വിജയ്​ പി. നായരുടെ അകൗണ്ട്​ യുട്യൂബ്​ നീക്കം ചെയ്​തു

തിരുവനന്തപുരം: യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ അറസ്​റ്റിലായ വെള്ളായണി സ്വദേശി വിജയ് പി. നായരുടെ വിഡിയോകൾ നീക്കം ചെയ്​തു. സൈബർ സെൽ​ നൽകിയ നിർദേശത്തെ തുടർന്ന്​ യുട്യൂബാണ്​ അകൗണ്ട്​ തന്നെ ഡിലീറ്റ്​ ആക്കിയത്​​. അശ്ലീല വീഡിയോക്ക്​ താഴെ ഇവ നീക്കം ചെയ്യണമെന്ന്​ നിരവധി പേർ കമ്മൻറ്​ നൽകിയിരുന്നു. ഇതോടെ ഇയാളുടെ ഒരു വീഡിയോയും ഇപ്പോൾ യുട്യൂബിൽ ലഭ്യമല്ല. മറ്റാരെങ്കലും ഈ വിഡിയോകൾ അപ്​ലോഡ്​ ചെയ്യുന്നുണ്ടോയെന്ന്​ പൊലീസ്​ പരിശോധിക്കുന്നുണ്ട്​. 

തിങ്കളാഴ്ചയാണ്​ കല്ലിയൂരിലെ വീട്ടിൽനിന്ന് മ്യൂസിയം പൊലീസ് വിജയ്​ പി നായരെ കസ്റ്റഡിയിലെടുത്ത്​ രാത്രിയോടെ അറസ്​റ്റ്​ രേഖപ്പെടുത്തിയത്​. ഇയാൾക്കെതിരെ ഐ.ടി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിരുന്നു. ശ്രീലക്ഷ്മി അറയ്ക്കലിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ലൈംഗിക അധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ഐ.ടി ആക്ടിലെ 67, 67(എ) വകുപ്പുകൾ വിജയ് പി. നായർക്കെതിരെ ചുമത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം പിഴയും 10 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. ഇദ്ദേഹത്തിെനതിരെ ഭാഗ്യലക്ഷ്മി നൽകിയ സമാന പരാതിയിൽ തമ്പാനൂർ പൊലീസും അറസ്​റ്റ്​ രേഖപ്പെടുത്തിയത്​.

സ്ത്രീവിരുദ്ധവും അശ്ലീല പരാമർശങ്ങളുമടങ്ങിയ വീഡിയോകൾ യുട്യൂബിലൂടെ പ്രചരിപ്പിക്കുന്ന ഇയാളുടെ ലോഡ്ജിൽ നേരത്തെ മ്യൂസിയം പൊലീസ് പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ മാസം 14ന് യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ മൂന്നു പേർ കഴിഞ്ഞ ദിവസം താമസസ്ഥലത്തെത്തി ഇയാളെ നേരിട്ടിരുന്നു. ദേഹത്ത് മഷി ഒഴിക്കുകയും പരസ്യമായി മാപ്പുപറയിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ വിജയ് പി. നായരുടെ പരാതിയിൽ ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെയും മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്.

വിജയ് പി. നായർക്ക് ഡോക്ടറേറ്റ് നൽകിയ സാലിഗ്രാമം ഗ്ലോബല്‍ ഹ്യൂമന്‍ പീസ് സര്‍വകലാശാലയെക്കുറിച്ച് തമ്പാനൂർ പൊലീസും സൈബർ സെല്ലും പരിശോധിച്ചുവരികയാണ്. ഈ സ്ഥാപനത്തിന് യു.ജി.സി അംഗീകാരവുമില്ല. വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്​റ്റ്​ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.