ഓൺലൈൻ സ്ഥലംമാറ്റത്തിൽ അപാകത, സീനിയോറിറ്റി ലിസ്റ്റ് പരിഗണിച്ചില്ല; അധ്യാപകർ പ്രതിഷേധത്തിൽ

കണ്ണൂർ: സ്ഥലംമാറ്റ ഉത്തരവിൽ പ്രതിഷേധവുമായി അധ്യാപക സംഘടനകൾ. അധ്യയനവർഷം തുടങ്ങുന്നതിനുമുമ്പാണ് സാധാരണ അധ്യാപകരുടെ സ്ഥലംമാറ്റ അപേക്ഷ ക്ഷണിക്കാറുള്ളത്. എന്നാൽ, അധ്യയനവർഷമാരംഭിച്ച് നാലുമാസം കഴിഞ്ഞിട്ടും ഉത്തരവിറങ്ങിയിട്ടില്ലെന്ന് മാത്രമല്ല, സീനിയോറിറ്റി പരിഗണിക്കാതെയുള്ള അസാധാരണ ഉത്തരവ് ഇറക്കിയിരിക്കുകയുമാണെന്നാണ് ആരോപണം.

ഈവർഷം ഫെബ്രുവരിയിൽ ജില്ലക്കുള്ളിലുള്ള എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റ അപേക്ഷ ക്ഷണിച്ചതാണ്. മേയ് മാസം പ്രൊവിഷനൽ ലിസ്റ്റ് ഇറങ്ങിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് വന്നതിനാൽ ഉത്തരവിറങ്ങിയില്ല. ജൂലൈയിൽ സെൻസസും വന്നതോടുകൂടി സെൻസസ് കമീഷൻ സ്ഥലംമാറ്റ ഉത്തരവിന് അനുമതി നൽകിയതുമില്ല. എന്നാൽ, സെൻസസ് ഒന്നാംഘട്ടം പൂർത്തിയായതിന് പിന്നാലെ അധ്യാപക സംഘടനകൾ പ്രതിഷേധിക്കുകയും സെപ്റ്റംബർ 15ന് വിദ്യാഭ്യാസവകുപ്പ് പുതിയ ഉത്തരവിറക്കുകയുമായിരുന്നു.

അതിനിടെ ജൂലൈ 15ന് തസ്തിക നഷ്ടപ്പെട്ട അധ്യാപകർക്ക് കണ്ടീഷനൽ അടിസ്ഥാനത്തിൽ ഒഴിവുള്ള സ്ഥലങ്ങളിൽ സീനിയോറിറ്റി നോക്കാതെ നിയനം നൽകി. അതേസമയം, പുതിയ ഉത്തരവ് പ്രകാരം ഈ സ്ഥലംമാറ്റം അധ്യയനവർഷം തുടരുമെന്ന സൂചനയാണ് നൽകുന്നത്. ഡിവിഷൻ ഫാളിന്റെ അടിസ്ഥാനത്തിൽ സീനിയർ അധ്യാപകരിൽ പലർക്കും ജില്ലയിലെ ദൂരസ്ഥലങ്ങളിലേക്കാണ് സ്ഥലംമാറ്റം കിട്ടിയിരിക്കുന്നത്.

ഓൺലൈൻ സ്ഥലംമാറ്റ നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ പിന്നീട് വരുന്ന നിയമനങ്ങളിൽ പ്രസ്‌തുത വിദ്യാലയത്തിലേക്ക് സ്ഥലംമാറ്റ അപേക്ഷകരുണ്ടെങ്കിൽ പുനഃക്രമീകരണം നടത്തുമെന്ന നിബന്ധനയുടെ അടിസ്ഥാനത്തിൽ ‘കണ്ടീഷനൽ’ ആയാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ഒഴിവുകളെല്ലാം റിപ്പോർട്ട് ചെയ്യുന്നതാണ് പതിവ്. എന്നാൽ, ഇപ്പോൾ ഇറക്കിയ ഉത്തരവിൽ പറയുന്നത് അത് ചെയ്യേണ്ടതില്ലെന്നാണ്.

കൂടാതെ, എച്ച്‌.ടി.വി തസ്‌തികകളിലും എസ്.എസ്.കെയിലും ക്രമീകരിച്ചിട്ടുള്ള അധ്യാപകരെ പൊതുസ്ഥലംമാറ്റത്തിന് പരിഗണിക്കുകയുമില്ല. ഇത് അധ്യാപകരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നാണ് സംഘടനകൾ പറയുന്നത്.

ഈ ഉത്തരവ് പിൻവലിക്കണമെന്നും അധ്യാപകർ അപേക്ഷിച്ച ഇടങ്ങളിലേക്ക് മാറ്റിക്കൊണ്ട് പുതിയൊരുത്തരവ് ഇറക്കണമെന്നുമാണ് അധ്യാപകർ ആവശ്യപ്പെടുന്നത്. വിഷയത്തിൽ കെ.പി.എസ്.ടി.എയും കെ.എസ്.ടി.എയുമടക്കം വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. പുതിയ ഉത്തരവിൽ അപേക്ഷകർക്ക് അപേക്ഷ റദ്ദുചെയ്യാനുള്ള അവസരം നൽകിയെങ്കിലും മാറിയ സാഹചര്യത്തിൽ അപേക്ഷ പുതുക്കാനോ പുതിയ അപേക്ഷ നൽകാനോ ഉള്ള അവസരമില്ല.

Tags:    
News Summary - Online Transfer Anomalies: Teachers Protest in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.