സ്നേ​ഹ​വി​രു​ന്നി​ൽ യ​മു​ന​ക്ക് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

സ്നേഹവായ്പിന്റെ കരംപിടിച്ച് യമുന നടക്കുന്നു...

കൽപറ്റ: തളർന്നുപോയ സ്വപ്നങ്ങളെ സൗഹൃദങ്ങളുടെ നിറഞ്ഞ സ്നേഹത്തിൽ കൊരുത്ത് വീണ്ടെടുക്കുകയാണ് യമുന. ഒരു വർഷം മുമ്പ് പക്ഷാഘാതം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട യമുനക്കു മുന്നിൽ പിന്തുണയുടെ കരങ്ങൾ നീട്ടി പഴയ കൂട്ടുകാർ ഒന്നിച്ചു. കോഴിക്കോട് സാമൂതിരി ഗൂരുവായൂരപ്പൻ കോളജിലെ പൂർവ വിദ്യാർഥികളും വിരമിച്ച അധ്യാപകരും അനധ്യാപകരുമൊരുമിച്ച് ചേർന്ന് രൂപംനൽകിയ ഇസഡ്.ജി.സി കമ്യൂൺ ആണ് മാതൃക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. 1987- 1992 കാലത്ത് സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ ബി.എസ്.സി സുവോളജി വിദ്യാർഥിനിയായിരുന്നു കൽപറ്റ പുൽപാറയിലെ യമുന.

അടുത്തിടെ അപ്രതീക്ഷമായെത്തിയ രോഗം യമുനയെ തളർത്തി. സാമ്പത്തിക വിഷമതകൾ പ്രയാസം തീർത്തു. യമുനയുടെ അവസ്ഥ മനസ്സിലാക്കിയ പൂർവ വിദ്യാർഥി കൂടിയായ കൽപറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് തുടർചികിത്സക്ക് നേതൃത്വം നൽകാൻ രംഗത്തെത്തി. തുടർചികിത്സയും വീടിന്റെ നവീകരണവും കുടിവെള്ളത്തിനുള്ള കിണർ നിർമാണവുമെല്ലാം കോളജ് കൂട്ടായ്മ ഏറ്റെടുത്തു. റൂം നമ്പർ 41 എന്ന ഗ്രൂപ്പുകാരാണ് കിണർ കുഴിക്കുന്നതിന് നേതൃത്വം നൽകിയത്. പതിയെ ഫിസിയോ തെറപ്പിയിലൂടെ സ്വന്തമായി നടക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് യമുന എത്തി. കഴിഞ്ഞ ദിവസം ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ കമ്യൂൺ പ്രവർത്തകർക്കും യമുനയുടെ അയൽവാസികൾക്കും ജനപ്രതിനിധികൾക്കുമായി വീട്ടിൽ സ്നേഹവിരുന്നൊരുക്കി. അതിനു നടുവിൽ സന്തോഷത്തോടെ യമുന നിന്നു.

കൽപറ്റ മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് മുഖ്യപ്രഭാഷണം നടത്തി. കണ്ണുനനഞ്ഞ് യമുനയുടെ ഭർത്താവ് ശശി കൂട്ടായ്മക്ക് നന്ദി പറഞ്ഞു. ഇസഡ്.ജി.സി കമ്യൂൺ ചെയർമാൻ പ്രഫ. പി. പത്മനാഭൻ, കൗൺസിലർ സാജിദ, കമ്യൂൺ ഭാരവാഹികളായ പ്രഫ. കെ. മാധവൻ നായർ, എ. സുന്ദരൻ, പി.ടി. രഞ്ജൻ, കെ.എൻ. ഗോപിനാഥൻ, കെ.സി. ശശിധരൻ, ടി.കെ. രാജേന്ദ്രൻ, കെ. ശശിധരൻ, ടി. ഷീബ, ശശികുമാർ കാവാട്ട്, പപ്പൻ പിണങ്ങോട്, സൗമിനി വിൽസൺ, ടി.കെ. ദിലീപ് കുമാർ, മനോജ് പൊന്നമ്പറമ്പത്ത് എന്നിവർ സംസാരിച്ചു. സദ്യയും സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവ വിദ്യാർഥികളുടെ ഗാനാലാപനവും പരിപാടിക്ക് മാറ്റ് കൂട്ടി. ചികിത്സക്കും വീട് നവീകരണത്തിനും നേതൃത്വം കൊടുത്ത ടി. സിദ്ദീഖ് എം.എൽ.എ, പപ്പൻ പിണങ്ങോട്, സൗമിനി വിൽസൺ, മനോജ് പൊന്നമ്പറമ്പത്ത്, എം.കെ. അനൂപ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

Tags:    
News Summary - Yamuna walks in the arms of love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.