സർക്കാറിന്റെ 100ദിന കർമ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ആർട്സ് കോളജിൽ സംഘടിപ്പിച്ച വൺ കോളജ് വൺ ഇന്നൊവേഷൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ റോജി.എം ജോണിനെതിരെ പ്രതിഷേധിക്കുന്ന കോളജിലെ എസ്.എഫ്.ഐ പ്രവർത്തകർ
പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ; എന്തിനെന്ന് പൊതുസമൂഹം വിലയിരുത്തുമെന്ന് മന്ത്രി റോജി എം. ജോൺ
തിരുവനന്തപുരം: മുദ്രവാക്യം വിളിച്ച് മന്ത്രി പങ്കെടുത്ത പരിപാടി ബഹിഷ്കരിച്ച് എസ്.എഫ്.ഐ പ്രവർത്തകർ, എന്തിനാണ് പ്രതിഷേധമെന്ന് പൊതുസമൂഹം വിലയിരുത്തുമെന്ന് മന്ത്രി റോജി എം. ജോണും. സംസ്ഥാന സർക്കാറിന്‍റെ നൂറ്ദിന കർമ പരിപാടിയുടെ ഭാഗമായി ആർട്സ് കോളജിൽ സംഘടിപ്പിച്ച ‘വൺ കോളജ് വൺ ഇന്നൊവേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ റോജി.എം ജോണിനെതിരെയായിരുന്നു എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം.
മന്ത്രി ചടങ്ങിലേക്ക് കടന്നുവന്നപ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി നിലകൊണ്ടു. തുടർന്ന് പരിപാടി ആരംഭിക്കും മുമ്പ് അവർ അത് ബഹിഷ്കരിച്ച് പോകുകയുമായിരുന്നു. കഴിഞ്ഞദിവസം യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ മർദിച്ച കന്‍റോൺമെന്‍റ് സി.ഐ സതീഷ് കുമാറിനെയും എസ്.ഐ ഗോകുൽ ഗോപനെയും മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവർത്തകർ പരിപാടി ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചത്.
കാമ്പസുകളിലെ പ്രതിഷേധത്തിന് താൻ എതിരല്ലെന്നും കാമ്പസുകൾ ജനാധിപത്യത്തിന്‍റെ വേദികളാണെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി റോജി.എം.ജോൺ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. താനുൾപ്പടെ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്നവരാണ്. വിദ്യാർഥികൾക്കും, വിദ്യാർഥി സംഘടനകൾക്കും തങ്ങളാളാരും എതിരല്ല. അതേസമയം എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നതും, എന്ത് വിഷയമാണ് ഉന്നയിക്കുന്നതെന്നതും പൊതു സമൂഹം വിലയിരുത്തും. യൂനിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ നടന്നതിനെ പറ്റി പോലീസ് കൃത്യമായി അന്വേഷിക്കുന്നുെണ്ടന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.