പി. നന്ദകുമാറിന്‍റെ പ്രസ്താവന മലപ്പുറത്തെ അവഹേളിക്കുന്നത്; സമസ്ത മുശാവറ യോഗത്തിൽ പ്രമേയം

കോഴിക്കോട്: സി.പി.എം നേതാവ് പി. നന്ദകുമാറിന്‍റെ പ്രസ്താവന മലപ്പുറം ജില്ലയെ അവഹേളിക്കുന്നതാണെന്ന് മുശാവറ യോഗത്തിൽ സമസ്തയുടെ പ്രമേയം. പ്രസ്താവന അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കോഴിക്കോട്ട് ചേർന്ന കേന്ദ്ര മുശാവറ യോഗം വ്യക്തമാക്കി.

മതസൗഹാർദത്തിനും മനുഷ്യ സ്നേഹത്തിനും പേര് കേട്ട ജില്ലയാണ് മലപ്പുറം. നന്ദകുമാറിന്റെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഇത്തരം പ്രസ്താവനകൾ ജനങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കാനും അകൽച്ച ഉണ്ടാക്കാനും മാത്രമേ ഉപകരിക്കൂ. രാജ്യത്ത് വർഗീയ കലഹങ്ങൾ ഏറ്റവും കുറവുള്ള ജില്ലകളിലൊന്നാണ് മലപ്പുറമെന്ന് നിഷ്പക്ഷമതികൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും ജില്ലയുടെ ഈ മാതൃക തുടർന്നും നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും യോഗം അഭ്യർഥിച്ചു.

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്നായിരുന്നു സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ നന്ദകുമാർ പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.കെ ശൈലജ അടക്കമുള്ള മുതിർന്ന പാർട്ടി നേതാക്കൾ വേദിയിലിരിക്കെയാണ് മുൻ എം.എൽ.എയുടെ പരാമർശം. വിവാദമായതോടെ വിശദീകരണവുമായി നന്ദകുമാർ രംഗത്തുവന്നിരുന്നു. ജില്ലയെ വർഗീയവാദികളുടെ കൂടാക്കാൻ അനുവദിക്കില്ലെന്ന ആശയമാണ് ഉദ്ദേശിച്ചതെന്നാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. പ്രസംഗത്തിലെ പരാമർശം തെറ്റായിരുന്നോയെന്ന ചോദ്യത്തിന്, മാധ്യമങ്ങൾക്ക് അത് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം, വോട്ടർ പട്ടികയിൽ ചട്ടങ്ങൾ ലംഘിച്ച് മാറ്റങ്ങൾ വരുത്തുകയും ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം നിഷേധിക്കുകയും ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ തൽസ്ഥാനം രാജിവെക്കണമെന്നും സമസ്ത യോഗം ആവശ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങൾ ഭരണകൂടത്തിന്റെ ചട്ടുകമായി മാറാൻ പാടില്ലെന്ന് സമസ്ത ഓർമിപ്പിച്ചു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.പി. ഉമർ മുസ്ലിയാർ കൊയ്യോട്, കെ. ഉമർ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട് തുടങ്ങി നേതാക്കൾ പങ്കെടുത്തു.

Tags:    
News Summary - P. Nandakumar's statement insults Malappuram; resolution passed in Samastha Mushawara meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.