രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരായ ലൈംഗികാരോപണ കേസില്‍ മൊഴി നല്‍കിയതിന് പിന്നാലെ സമൂഹമാധ്യമ അക്കൗണ്ട് വഴി നിലപാട് ആവര്‍ത്തിച്ച് യുവനടി. നിയമവഴിയിലേക്ക് ഇല്ലെന്ന് പറഞ്ഞതിനർഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലെന്ന് നടി വ്യക്തമാക്കി. ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞു പോകുന്നവയല്ല. അത് സത്യസന്ധമാണ്. നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും നടി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരായ ലൈംഗികാരോപണ കേസില്‍ പരാതി ഉന്നയിച്ച യുവനടി ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
മാധ്യമങ്ങളിലൂടെ രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നടി ആവര്‍ത്തിച്ചു. രാഹുല്‍ അയച്ച സന്ദേശങ്ങൾ നടി സംഘത്തിന് കൈമാറി. നിയമനടപടികളിലേക്ക് പോകാൻ താല്പര്യമില്ലെന്നും അവർ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
ആരോപണം ഉന്നയിച്ച മറ്റൊരു യുവതിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് സമയം ചോദിച്ചെങ്കിലും വിസമ്മതിക്കുകയായിരുന്നു. പൊലീസ് വീണ്ടും സമീപിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. രാഹുല്‍ നിര്‍ബന്ധിച്ച് ഗർഭഛിദ്രം നടത്തിയ യുവതിയുമായി പൊലീസ് സംസാരിച്ചെങ്കിലും അവരും നിയമനടപടിക്ക് തയാറായില്ല.
നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഇല്ലെന്ന് യുവനടി അടക്കമുള്ളവര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. നടി നല്കിയ മൊഴി പരാതിയായി കണ്ട് തുടര്‍നടപടികള്‍ സ്വീകരിക്കാനാവുമോയെന്നാണ് ആലോചിക്കുന്നത്.
അതിനിടെ, രാഹുലിനെതിരായ ലൈംഗികാരോപണത്തിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഗൂഢാലോചനയാണെന്നും ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവായ യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്കി. രാഹുലിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇ- മെയില്‍ വഴി പരാതി നല്കിയ യുവതിയാണ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.