്ഞു.

അച്ഛന്റെ വഴി

കർഷകരായ കെ. നാണുവിന്‍റെയും കെ. പങ്കജാക്ഷിയുടെയും മകനായ സുരേന്ദ്രൻ, ജീവിതത്തിന്‍റെ ഏറിയ പങ്കും രാജ്യസേവനത്തിനായി മാറ്റിവെച്ചു. സഹജീവികളെ സ്നേഹിക്കുക എന്നത് അച്ഛൻ പകർന്നുനൽകിയ നന്മയാണ്.

15 വർഷം ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ച ശേഷം സി.ബി.ഐയിൽ ചേർന്ന അദ്ദേഹം, നിരവധി കേസുകളുടെ അന്വേഷണത്തിൽ മികവ് തെളിയിച്ച് മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള സ്വർണ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.