ഇന്ന് യെല്ലോ അലേർട്ട്: മഴ കനക്കുന്നു; കണ്‍ട്രോള്‍ റൂം തുറന്നു

കൽപറ്റ: ജില്ലയിലും കാലവർഷം ശക്തിപ്രാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മുൻകരുതലുകളുടെ ഭാഗമായി ശനിയാഴ്ച ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

ശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മുന്നൊരുക്കങ്ങളുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അടിയന്തര സാഹചര്യത്തില്‍ ഈ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.

ജില്ല കണ്‍ട്രോള്‍ റൂം:
1077 (ടോള്‍ ഫ്രീ), 04936 204151, 04936 203939, 80784 09770, 95268 04151
താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍:
സുല്‍ത്താന്‍ ബത്തേരി: 04936 223355, 9447097707
മാനന്തവാടി താലൂക്ക്: 04935241111, 9061742901
വൈത്തിരി താലൂക്ക്: 04936 256100, 9447097705

പഞ്ചായത്ത്തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കും
കൽപറ്റ: കാലവര്‍ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ ഇടപെടല്‍ നടത്താന്‍ പഞ്ചായത്ത്തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ വൈത്തിരി താലൂക്കിലെ മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങള്‍ തിങ്കളാഴ്ചക്കകം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. ഇവിടെ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു. നിലവില്‍ കലക്‌ടറേറ്റിലും താലൂക്ക്തലത്തിലും പ്രവര്‍ത്തിക്കുന്ന മുഴു സമയ കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെയാണ് പഞ്ചായത്ത്തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ജില്ല നേരിട്ട പ്രളയാനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് നടപടി.

നാലുതരം ക്യാമ്പുകള്‍ തുറക്കും
കോവിഡ് പശ്ചാത്തലത്തില്‍ നാലു തരത്തില്‍പ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളാണ് തുറക്കുക. എ,ബി,സി,ഡി തലത്തിലാണ് ഇവ നിര്‍ണയിച്ചിരിക്കുന്നത്. ‘എ’ വിഭാഗത്തില്‍ ജനറല്‍ വിഭാഗത്തില്‍പെട്ടവരെ പ്രവേശിപ്പിക്കും. ‘ബി’ വിഭാഗത്തില്‍ 60 വയസ്സിന് മുകളിലുള്ളവർ. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ‘സി’ വിഭാഗത്തിൽ പാര്‍പ്പിക്കും. ‘ഡി’ വിഭാഗം ഹോം ക്വാറൻറീനില്‍ താമസിക്കുന്നവര്‍ക്കാണ്. പഞ്ചായത്ത്തലത്തില്‍ ഇത്തരത്തില്‍ ക്യാമ്പുകള്‍ തയാറാക്കുന്നതിനുള്ള കെട്ടിടങ്ങള്‍ കണ്ടെത്താന്‍ നേരത്തേതന്നെ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വൈത്തിരി താലൂക്കില്‍ 97 കെട്ടിടങ്ങള്‍ കണ്ടെത്തി.

ഇതില്‍ ‘എ’ വിഭാഗത്തിനായി അറുപതും ‘ബി’ വിഭാഗത്തില്‍ പതിനഞ്ചും ‘സി’ വിഭാഗത്തില്‍ പന്ത്രണ്ടും ‘ഡി’ വിഭാഗത്തിന് പത്തും കെട്ടിടങ്ങള്‍ മാറ്റിവെക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്താനും യോഗം പഞ്ചായത്തുകളോട് നിര്‍ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തുമ്പോള്‍ മുന്‍വര്‍ഷങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് എം.എല്‍.എ പറഞ്ഞു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പുറമ്പോക്കിലും പണി പൂര്‍ത്തിയാകാത്ത വീടുകളില്‍ താമസിക്കുന്നവരുടെയും വിവരങ്ങള്‍ പഞ്ചായത്ത്തലത്തില്‍ ശേഖരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണം
പ്രളയസാധ്യതക്കൊപ്പം മറ്റ് മഴക്കെടുതികളും നേരിടാനുള്ള തയാറെടുപ്പുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് നിര്‍ദേശം നല്‍കി. 
അടിയന്തരഘട്ടങ്ങള്‍ക്ക് ആവശ്യമായ ബോട്ടുകള്‍, വണ്ടികള്‍, ക്രെയിനുകള്‍, മണ്ണുമാന്തികള്‍, ദുരിതാശ്വാസത്തിന് ആവശ്യമായ മറ്റ് വസ്തുക്കള്‍ എന്നിവ പഞ്ചായത്ത്തലത്തില്‍ തന്നെ ഉറപ്പാക്കണം. എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകളെയും സജ്ജമാക്കണം. 

പൊതുസ്ഥലങ്ങളിലും സ്വകാര്യഭൂമിയിലും അപകടകരമായ മരങ്ങളും ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണം. 

തോടുകളിലും നീര്‍ച്ചാലുകളിലുമുള്ള തടസ്സങ്ങള്‍ നീക്കം ചെയ്ത്​ സുഗമമായ രീതിയില്‍ വെള്ളം ഒഴുകി പോകാനുള്ള നടപടികളും സ്വീകരിക്കണം. അപകടമേഖലകളില്‍ സൂചന ബോര്‍ഡ് സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും തീരുമാനമായി. യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക, എ.എസ്.പി വിവേക് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
 

Tags:    
News Summary - yellow alert heavy rain prediction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.