ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും; കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത വികസനം ഉൾപ്പെടെയുള്ള വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ.
യോഗത്തിൽ കേരളത്തിന്റെ റോഡ്-ഗതാഗത മേഖലയുടെ വികസനം വേഗത്തിലാക്കുന്നതിനുള്ള നിരവധി നിർണായക തീരുമാനങ്ങൾ ഉണ്ടായെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. ദേശീയപാത 66 വികസനത്തിലെ കാലതാമസം പരിഹരിച്ച് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.
ദേശീയപാത 966 കോഴിക്കോട്-പാലക്കാട് പദ്ധതിയുടെ തുടർ അംഗീകാരം മൂന്ന് മാസത്തിനകം നൽകുമെന്ന് ഉറപ്പ് ലഭിച്ചു. പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ 80 ശതമാനം പൂർത്തിയായിട്ടുണ്ടെന്നും മുഖ്യമന്ത്രി കുറിപ്പിൽ പറയുന്നു.
തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിക്ക് ആവശ്യമായ കേന്ദ്ര മന്ത്രിസഭാ അനുമതി ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ദേശീയപാത വികസനത്തിന് ആവശ്യമായ പുഴമണലും ക്വാറി മെറ്റീരിയലും ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. ശബരിമല റോപ്പ് വേ പദ്ധതിയുടെ ഡി.പി.ആർ തയാറാക്കി ആവശ്യമായ കേന്ദ്ര-സംസ്ഥാന അനുമതികൾ വേഗത്തിലാക്കാനും പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ധാരണയായി. വെസ്റ്റേൺ എറണാകുളം ബൈപാസ്, കോതമംഗലം-മൂവാറ്റുപുഴ ബൈപാസുകൾ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്റ്റിവിറ്റി എന്നിവ ഉൾപ്പെടെ കേരളത്തിലെ മറ്റ് റോപ്പ് വേ പദ്ധതികളും വേഗത്തിലാക്കണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിന്റെ റോഡ്-ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര-സംസ്ഥാന സഹകരണത്തോടെ പദ്ധതികൾ സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നിർണായക തീരുമാനങ്ങളാണ് കൂടിക്കാഴ്ചയിൽ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.