സൂംബ: അധ്യാപകനെതിരായ നടപടി ക്രൂരമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ; ‘എതിർശബ്ദങ്ങളെ ഭയപ്പെടുത്തി നിശ്ശബ്ദമാക്കുന്നത് ഫാഷിസ്റ്റ് സമീപനം’

മലപ്പുറം: സൂംബ വിഷയത്തിൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അധ്യാപകനെതിരായ സർക്കാർ നടപടി ക്രൂരവും ഭരണഘടന അനുവദിച്ച സ്വാഭാവിക നീതിയുടെ ലംഘനവുമാണെന്ന് മുസ്‍ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജ്മെന്റി​നെ ഭയപ്പെടുത്തിയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുപ്പിച്ചത്.

സർക്കാറിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ നിലപാട് എടുത്തതിന്റെ പേരിൽ ഡോ. കഫീൽ ഖാനെതിരെയും സഞ്ജീവ് ഭട്ടിനെതിരെയും ബി.ജെ.പി സർക്കാറുകൾ സ്വീകരിച്ച പ്രതികാര സമീപനത്തെ ഓർമിപ്പിക്കുന്ന സംഭവമാണിത്. ഡോ. ഹാരിസിനെതിരായ നീക്കം മറ്റൊരു ഉദാഹരണമാണ്. എതിർശബ്ദങ്ങളെ ഭയപ്പെടുത്തി നിശ്ശബ്ദമാക്കുന്ന ഫാഷിസ്റ്റ് സമീപനമാണിത്. ടി.കെ. അഷ്റഫിനെതിരായ നടപടിക്കെതിരെ അധ്യാപക സമൂഹം രംഗത്തെത്തണം.

മദ്റസ സമയമാറ്റം, സൂംബ പോലുള്ള വിഷയങ്ങളിൽ ആരുടെയും അഭിപ്രായം കേൾക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു സർക്കാർ. താൻ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്കൂളുകളിൽ ഒാരോ പരിഷ്കാരവും വിദഗ്ധ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് നടപ്പാക്കിയിരുന്നത്. ഏത് പഠനത്തി​ന്റെ അടിസ്ഥാനത്തിലാണ് ലഹരിക്കെതിരെയെന്ന പേരിൽ സൂംബ സ്കൂളുകളിൽ നടപ്പാക്കിയതെന്ന് സർക്കാർ വിശദീകരിക്കണം. കേരളത്തെ മദ്യത്തിൽ മുക്കിയ സർക്കാറാണ് ലഹരിക്കെതി​രെ സൂംബ കളിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Zumba: ET Muhammed Basheer says the action against the teacher is cruel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.