മുഹമ്മദ് ജാസിം

സൈബർ തട്ടിപ്പുകാർക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച യുവാവ് അറസ്റ്റിൽ; കൊയിലാണ്ടി സ്വദേശിനിയുടെ 23 ലക്ഷം തട്ടിയ കേസിലെ പ്രതിയാണ്

വടകര: സൈബർ തട്ടിപ്പുകാർക്ക് ഇടനിലക്കാരനായി പ്രവർത്തിച്ച യുവാവിനെ കോഴിക്കോട് റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി വാവാട് സ്വദേശി മുഹമ്മദ് ജാസിമി (23) നെയാണ് സൈബർ ക്രൈം ഇൻസ്പെക്ടർ രാജേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

വ്യാജ ട്രേഡിങ് തട്ടിപ്പിലൂടെ കൊയിലാണ്ടി സ്വദേശിനിയുടെ 23 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും ലോൺ ആപ്പ് തട്ടിപ്പിലൂടെ പെരുവണ്ണാമൂഴി സ്വദേശിയുടെ 95,000 രൂപ കേസിലും നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പരാതിക്കാരുടെ നഷ്ടപ്പെട്ട പണമെത്തിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരൂർ സ്വദേശിയായ റിസ്വാൻ, കോഴിക്കോട് പെരുവയൽ സ്വദേശിയായ ആദിൽ ഷിനാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അക്കൗണ്ടുകളും എ.ടി.എം. കാർഡും മുക്കം സ്വദേശിയായ വാളകുണ്ടൻ ഹൗസിൽ ഷാമിൽ റോഷന് കൈമാറിയതായി കണ്ടെത്തിയത്.

തട്ടിയെടുത്ത പണം പിൻവലിക്കുന്നത് ഷാമിൽ റോഷനാണ്. ഷാമിൽ റോഷനെ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്തപ്പോൾ പിൻവലിക്കുന്ന പണം നേരിട്ടും ക്രിപ്റ്റോ കറൻസി ആക്കിയും മുഹമ്മദ് ജാസിമിനാണ് കൈമാറിയിരുന്നത്. ജാസിം ഈ ക്രിപ്റ്റോ കറൻസി കൂടിയ വിലക്ക് ചൈനീസ് സൈബർ തട്ടിപ്പുകാർക്ക് ബിനാൻസ് എക്സ്‌ചേഞ്ചിലൂടെ നൽകി കൊണ്ടിരുന്നതായും കണ്ടെത്തി.

എറണാകുളത്ത് ഒളിവിലായിരുന്ന പ്രതിയെ സൈബർ ക്രൈം പൊലീസ് സംഘം പിടികൂടുകയായിരുന്നു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡിലാണ്. അന്വേഷണ സംഘത്തിൽ എസ്.ഐ. ടി.ബി. ഷൈജു. എസ്.സി.പി.ഒമാരായ ഷഫീർ, അജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ശരത് ചന്ദ്രൻ, ദീപക് സുന്ദരൻ എന്നിവർ ഉണ്ടായിരുന്നു.

Tags:    
News Summary - Young man arrested for acting as an intermediary for cyber fraudsters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.