സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മുന്‍കരുതലിന്റെ ഭാഗമായി ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയത്. നാളെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.

കഴിഞ്ഞ ദിവസം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ നൽകിയിരുന്ന കടലാക്രമണ മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രതാ നിർദേശം നൽകി. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.

കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ കെ.എസ്.ഇ.ബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണമെന്ന നിർദേശവും ഉണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.