മഞ്ഞക്കൊന്ന നിർമാർജനം : നിഗൂഢത മാറ്റണമെന്ന് പ്രകൃതി സംക്ഷണ സമിതി

കൽപ്പറ്റ: വയനാടൻ കാടുകളിലെ മഞ്ഞക്കൊന്ന നിർമാർജനത്തിലെ നിഗൂഢത മാറ്റണമെന്ന് വയനാട് പ്രകൃതി സംക്ഷണ സമിതി. മഞ്ഞക്കൊന്ന നിർമാർജനം ചെയ്യാൻ കെ.പി.പി.എല്ലുമായി സംസ്ഥാന സർക്കാർ കരാറുണ്ടാക്കി പുറപ്പെടുവിച്ച ഉത്തരവ് അവ്യക്തവും ഗൂഢാത്മകവുമാണ്. ഉത്തരവിൽ ഓപ്പറേറ്റിങ് പ്രൊസീജിയർ പോലും നിർദേശിച്ചിട്ടില്ല. മഞ്ഞക്കൊന്നയും മറ്റു അധിനിവേശ സസ്യങ്ങളും കാട്ടിൽ നിന്നും മാറ്റേണ്ടത് അത്യാവശ്യമായതിനാൽ അതിനുള്ള സർക്കാർ ശ്രമം സ്വാഗതാർഹമാണ്. എന്നാൽ ഇതിന്റെ മറവിൽ നടക്കുന്ന ഗൂഢനീക്കങ്ങളെയും ഒളി അജണ്ടകളെയും അംഗീകരിക്കാൻ സാധ്യമല്ല.

തമിഴ്നാട് സർക്കാർ നീലഗിരി ജൈവ മേഘലയിലെ മഞ്ഞക്കൊന്ന വേരോടെ പിഴുതുമാറ്റാൻ മെട്രിക്ക് ടണ്ണിന്ന് 350 രൂപ നിരക്കിലാണ് കരാറൊപ്പിട്ടത്. നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ഇപ്പോൾ മഞ്ഞക്കൊന്ന മുറിച്ചു മാറ്റിക്കൊണ്ടിരിക്കുന്നത് മെട്രിക്ക് ടെണ്ണിന്ന് 1800 രൂപ നിരക്കിലാണ്. കുറ്റികളും വേരും ഡിപ്പാർട്ട്മെൻറ് ചിലവിൽ പിഴുത് മാറ്റിക്കൊണ്ടിരിക്കയാണ്. പൊതു മാർക്കറ്റിൽ 2000 ലധികം വിലയുള്ള മഞ്ഞക്കൊന്നമരം 350 രൂപ നിരക്കിൽ നൽകുന്നത് ന്യായീകരിക്കാൻ വയ്യ.

തമിഴ്നാട് സർക്കാർ ഇന്ത്യയിലേറ്റവും മികച്ച വിദഗ്ദരുടെ സമിതിയുണ്ടാക്കി പoനം നടത്തി ഡീറ്റെയിൽ പ്രൊജക്ട് റിപ്പോർട്ട് (ഡി.പി.ആർ) ഉണ്ടാക്കി ഹൈകോടതിയിൽ സമർപ്പിച്ച് നാഷണൽ വൈൽഡ് ലൈഫ് ബോർഡിൻ്റെ അംഗീകാരത്തോടെയും വളരെ കരുതലോടെയും തയാറെടുപ്പോടെയുമാണ് മഞ്ഞക്കൊന്ന ഉന്മൂലനം ചെയ്യുന്നത്. സംസ്ഥാനത്താകട്ടെ ഇക്കാര്യത്തിൽ പഠനമൊന്നും ഇതുവരെ നടത്തിയിട്ടില്ല.

നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെ മഞ്ഞക്കൊന്ന മുറിച്ചു മാറ്റിയാൽ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കും. മുറിച്ച മരക്കുറ്റിയിൽ നിന്നും നിരവധി ചെറുതൈകൾ മുളച്ചുപൊന്തും. ചുറ്റും പടർന്ന ചെറുവേരുകളിൽ നിന്നുവരെ നൂറുകണക്കിന് തൈകൾ മുളക്കും. ഇവ രണ്ടു വർഷം കൊണ്ട് വളർച്ചയെത്തി പുഷ്പിക്കുകയും വിത്തു വിതരണം നടത്തുകയും ചെയ്യും.

പ്രാദേശിക കർഷകരും പരിസ്ഥിതി പ്രവർത്തകരും പഞ്ചായത്ത് പ്രതിനിധികളും അടങ്ങിയ നിരീക്ഷണ സംവിധാനം ഒരുക്കുകയും ചെയ്യണം. മഞ്ഞക്കൊന്ന നിർമാർജനത്തിന്റെ പേരിൽ വനം കൊള്ളയടിക്കുന്നതിനു എതിരെ ജാഗ്രത പാലിക്കണമെന്ന് പ്രകൃതിസംരക്ഷണ സമിതി നേതാക്കളായ എൻ.ബാദുഷയും തോമസ് അമ്പലവയലും പ്രസാവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Yellowstone Eradication: Nature Conservation Committee Wants to End the Mystery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.