മന്ത്രിസഭ വാർഷിക ആഘോഷത്തിനെത്തിയ മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി

പത്തനംതിട്ട: മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷത്തിന്​ പത്തനംതിട്ടയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ പത്തോ​ടെ അഴൂർ സർക്കാർ ഗസ്റ്റ്ഹൗസിനടുത്താണ് സംഭവം.

പൗരപ്രമുഖരെ കാണുന്ന ചടങ്ങിന്​ നന്നുവക്കാട്ടെ ഓഡിറ്റോറിയത്തിലേക്ക് ഗസ്റ്റ് ഹൗസിൽ നിന്ന് തിരിച്ചതായിരുന്നു മുഖ്യമന്ത്രി. വാഹനം ഗസ്റ്റ്ഹൗസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറി അൽപം കഴിഞ്ഞപ്പോൾ, മറഞ്ഞുനിന്ന പ്രവർത്തകർ വാഹനത്തിന്​ മുന്നിലേക്ക് ചാടി കരിങ്കൊടി വീശുകയായിരുന്നു. റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഇവരെ മൽപ്പിടിത്തത്തിലൂടെ ജീപ്പിലാക്കി. നാലാം വാർഷികത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന ധൂർത്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഢന്റെ ഷർട്ട്​ പിടിവലിക്കിടെ ഊരി പൊലീസിന്‍റെ കൈയിലായി. സംസ്ഥാന സെക്രട്ടറി റെനോ പി. രാജൻ, ജില്ല സെക്രട്ടറി ജിതിൻ ജി. നൈനാൻ, നേസ്മൽ കാവിളയിൽ, സുബിൻ വല്യന്തി, റോബിൻ വല്യന്തി എന്നിവരാണ് അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അൻസർ മുഹമ്മദ്, നിയോജകമണ്ഡലം പ്രസിഡന്റ് നേജോ മെഴുവേലി, കുമ്പഴ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെ കരുതൽ തടങ്കലിലാക്കി. രാത്രി ഏഴരക്ക് പിണറായി വിജയൻ ജില്ലയിൽനിന്ന് പോയ ശേഷമാണ് എല്ലാവരെയും ജാമ്യത്തിൽ വിട്ടത്.

Tags:    
News Summary - Youth Congress black flag protest against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.