ചെങ്ങന്നൂർ: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 12 വർഷമായി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കടപ്ര പരുമല കാഞ്ഞിരത്തിൻ മൂട്ടിൽ എം.സി. ആന്‍റണി സേവ്യറിന്‍റെ മകൻ മാത്യു കെ. ആന്‍റണിയാണ് (37) മരിച്ചത്.
പരുമലയിൽ സ്റ്റുഡിയോ നടത്തിയിരുന്ന മാത്യുവിന് 2011 നവംബർ 19ന് പാണ്ടനാട്ടിൽ വെച്ചായിരുന്നു ബൈക്കപകടം സംഭവിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ മാത്യു തിരുവല്ല, പരുമല, മാവേലിക്കര എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി 12 വർഷമായി ചികിത്സയിലായിരുന്നു. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി.
ആകെയുണ്ടായിരുന്ന 10 സെൻ്റ് സ്ഥലവും വീടും വിറ്റാണ് മാത്യുവിന്‍റെ കുടുംബം തുടക്കത്തിൽ ചികിത്സകൾ നടത്തിയത്. പിന്നീട് സുമനസുകളുടെ സഹായം തേടേണ്ടി വന്നു. 50 ലക്ഷത്തോളം രൂപ ചികിത്സക്കായി ചിലവഴിച്ചുവെങ്കിലും ദുരിതക്കിടക്കയിലായിരുന്നു മാത്യുവിന്‍റെ പിന്നീടുള്ള ജീവിതം.
പിതാവ് ആൻറണി, മാതാവ് ജസീന്ത, ഏക സഹോദരൻ അജി കെ. ആന്‍റണി എന്നിവർ സദാസമയവും പരിചരിച്ച് വരികെ ശനിയാഴ്ചയായിരുന്നു മാത്യുവിന്‍റെ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.