പത്തനാപുരം: മൂന്ന് വർഷം മുമ്പ് സുഹൃത്ത് പരിചയപ്പെടുത്തിയ ഓൺലൈൻ ഗെയിം, ഒടുവിൽ ടോണി കെ. തോമസി(27)ന്റെ ജീവനെടുത്തു. അച്ഛന്റെ മരണത്തോടെയാണ് മലപ്പുറം പോത്തുകൽ മുതുകുളം ഈട്ടിക്കൽ ടോണി ഓൺലൈൻ ഗെയിം ചൂതാട്ടത്തിലേക്ക് വഴുതി വീണത്. ജോലി ചെയ്യാതെ പണം സമ്പാദിക്കാനുള്ള കുറുക്ക് വഴിയായാണ് ടോണി ഗെയിമിനെ കണ്ടത്. ആദ്യം ഒന്നോ രണ്ടോ തവണ 1600 രൂപ വീതം ലഭിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
പിതാവ് കുഞ്ഞുമോൻ തോമസ് ജോലി ചെയ്തിരുന്ന പത്തനാപുരം മൗണ്ട് താബോർ സ്കൂളിൽ ടോണിക്ക് ഒന്നര വർഷം മുൻപാണ് പ്യൂൺ പോസ്റ്റിൽ ടോണിക്ക് നിയമനം ലഭിച്ചത്. ജോലിക്ക് കയറിയെങ്കിലും ഓൺ ലൈൻ ഗെയിം ഹരമായി കൊണ്ടുനടന്നു. അധ്യാപകരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ബന്ധുക്കളിൽ നിന്നുമൊക്കെ പണം കടം വാങ്ങി. പലപ്പോഴും ശമ്പളം വാങ്ങി കടം തിരിച്ചു കൊടുത്തു, പിന്നെയും വാങ്ങി...
ആറ് മാസം മുൻപ് വീട്ടുകാർ ഇടപ്പെട്ട് ടോണിയെ കൗൺസിലിങ്ങിന് വിധേയമാക്കിയിരുന്നു. മൂന്ന് മാസത്തെ അവധി എടുത്താണ് ടോണിയെ കൗൺസിലിങ്ങിന് വിധേയനാക്കിയത്. ശേഷം നിലമ്പൂരിൽ നിന്നും ടോണി പത്തനാപുരത്തേക്ക് വരുമ്പോൾ സാധാരണ ഫോൺ ആണ് വീട്ടുകാർ വാങ്ങികൊടുത്തു വിട്ടത്. സ്കൂളിൽ ജോലിക്ക് പോകുമ്പോഴും ഇതേ ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നതെന്ന് സഹപ്രവർത്തകരും പറയുന്നു.
എന്നാൽ, ആരുമറിയാതെ ടോണി പത്തനാപുരത്ത് എത്തിയ ശേഷം ഗെയിമിനായി മറ്റൊരു ഫോൺ വാങ്ങി. ടൗണിൽ നെടുമ്പറമ്പ് ജങ്ഷനോട് ചേർന്ന് ഒറ്റക്ക് ഒരു ഫ്ലാറ്റിൽ ആണ് ടോണി താമസം. കഴിഞ്ഞ രാത്രിയിൽ ടോണി താമസിക്കുന്ന ഫ്ലാറ്റിന്റെ ഉടമയായ ഷാനവാസിൽ നിന്ന് 2000 രൂപ കടംവാങ്ങിയിരുന്നു. ടോണിയുടെ റൂമിൽ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ ഇങ്ങനെ പറയുന്നു: ‘എനിക്ക് വയ്യ, എനിക്ക് ഇനി പഴയത് പോലെ ആകാൻ കഴിയുമെന്ന് തോന്നുന്നില്ല, എനിക്ക് പറ്റില്ല.. ദൈവമേ എന്തിനാ എനിക്ക് ഇങ്ങനെ വരുത്തിയത്”. അമ്മയെയും സഹോദരിയെയും തനിച്ചാക്കി പോകുമ്പോൾ അവസാനമായി ടോണി എഴുതിയ ആ വാക്കുകളിൽ കുറ്റബോധം നിറയുന്നുണ്ട്. മനുഷ്യ ജീവനുകളെ കാർന്നെടുക്കുന്ന കാൻസർ രോഗം പോലെയാണ് ഓൺലൈൻ ചൂതാട്ടമെന്നും ഓൺലൈൻ ഗെയിമുകൾ നിയമപരമായി നിരോധിക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
എന്നും രാവിലെ ടോണിയാണ് സ്കൂൾ തുറന്നിരുന്നത്. എന്നാൽ ഇന്ന് പതിവ് സമയം കഴിഞ്ഞിട്ടും സ്കൂളിന്റെ പ്രധാന കവാടം അടച്ചത് കണ്ട് മറ്റു ജീവനക്കാർ ടോണിയെ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. ഇതേതുടർന്ന് സഹപ്രവർത്തകർ ടോണി താമസിക്കുന്ന ടൗണിലെ ഫ്ലാറ്റിൽ എത്തുകയായിരുന്നു. മുറി അകത്തു നിന്ന് പൂട്ടിയതിനാൽ മറ്റൊരു താക്കോൽ ഉടമയിൽനിന്ന് വാങ്ങി തുറന്നപ്പോൾ തൂങ്ങി നിൽക്കുന്ന നിലയിൽ ടോണിയെ കണ്ടെത്തുകയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞുമോൻ തോമസ്. മാതാവ്: മറിയാമ്മ തോമസ്. ടീന ഏക സഹോദരിയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.