കോഴിക്കോട്: സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുന്ന വർഗീയ പരാമർശവുമായി ‘കാഫിർ സ്ക്രീൻ ഷോട്ട്’ നിർമിച്ച് പ്രചരിപ്പിച്ച അധ്യാപകനെതിരെ നടപടി എടുക്കാതിരിക്കുകയും സൂംബ വിഷയത്തിൽ അഭിപ്രായ പ്രകടനത്തിന്‍റെ പേരിൽ വിസ്ഡം ജന. സെക്രട്ടറി ടി.കെ. അഷ്റഫിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്ത സർക്കാർ സമീപനം ഇരട്ടത്താപ്പാണെന്ന് വിസഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കാരണം കാണിക്കൽ നോട്ടീസിനുള്ള അധ്യാപകന്‍റെ വിശദീകരണത്തിന് പോലും കാത്തിരിക്കാതെയാണ് അഷ്റഫിനെ സസ്പെൻഡ് ചെയ്തുള്ള സർക്കാർ ഉത്തരവുണ്ടായത്. ഇത് ചട്ടങ്ങളും മര്യാദകളും കാറ്റിൽപറത്തിയുള്ള വേട്ടയാടലാണ്. ഇത്തരത്തിലുള്ള അച്ചടക്ക നടപടി ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പൊതുവിദ്യാലയങ്ങളിൽ ചർച്ചയും പഠനവുമില്ലാതെ നടപ്പാക്കിയ പരിഷ്കാരത്തോട് സാംസ്കാരികവും മതപരവുമായുള്ള വിയോജിപ്പ് രേഖപ്പെടുത്തുകയാണ് അഷ്റഫ് ചെയ്തതത്. വിദ്യാലയങ്ങളിൽ ജൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ മതനിരാസ ആശയങ്ങൾ കടത്തിക്കൂട്ടാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് സൂംബ.
ഇതിനെതിരായ വിയോജിപ്പിനെ ഈ രൂപത്തിൽ കൈകാര്യം ചെയ്യുന്നത് സമാന ചിന്താഗതിയുള്ള എല്ലാവർക്കുമുള്ള സർക്കാരിന്‍റെ മുന്നറിയിപ്പാണ്. അതുകൊണ്ടുതന്നെ സമാന ആശയമുള്ളവരുമായി കൂടിയാലോചിച്ച് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. അധ്യാപകനെതിരായ നടപടിക്കെതിരെ നിയമവഴി തേടുമെന്നും നേതാക്കൾ പറഞ്ഞു. വിസ്ഡം സംസ്ഥാന പ്രസിഡന്‍റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി, സെക്രട്ടറിമാരായ നാസിർ ബാലുശ്ശേരി, ഫൈസൽ മൗലവി, അബ്ദുൽ മാലിക് സലഫി, ട്രഷറർ കെ. സജ്ജാദ്, സിനാജുദ്ദീൻ, ഡോ. സി.പി. അബ്ദുല്ല ബാസിൽ, സഫ്വാൻ ബറാമി അൽ ഹികമി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.